കൽപറ്റ: വയനാട് ജില്ലയിലെ വലിയ വിഭാഗം ജനങ്ങൾ കടുത്ത പട്ടിണിയിലേക്ക്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അടക്കം കാലവർഷെക്കടുതി നേരിട്ട് ബാധിച്ചിട്ടിെല്ലങ്കിലും നാട് വൻ പ്രതിസന്ധികളിൽപെട്ടുഴലുേമ്പാൾ അഷ്ടിക്ക് വകയില്ലാതായത് ആയിരങ്ങൾക്കാണ്. ജില്ലയിലെ കൂലിപ്പണിക്കാരായ സാധാരണക്കാർക്ക് പണിയില്ലാതായിട്ട് ദിവസങ്ങളായി. കാലവർഷം കനത്തുപെയ്യാൻ തുടങ്ങിയശേഷം പണിക്കുപോകാൻ കഴിയാത്ത ആദിവാസികളും സാധാരണക്കാരും ചെറുകിട കർഷകരുമടക്കം ഒേട്ടറെേപ്പർ ദാരിദ്ര്യത്തിലാണ്.
‘കാലവർഷക്കെടുതികൾക്കിരയായവരെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിക്കുകയും സർക്കാറും സന്നദ്ധ സംഘടനകളുമൊക്കെ അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നുമുണ്ട്. എന്നാൽ, വീട്ടിൽ വെള്ളം കയറിയില്ലെന്നതൊഴിച്ചാൽ ഞങ്ങൾ നേരിടുന്ന പ്രതിസന്ധി പറഞ്ഞറിയിക്കാനാവാത്തതാണ്. അന്നന്ന് ജോലിചെയ്ത് ജീവിക്കുന്നയാളുകളാണ് ഞങ്ങൾ. ചുറുപാടും വെള്ളം കയറി ഒറ്റപ്പെടുകയും കനത്ത മഴ തുടരുകയും ചെയ്യുന്നതിനാൽ പണിക്കൊന്നും പോകാനാവില്ല. ഇപ്പോൾ വീട്ടിൽ അടുപ്പ് പുകയാത്ത അവസ്ഥയാണ്.’ വെങ്ങപ്പള്ളി പഞ്ചായത്തിലെ തെക്കുംതറയിൽ കൂലിപ്പണിക്കാരനായ ഗോപിനാഥ് പറയുന്നു. പനമരത്ത് വാടകവീട്ടിൽ താമസിച്ച് കൂലിപ്പണിയെടുക്കുന്ന അബ്ദുറസാഖും ഇതേ അനുഭവം പങ്കുവെക്കുന്നു.
വാഴകൃഷി, നെൽകൃഷി, തോട്ടപ്പണി, മരംമുറി, നിർമാണം തുടങ്ങി വിവിധ മേഖലകളിൽ കൂലിപ്പണിയെടുക്കുന്നവരാണ് വയനാട്ടിലെ ജനങ്ങളിൽ അധികവും. ജോലിയില്ലാതായതോടെ നിത്യവൃത്തിക്ക് ഏെറ ബുദ്ധിമുട്ടുകയാണിവർ. ജില്ലയിൽ പ്രളയദുരിതബാധിതരല്ലാത്ത ആദിവാസി കോളനികളിലുള്ളവരും കടുത്ത പട്ടിണിയിലാണ്. വെള്ളം കയറിയ കോളനികളിലുള്ളവരെ അധികൃതർ സംരക്ഷിക്കുേമ്പാൾ പട്ടിണിയിൽ കഴിയുന്ന തങ്ങൾ അവഗണിക്കപ്പെടുകയാണെന്ന് കോട്ടത്തറ പുഷ്പത്തൂർ കോളനിയിലെ കെമ്പി പറഞ്ഞു. ഇതിനടുത്ത് വീട്ടിയേരി, കാലാറ, ചെമ്പ്രാട്ട്കുന്ന് തുടങ്ങി നിരവധി കോളനികളിലുള്ള ആദിവാസികളും പണിയൊന്നുമില്ലാതെ പട്ടിണിയിലാണ്. ഇതര ജില്ലകളിൽനിന്നെത്തുന്ന സഹായങ്ങളും ദുരിതബാധിത പ്രദേശങ്ങളിലും ക്യാമ്പുകളിലും മാത്രമായൊതുങ്ങുന്നു.
തെക്കുംതറ കാരാറ്റപ്പടിയിൽ ദിവസങ്ങളായി വെള്ളംകയറി ഒറ്റപ്പെട്ടു കിടക്കുന്ന മാമ്പിലിച്ചകുന്ന്, പൊന്നേങ്കാട്കുന്ന് എന്നിവിടങ്ങളിലുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതായിട്ട് ദിവസങ്ങളായി. ജില്ലയിൽ ഇത്തരത്തിലുള്ള നിരവധി സ്ഥലങ്ങളിൽ പട്ടിണി പിടിമുറുക്കിത്തുടങ്ങി. ആളുകളുടെ കൈയിൽ പണമില്ലാത്തതിനാൽ നാട്ടിൻപുറങ്ങളിലെ കടകളിൽ കച്ചവടം നാലിലൊന്നായി കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ പിടിച്ചുനിൽക്കാൻ സർക്കാർ സഹായത്തിനെത്തണമെന്ന ആവശ്യമാണ് വയനാട്ടിലെ സാധാരണക്കാർ ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.