ചരിത്രനേട്ടത്തിനരികെ അദീല അബ്​ദുല്ല; പ്രധാനമന്ത്രിയുടെ പുരസ്​കാരത്തിനുള്ള പട്ടികയുടെ ആദ്യ നാലിൽ

കൽപറ്റ: ഐ.എ.എസ്​ ഉദ്യോഗസ്​ഥർക്ക്​ നൽകുന്ന പ്രധാനമന്ത്രിയുടെ പുരസ്​കാരത്തിനുള്ള അവസാന നാല്​ പേരുടെ പട്ടികയിൽ വയനാട്​ കലക്​ടർ ഡോ. അദീല അബ്​ദുല്ല ഇടം നേടി. പ്രവർത്തന മികവിന്​ രാജ്യത്തെ മികച്ച കലക്​ടർമാർക്ക്​ നൽകുന്ന പുരസ്​കാരമാണിത്​. 718 കലക്​ടർമാരിൽ നിന്നും തയാറാക്കിയ 12 പേരുടെ ചുരുക്കപ്പട്ടികയിൽ നേരത്തെ അദീല ഇടം നേടിയിരുന്നു.

മുന്‍ഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിനുള്ള പട്ടിക തയാറാക്കുന്നത്. പുരസ്‌കാര ജേതാവിനെ കണ്ടെത്താൻ സെപ്​റ്റംബർ 11ന്​ നടന്ന രണ്ടാംഘട്ട മൂല്യനിർണയത്തിലാണ് അദീല വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് . 12 പേരുടെ പട്ടികയിൽ ആറാമതായായിരുന്നു അദീല​. അദീലയടക്കം ദക്ഷിണേന്ത്യയിൽ നിന്ന്​ അഞ്ച്​ കലക്​ടർമാരാണ്​​ പ്രാഥമിക പട്ടികയിൽ ഇടം നേടിയിരുന്നത്​.

പ്രവര്‍ത്തന നേട്ടങ്ങളെ കുറിച്ച് കലക്ടര്‍മാര്‍ 15 മിനിറ്റ്​ ദൈർഘ്യമുള്ള പവര്‍ പോയിൻറ്​ അവതരണം നടത്തിയിരുന്നു. കാർഷിക മേഖലയിൽ കൂടുതൽ പദ്ധതിക്ക് വായ്പ ലഭ്യമാക്കിയതടക്കമുള്ള പ്രവർത്തനങ്ങളാണ്​ അദീലക്ക്​ സഹായകമായത്​.

കർണാടക -തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല ആയതിനാൽ തന്നെ കോവിഡ്​ വ്യാപനം തടയാൻ വയനാട്ടിൽ പഴുതടച്ച സംവിധാനം നടപ്പാക്കിയിരുന്നു. മുത്തങ്ങ ചെക്​പോസ്​റ്റിൽ കലക്ടറുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചത്.

34കാരിയായ അദീല അബ്ദുല്ല 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അദീല 2019 നവംബറിലാണ് വയനാട് ജില്ല കലക്ടറായി ചുമതലയേറ്റത്. മലബാറില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ പാസാവുന്ന ആദ്യ മുസ്‌ലിം വനിതയെന്ന ചരിത്ര നേട്ടത്തിനുടമയാണ് ഡോ. അദീല അബ്ദുല്ല.

കുറ്റ്യാടി വടയം സ്വദേശി നെല്ലിക്കണ്ടി അബ്ദുല്ലയുടെയും നാദാപുരം ടി.ഐ.എം ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന ബിയ്യാത്തുവിൻെറയും മകളാണ്. പെരിന്തല്‍മണ്ണ ഏലംകുളംകുന്നക്കാവ് സ്വദേശിയായ ഡോ. റബീഹ് ആണ് ഭര്‍ത്താവ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.