പിരിച്ചുവിട്ട സി.ഡബ്ല്യു.സി അംഗത്തെ ബാലാവകാശ കമീഷനിൽ ഉൾപ്പെടുത്തിയത് വിവാദത്തിൽ

കൽപറ്റ: കൊട്ടിയൂർ പീഡനക്കേസിൽ ആരോപണനിഴലിലായതിനെ തുടർന്ന് പിരിച്ചുവിട്ട വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗത്തെ സംസ്​ഥാന ബാലാവകാശ സംരക്ഷണ കമീഷനിൽ അംഗമാക്കിയത് വിവാദത്തിൽ. സി.പി.എം വയനാട് ജില്ല കമ്മിറ്റി അംഗം ടി.ബി. സുരേഷി​െൻറ നിയമനമാണ് വിവാദത്തിന് വഴിയൊരുക്കിയത്. സുരേഷിനു പുറമെ, കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. ശ്രീല മേനോനെയും മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ബാലാവകാശ സംരക്ഷണ കമീഷനിൽ അംഗമാക്കിയതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

കൊട്ടിയൂർ പീഡനക്കേസിൽ ഗുരുതര ആരോപണം നേരിട്ട വയനാട് സി.ഡബ്ല്യു.സി ചെയർമാൻ ഫാ. തോമസ്​ ജോസഫ് തേരകത്തെയും  അംഗം സിസ്​റ്റർ ഡോ. ബെറ്റിയെയും നീക്കം ചെയ്തിരുന്നു. സംഭവത്തിൽ സി.ഡബ്ല്യു.സിക്കെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിച്ച ജില്ല ചൈൽഡ് െപ്രാട്ടക്​ഷൻ ഓഫിസർ പ്രാഥമിക റിപ്പോർട്ട് മാത്രമാണ് സമർപ്പിച്ചത്. ഇതിൽ സുരേഷ് അടക്കം മൂന്നു അംഗങ്ങളുടെ ഭാഗത്തുനിന്ന് പിഴവുകൾ സംഭവിച്ചതായി പരാമർശമുണ്ട്. സംഭവത്തിൽ അന്തിമ റിപ്പോർട്ട് ഇതുവരെ നൽകിയിട്ടില്ല. അന്വേഷണം പൂർത്തിയാകുന്നതുവരെ മാറിനിൽക്കണമെന്ന് സാമൂഹിക നീതി വകുപ്പ് ആവശ്യപ്പെട്ട മൂന്ന് അംഗങ്ങളിൽ ഒരാളാണ് സുരേഷ്.

മുൻകാലങ്ങളിൽ ബാലാവകാശ ലംഘനങ്ങളിൽ പങ്കാളികളായവരെ സംസ്​ഥാന ബാലാവകാശ സംരക്ഷണ കമീഷനിൽ ചെയർമാനും അംഗങ്ങളുമായി നിയമിക്കരുതെന്നാണ് ചട്ടം. ഇതു മറികടന്നാണ് സുരേഷിനെയും ശ്രീലയെയും ബാലാവകാശ സംരക്ഷണ കമീഷനിൽ ഉൾപ്പെടുത്തിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പനമരം ചെറുകാട്ടൂരിലെ സൺഡേ സ്​കൂൾ അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പതിനേഴുകാരി കോഴിക്കോട്ടെ ആശുപത്രിയിൽ പ്രസവിക്കുകയും കുഞ്ഞിനെ അനാഥശാലയിലേക്ക് മാറ്റുകയും  ചെയ്ത സംഭവത്തിൽ കോഴിക്കോട് സി.ഡബ്ല്യു.സിയുടെ ഭാഗത്തുനിന്ന് പിഴവുകൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. 

അതേസമയം, കൊട്ടിയൂർ സംഭവം നടക്കുന്ന സമയത്ത് താൻ തിരുവനന്തപുരത്തായിരുന്നുവെന്ന് ഇതേക്കുറിച്ച ചോദ്യത്തിന് സുരേഷ് മറുപടി നൽകി. ബാലാവകാശ സംരക്ഷണ കമീഷനിൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ തനിക്ക് റോളൊന്നുമില്ലെന്നാണ് സാമൂഹിക നീതിവകുപ്പ് ഡയറക്ടർ ടി.വി. അനുപമയുടെ പ്രതികരണം. പി.ജെ. ആൻറണി (കൊല്ലം), പി.പി. ശ്യാമളദേവി (കാസർകോട്), സിസ്​റ്റർ ബിജി ജോസ്​ (ഇടുക്കി), എം.പി. ആൻറണി (എറണാകുളം) എന്നിവരാണ് സുരേഷിനും ശ്രീലക്കും പുറമെ ചൊവ്വാഴ്ച ബാലാവകാശ സംരക്ഷണ കമീഷൻ അംഗങ്ങളായി ചുമതലയേറ്റത്. മൂന്നു വർഷത്തേക്കാണ് ഇവരുടെ നിയമനം. ആറംഗങ്ങളും ചെയർപേഴ്സനുമടങ്ങിയ കമീഷനിൽ ശോഭ കോശിയാണ് നിലവിലെ ചെയർപേഴ്സൻ.

Tags:    
News Summary - wayanad child welfare committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.