കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാൻ കേന്ദ്രം നടപടി തുടങ്ങി. കൊച്ചി ജല മെട്രോക്ക് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് മറ്റിടങ്ങളിലും ഇതേ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാനുള്ള നീക്കം. കേന്ദ്രം ആവശ്യപ്പെട്ടതു പ്രകാരം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) ഇതിന്റെ നടപടികളിലേക്ക് കടന്നു. ആവശ്യമെങ്കില്‍ പുറത്തുനിന്നുള്ള വിദഗ്ധ സേവനം തേടും.
അഹമ്മദാബാദ്-സബര്‍മതി, സൂറത്ത്, മംഗലാപുരം, അയോധ്യ, ധുബ്രി, ഗോവ, ഗുവാഹത്തി, കൊല്ലം, കൊല്‍ക്കത്ത, പട്ന, പ്രയാഗ്രാജ്, ശ്രീനഗര്‍, വാരാണസി, മുംബൈ, വാസായ്, ലക്ഷദ്വീപ്, ആന്തമാന്‍ എന്നിവിടങ്ങളിലാണ് ജല മെട്രോയുടെ സാധ്യത പരിഗണിക്കുന്നത്.
കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത വകുപ്പ് കഴിഞ്ഞ നവംബറിലാണ് കൊച്ചി മെട്രോയോട് 18 സ്ഥലങ്ങളില്‍ സാധ്യത പഠനത്തിന് നിർദേശിച്ചത്. കെ.എം.ആർ.എല്‍ ഡയറക്ടര്‍ ബോര്‍ഡ് ഇതിന് അനുമതി നല്‍കിയതോടെ ഇന്‍ഹൗസ് കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ഗുവാഹത്തിയില്‍ ബ്രഹ്മപുത്ര നദിയിലും ജമ്മു- കശ്മീരില്‍ ദാല്‍ തടാകത്തിലും ആന്തമാനിൽ ദ്വീപുകൾക്കിടയിലുമാണ് ജല മെട്രോ സാധ്യതകൾ പരിഗണിക്കുന്നത്. വിശദ പദ്ധതി രേഖ (ഡി.പി.ആര്) തയാറാക്കലും ഉടൻ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.