വഖഫ് ബോർഡ് നിയമനം: നിയമസഭാ സമ്മേളനം വരെ കാത്തിരിക്കും - മെക്ക സംസ്ഥാന കൗൺസിൽ

കൊച്ചി: വഖഫ് ബോർഡ്‌ നിയമനം പി.എസ്.സിക്കു വിടാനുള്ള നിയമം അടുത്ത് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പിൻവലിക്കുമെന്ന പ്രതീക്ഷയിൽ, ഇപ്പോൾ നടത്തിവരുന്ന പ്രത്യക്ഷ സമര പരിപാടികൾ തല്ക്കാലം തുടരേണ്ടതില്ലെന്ന് എറണാകുളത്ത് ചേർന്ന മെക്ക സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു.

വിഷയത്തിൽ ശാശ്വത പരിഹാരം ,വിവാദ നിയമം സഭയിൽ പിൻവലിക്കൽ മാത്രമാണ്. ഫെബ്രുവരിയിൽ ചേരുന്ന ബജറ്റ് സമ്മേളനം വരെയെങ്കിലും കാത്തിരിക്കുകയെന്നത് സർക്കാരിന് ചർച്ചക്കും തീരുമാനങ്ങൾക്കും സമയമനുവദിക്കുക എന്ന ന്യായമായ കാര്യമാണ്. ബജറ്റ് സമ്മേളനം വരെ സമുദായം പ്രതീക്ഷയോടെ കാത്തിരിക്കും. യാതൊരു കാരണവശാലും മുസ്​ലിം സംഘടനകൾക്കുള്ളിലും പരസ്പരവും ഭിന്നിപ്പിനും ശൈഥില്യത്തിനും അനൈകൃത്തിനും ഇടവരുത്തരുത്. വഖഫ് വിഷയത്തിൽ ശാശ്വത പരിഹാരത്തിനായി മുസ്‌ലിം സമൂഹം ഒറ്റക്കെട്ടായി ചർച്ചകളിലൂടെ ഏകീകൃത തീരുമാനത്തിലെത്തിച്ചേരാൻ ബന്ധപ്പെട്ട മുഴുവൻ പേരും സഹകരിച്ചു പ്രവർത്തിക്കണമെന്നും കൗൺസിൽ യോഗം അഭ്യർത്ഥിച്ചു.

സച്ചാർ - പാലൊളി കമ്മറ്റി ശിപാർശകൾ പ്രകാരമുള്ള സ്കോളർഷിപ്പുകൾ നൂറു ശതമാനവും മുസ്‌ലിംകൾക്ക് നീക്കിവയ്ക്കണം. ഇതര സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും ജനസംഖ്യാനുപാതികമായി അർഹരായ മുഴുവൻ അപേക്ഷകർക്കും അനുവദിക്കണം. ഇക്കാര്യത്തിൽ സമഗ്രവും കുറ്റമറ്റതുമായ നിയമ നിർമാണം നടത്തണം. സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുള്ള അപ്പീലിൽ ആത്മാർത്ഥതയുള്ള പക്ഷം അതനുസരിച്ചുള്ള നിയമ നിർമാണമാണ് പോംവഴിയെന്നും കൗൺസിൽ നിർദ്ദേശിച്ചു.

മുന്നാക്ക- പിന്നാക്ക-ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്കുള്ള മാനദണ്ഡങ്ങളും തുകയും ഏകീകരിച്ച് നിലവിലുള്ള അസന്തുലിതാവസ്ഥക്ക് പരിഹാരമുണ്ടാക്കണം. അർഹരായ മുഴുവൻ അപേക്ഷകർക്കും ലഭിക്കും വിധം ബജറ്റ് വിഹിതം ഓരോ വിഭാഗത്തിനും ഉറപ്പു വരുത്തണം.

ജനവരി മുതൽ മാർച്ച് 31 വരെ മെക്കയുടെ അടിത്തറയും അംഗബലവും വിപുലീകരിച്ച് താലൂക്ക് - ജില്ലാ തല കൗൺസിലും സമ്മേളനവും വിളിച്ചു ചേർത്ത് പ്രവർത്തനം ഊർജിതമാക്കാനും താലൂക്ക് - ജില്ലാ കമ്മറ്റികൾ പുന:സംഘടിപ്പിക്കുവാനും മേയ് രണ്ടാം വാരം സംസ്ഥാന വാർഷിക സമ്മേളനം നടത്താനും തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഇ. അബ്ദുൽ റഷീദ് അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. അലി റിപ്പോർട്ടും സി.ബി കുഞ്ഞുമുഹമ്മദ് സാമ്പത്തിക സ്ഥിതിയും അവതരിപ്പിച്ചു. എം എ ലത്തീഫ്, കെ.എം അബ്ദുൽ കരീം, എ.എസ്. എ റസാഖ്, സി.എച്ച് ഹംസ, ഫാറൂഖ് എഞ്ചിനീയർ, ടി എസ് അസീസ്, എ. മഹ്മൂദ്, അബ്ദുൽ സലാം ക്ലാപ്പന , സി.ടി കുഞ്ഞയമു , എം.എം. നൂറുദ്ദീൻ, എം. അഖ് നിസ്, എ ഐ മുബീൻ, പി.എം.എ ജബ്ബാർ, സി.എം.എ ഗഫൂർ, പി.എസ് അഷറഫ്, നാസറുദ്ദീൻ മന്നാനി . മുഹമ്മദ് നജീബ്, എം.എ അനീസ്. എഞ്ചിനീയർ ടി.ഗഫൂർ, വി പി സക്കീർ, വി.കെ അലി, എം.പി മുഹമ്മദ്, ഷംസുദ്ദീൻ, കെ.എം സലീം, യൂനസ് കൊച്ചങ്ങാടി തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. പത്തു ജില്ലകളിൽ നിന്നുള്ള എഴുപത്തിമൂന്നു പ്രതിനിധികൾ കൗൺസിൽ യോഗത്തിൽ സംബന്ധിച്ചു.

Tags:    
News Summary - Waqf Board PSC Appointment MECA State Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.