വഖഫ് ഭേദഗതി നിയമം: മുസ്​ലിം ലീഗ് ഹരജിയിൽ കക്ഷി ചേരാൻ ‘കാസ’ സുപ്രീംകോടതിയിൽ അപേക്ഷ നൽകി

കോഴിക്കോട്: സുപ്രീംകോടതി പരിഗണിക്കുന്ന വിവാദ വഖഫ് ഭേദഗതി നിയമത്തിൽ കക്ഷി ചേരാൻ തീവ്ര ക്രിസ്ത്യൻ വിഭാഗമായ ‘കാസ’ (ക്രിസ്ത്യൻ അലയൻസ് ആന്‍റ് അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ) അപേക്ഷ നൽകി. വഖഫ് ഭേദഗതി നിയമത്തിലെ ഭരണഘടന സാധുത ചോദ്യം ചെയ്ത് മുസ് ലിം ലീഗ് സമർപ്പിച്ച ഹരജിയിൽ കക്ഷി ചേരാനാണ് കാസ അപേക്ഷ നൽകിയത്.

കാസയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അപേക്ഷ നൽകിയ വിവരം അറിയിച്ചത്. മുനമ്പത്തെ 610 കുടുംബങ്ങളുടെ പ്രശ്നം വഖഫ് നിയമം മൂലമല്ല സംഭവിച്ചതെന്ന് വരുത്തി തീർത്ത് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ലീഗിന്‍റെ ശ്രമത്തെ തടയുവാനും ഭേദഗതി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടുമാണ് കോടതിയെ സമീപിച്ചതെന്ന് കാസ പറയുന്നു.

വിവാദ വഖഫ് ഭേദഗതി നിയമത്തിൽ കക്ഷി ചേരാൻ സുപ്രീംകോടതിയിൽ സമീപിച്ച ആദ്യ സംഘടനയാണ് കാസ. കാസക്ക് വേണ്ടി അഡ്വ. കൃഷ്ണരാജ്, അഡ്വ. ടോം ജോസഫ് എന്നിവർ ഹാജരാവും.

വിവാദ വഖഫ് ഭേദഗതി നിയമത്തിനെതിരായ കേസിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഇന്നലെ ഇടക്കാല വിധി പുറപ്പെടുവിച്ചത്. നിലവിലുള്ള വഖഫ് സ്വത്തുക്കൾക്ക് ഒരു മാറ്റവും വരുത്തരുതെന്ന് കോടതി വിധിച്ചു. നിലവിൽ വഖഫായി ഗണിക്കുന്ന രജിസ്റ്റർ ചെയ്തതും വിജഞാപനമിറക്കിയതും ഉപയോഗത്താലുള്ളതുമായ എല്ലാ വഖഫ് സ്വത്തുക്കൾക്കും ഉത്തരവ് ബാധകമാണെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും നിയമനങ്ങൾ നടത്തുന്നതും സുപ്രീംകോടതി വിലക്കി. കേസ് അടുത്ത മാസം അഞ്ചിന് വീണ്ടും കേൾക്കുമെന്നും ഇടക്കാല ഉത്തരവ് ആവശ്യമെങ്കിൽ അന്ന് നൽകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇടക്കാല ഉത്തരവ് ഒരാഴ്ചക്ക് മാറ്റിവെക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്.

കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറുകളും വഖഫ് ബോർഡുകളും ബില്ലിനെതിരായ ഹരജികൾക്ക് ഒരാഴ്ചക്കകം മറുപടി നൽകണം. അതിനുള്ള മറുപടി അഞ്ച് ദിവസത്തിനകവും നൽകണം. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികൾ സുപ്രീംകോടതിയിൽ നിലനിൽക്കുമ്പോൾ സാഹചര്യങ്ങളിൽ മാറ്റം വരുത്താൻ കോടതി ആഗ്രഹിക്കുന്നില്ല. വഖഫ് ഭേദഗതി നിയമത്തിൽ പോസിറ്റീവായ ചിലതുണ്ടെന്നും നിയമം അപ്പാടെ സ്റ്റേ ചെയ്യുന്നി​ല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

എന്നാൽ, നിലനിൽക്കുന്ന സാഹചര്യം മാറ്റാൻ സുപ്രീംകോടതി ആഗ്രഹിക്കുന്നില്ല. വഖഫ് ചെയ്യാൻ ഒരാൾ അഞ്ചു വർഷം ഇസ്‍ലാം അനുഷ്ഠിക്കണമെന്നത് അടക്കമുള്ള വ്യവസ്ഥകൾ തങ്ങൾ സ്റ്റേ ചെയ്യുന്നില്ല. അന്തിമമായി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Tags:    
News Summary - Waqf Amendment Bill: CASA files application in Supreme Court to join Muslim League's petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.