ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി: വഖഫ് ബോർഡ് തീരുമാനത്തിൽ പ്രതിഷേധം

മലപ്പുറം: സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഖത്തീബുമാർ, ഇമാം, മുഅദ്ദിൻ, മദ്റസ അധ്യാപകർ എന്നിവർക്ക് സഹായം നൽകുന്നത് മാറ്റിവെച്ച് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകിയ വഖഫ് ബോർഡ് തീരുമാനത്തിൽ പ്രതിഷേധം. മാരകരോഗികൾക്ക് ചികിത്സ സഹായം, നിർധന യുവതികൾക്ക് വിവാഹ സഹായം എന്നിവയും ബോർഡ് നൽകാറുണ്ട്. 

മന്ത്രി കെ.ടി. ജലീലി​​െൻറ അധ്യക്ഷതയിൽ മേയ് 13ന് ചേർന്ന സാമൂഹിക സുരക്ഷ സമിതിയുടെ ഓൺലൈൻ യോഗത്തിൽ വഖഫ് സ്ഥാപനങ്ങളിലെ 588 ജീവനക്കാർക്ക് പെൻഷൻ, 260 പേർക്ക് സഹായം, 2010 പെൺകുട്ടികൾക്ക് വിവാഹ സഹായം എന്നിവയടക്കം മൂന്ന്​ കോടിയിലധികം രൂപ വഖഫ് ബോർഡി​​െൻറ തനത് ഫണ്ടിൽ നിന്ന് നൽകാൻ തീരുമാനിച്ചിരുന്നു. 

ബോർഡ് ചെയർമാൻ ടി.കെ. ഹംസയും അംഗങ്ങളും ഇതിൽ പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം ചേർന്ന വഖഫ് ബോർഡ് യോഗത്തിൽ ചികിത്സ സഹായവും വിവാഹ സഹായവും ഇപ്പോൾ നൽകേണ്ടതില്ലെന്നും ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ചെയർമാൻ അറിയിച്ചു. 

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 10 ലക്ഷം രൂപയും നൽകാൻ തീരുമാനിക്കുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത ഒമ്പത് പേരിൽ പി. ഉബൈദുല്ല എം.എൽ.എ, എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ എന്നിവർ ഈ തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി. 25 ലക്ഷം രൂപ വരെ നൽകാമെന്ന് ഇവർ അഭിപ്രായപ്പെട്ടിരുന്നു. 

സർക്കാറിനെ അനുകൂലിക്കുന്ന ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ഒരു കോടി രൂപ നൽകാൻ തീരുമാനിച്ചു. 588 പേരുടെ ധനസഹായത്തിനായി 70 ലക്ഷം രൂപ അനുവദിച്ചത് തന്നെ പള്ളികൾ തരുന്ന ഏഴ്​ ശതമാനം തനത് ഫണ്ടിൽ നിന്നാണ്. കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ സ്ഥാപിക്കുന്ന ചെലവിലേക്ക് സർക്കാർ അഭ്യർഥന മാനിച്ച് വഖഫ് ബോർഡ് ഫണ്ട് നൽകിയെങ്കിലും ഇതുവരെ വാക്കുപാലിക്കുകയോ ഫണ്ട് തിരിച്ചു നൽകുകയോ സർക്കാർ ചെയ്തിട്ടില്ലെന്ന്​ പ്രതിഷേധക്കാർ പറയുന്നു. 

രണ്ട്​ വർഷമായി ബജറ്റിൽ വഖഫ് ബോർഡിന് ധനമന്ത്രി പ്രഖ്യാപിച്ച മൂന്ന് കോടിയോളം രൂപ നൽകിയിട്ടില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. മറ്റൊരംഗമായ പി.വി. അബ്​ദുൽ വഹാബ് എം.പി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. 

രാഷ്​ട്രീയലക്ഷ്യത്തോടെയുള്ള പ്രചാരണം - ടി.കെ. ഹംസ
സാമൂഹികക്ഷേമ ഫണ്ട് വിതരണത്തെക്കുറിച്ച്​ രാഷ്​ട്രീയ ദുരുദ്ദേശ്യത്തോടെ അനാവശ്യ പ്രചാരണമാണ് നടത്തുന്നതെന്ന് വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസ. 1.32 കോടിയാണ്​ ക്ഷേമ പെൻഷനായി ഒരു വർഷം നൽകാറുള്ളത്. 2017 വരെയുള്ളത് കൊടുത്തു. ഇതിൽ 70 ലക്ഷം രൂപ കൂടി കൊടുക്കാനുണ്ടായിരുന്നു.

2020 ജനുവരി 10നാണ് എ​​െൻറ നേതൃത്വത്തിലുള്ള കമ്മിറ്റി അധികാരമേറ്റത്. അതിന് മുമ്പുള്ള കുടിശ്ശികയാണിത്. അത് കൊടുക്കാനാണ് യോഗം തീരുമാനിച്ചത്. മൊത്തം മൂന്ന് കോടിയുടെ സഹായം നൽകണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. എന്നാൽ, അങ്ങനെയൊരു തീരുമാനമെടുത്തിരുന്നില്ലെന്നും ടി.കെ. ഹംസ പറഞ്ഞു.

യോഗത്തിലെടുത്ത തീരുമാനം മാറ്റി -എം.സി. മായിൻ ഹാജി
മേയ് 13ന് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നൽകാൻ തീരുമാനിച്ച സഹായം പിറ്റേന്ന്​ ചേർന്ന യോഗത്തിൽ മാറ്റിയത് എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്ന് എം.സി. മായിൻ ഹാജി. 25 ലക്ഷം രൂപ നൽകാമെന്ന് എല്ലാവരും സമ്മതിച്ചതാണ്. ഒരു കൊല്ലം ആകെ 10 കോടി വരുമാനമുള്ള ബോർഡ് ഒരു കോടി രൂപയുടെ സഹായം നൽകേണ്ടതില്ല. 

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ബോർഡിന് ഫണ്ട് നൽകാൻ തടസ്സമുണ്ടാവുന്നത്. 2018 ൽ ഗ്രാൻറ്​ കിട്ടാൻ താമസിച്ചതോടെ തനത് ഫണ്ടിൽ നിന്നാണ് സഹായം കൊടുത്തത്. ഇത് സർക്കാറിൽ റിപ്പോർട്ട് ചെയ്തപ്പോൾ ഫണ്ട് കൊടുത്തില്ലേ, ഇനി തരേണ്ടതില്ലല്ലോ എന്നായിരുന്നു മറുപടി. 
 

Tags:    
News Summary - waqaf kerala giving 1 crore to cmdrf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.