കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാർട്ടിയാണ്​ സി.പി.എം-വി.ടി ബൽറാം

കോഴിക്കോട്​: കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാർട്ടിയാണ്​ സി.പി.എ​മ്മെന്ന്​ തൃത്താല എം.എൽ.എ ​വി.ടി ബൽറാം. കണ്ണൂർ, കാസർഗോഡ്​ സി.പി.എം ജില്ലാകമ്മിറ്റിക​ളിലെ മുസ്​ലിം പ്രാതിനിധ്യത്തി​​​െൻറ കുറവ്​ ചൂണ്ടിക്കാട്ടിയാണ്​ ബൽറാമി​​​െൻറ വിമർശനം. സിപിഎമ്മിൽ മുസ്ലിം നേതാക്കൾക്ക്‌ ജില്ലാ കമ്മിറ്റിയിലേക്ക്‌ പോലും ഉയർന്നുവരാൻ കഴിയാതെ പോകുന്നതെന്തുകൊണ്ടാണെന്നും ബൽറാം ചോദിച്ചു.​

ഫേസ്​ബുക്ക്​പോസ്​റ്റി​​​െൻറ പൂർണ്ണ രൂപം

ഗുജറാത്ത്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ മുസ്ലിം നേതാക്കളെ പ്രചരണരംഗത്തുനിന്ന് മാറ്റിനിർത്തുന്നുവെന്നും അത്‌ മൃദുഹിന്ദുത്വ സമീപനത്തിന്റെ ഉദാഹരണമാണെന്നുമുള്ള കള്ള ആരോപണമുന്നയിച്ച്‌ ഇവിടെ വലിയവായിൽ ഒച്ചവച്ചവരാണ്‌ സിപിഎമ്മിലെ കാരാട്ട്‌-പിണറായി പക്ഷക്കാർ.

എന്നാൽ ഇത്‌ അവരുടെ തലസ്ഥാനമായ കണ്ണൂരിലെ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ്‌. 49 അംഗങ്ങളുടെ കൂട്ടത്തിൽ രണ്ടാളുകൾ മാത്രമാണ്‌ മുസ്ലിം നാമധാരി ആയിട്ടുള്ളത്‌. 36 അംഗങ്ങളുള്ള കാസർക്കോടും ഒരു മുസ്ലിം മാത്രമേ ജില്ലാ കമ്മിറ്റിയിൽ ഇടം കണ്ടെത്തിയിട്ടുള്ളൂ എന്ന് കേൾക്കുന്നു. സംസ്ഥാനത്ത്‌ ഒരു ജില്ലാ സെക്രട്ടറി പോലും ആ സമുദായത്തിൽ നിന്നില്ല. മന്ത്രിസഭയിലും പ്രാതിനിധ്യം പരിമിതമാണ്‌.

സിപിഎമ്മിൽ മുസ്ലിം നേതാക്കൾക്ക്‌ ജില്ലാ കമ്മിറ്റിയിലേക്ക്‌ പോലും ഉയർന്നുവരാൻ കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്‌?കേരളത്തിൽ ഏതാണ്ട്‌ 27 ശതമാനത്തോളം ജനസംഖ്യയുള്ള ഒരു സമൂഹത്തെ, അതായത്‌ നാലിലൊന്നോളം പ്രാതിനിധ്യം സ്വാഭാവികമായിത്തന്നെ ലഭിക്കേണ്ടിയിരുന്ന ഒരു ജനവിഭാഗത്തെ, സോഷ്യലി എക്സ്ക്ലൂഡ്‌ ചെയ്യുന്നു അഥവാ അവരുടെ പ്രാതിനിധ്യത്തെ നാമമാത്രമായി ചുരുക്കുന്നു, എന്നത്‌ ഒരു രാഷ്ട്രീയ വിഷയം തന്നെയാണ്‌. അത്‌ ചെയ്യുന്നത്‌ ഇന്ന് സംസ്ഥാനം ഭരിക്കുന്ന, ന്യൂനപക്ഷ സംരക്ഷകരായി അഭിനയിക്കുന്ന, "മതേതര രാഷ്ട്രീയ പാർട്ടി" ആണെന്നത്‌ അതിനെ അതിന്റെ പുറത്തുള്ളവരുടെകൂടി കൺസേൺ ആക്കിമാറ്റുന്നുണ്ട്‌.

ഇത്‌ ചൂണ്ടിക്കാണിക്കുന്നവരോട്‌ "എല്ലാത്തിനേയും മതത്തിന്റെ മാത്രം കണ്ണിലൂടെ നോക്കിക്കാണുന്ന ദുഷിച്ച ചിന്താഗതിയാണ്‌ നിങ്ങളുടേത്"‌, 
"ഞങ്ങളിൽ ഹിന്ദു, മുസ്ലിം എന്നൊന്നുമില്ല, അസ്സൽ കമ്മ്യൂണിസ്റ്റുകാർ മാത്രമേ ഉള്ളൂ", 
"ഇത്‌ പള്ളിക്കമ്മിറ്റിയല്ല", "നിങ്ങൾക്ക്‌ സ്വന്തമായി ഒരു സമ്മേളനം നടത്താൻ കഴിവില്ലാത്തത്‌ കൊണ്ടുള്ള അസൂയയാണ്‌"
എന്നൊക്കെയുള്ള പതിവ്‌ ഡിഫൻസിലും തെറിവിളികളിലും കവിഞ്ഞതൊന്നും ന്യായീകരണത്തൊഴിലാളികളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല.

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാർട്ടിയാണ്‌ സിപിഎം, പ്രത്യേകിച്ചും കണ്ണൂർ മോഡൽ സിപിഎം. ശാഖാ പരിശീലനവും യോഗയും ശ്രീകൃഷ്ണജയന്തിയും രക്ഷാബന്ധനുമൊക്കെയാണ്‌ അവരുടെ പ്രധാന പാർട്ടി പരിപാടി എന്നത്‌ യാദൃച്ഛികമല്ല. ചില വൈകാരിക ക്യാമ്പയിനുകളിലൂടെ ന്യൂനപക്ഷവോട്ട്‌ ബാങ്കിലേക്ക്‌ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനപ്പുറം അവരെ രാഷ്ട്രീയമായി ശാക്തീകരിക്കുക എന്നതോ ജനാധിപത്യപരമായി ഉൾക്കൊള്ളുക എന്നതോ‌ സിപിഎമ്മിന്റെ അജണ്ടയിലില്ല എന്ന് വ്യക്തമാവുകയാണ്‌.

Full View
Tags:    
News Summary - V.T fb post against cpm-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.