'ആഹാ.. എന്തൊരു സ്പീഡ്!' ശ്രീ എമ്മിന്​ അപേക്ഷിച്ച്​ ഒരുമാസത്തിനകം ഭൂമി നൽകിയതിനെ പരിഹസിച്ച്​ വി.ടി. ബൽറാം

തിരുവനന്തപുരം: സംഘ്​പരിവാർ സഹയാത്രികനായ ആത്മീയാചാര്യൻ ശ്രീ എമ്മിന്​ അപേക്ഷിച്ച്​ ഒരുമാസത്തിനകം തലസ്​ഥാാനത്ത്​ നാലേക്കർ ഭൂമി നൽകിയതിനെ പരിഹസിച്ച്​ വി.ടി. ബൽറാം എം.എൽ.എ. ''ആഹാ... എന്തൊരു സ്പീഡ്!.. വെറും ഒരു മാസം മുൻപ് സ്ഥലത്തിന് അപേക്ഷ കൊടുക്കുന്നു. സഖാവ് വിജയന്‍റെ സർക്കാർ ഉടനെ നാലേക്കർ ഭൂമിയെടുത്ത് നൽകുന്നു. ചർമ്മത്തിന് എന്തു നല്ല ഉറപ്പുള്ള സർക്കാർ !!'' എന്നായിരുന്നു ബൽറാം ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​തത്​.

ശ്രീ എമ്മിന്‍റെ സത്​സംഗ്​​ ഫൗണ്ടേഷന്​ യോഗ റിസർച്ച്​ സെന്‍റർ സ്​ഥാപിക്കാൻ എന്ന പേരിലാണ്​ തലസ്​ഥാനത്ത്​ കണ്ണായ സ്​ഥലത്ത്​ നാ​േലക്കർ ഭൂമി നൽകുന്നത്​. കഴിഞ്ഞ ദിവസം ചേർന്ന സംസ്​ഥാന മന്ത്രിസഭയാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്​. തിരുവനന്തപുരം ചെറുവയക്കൽ വില്ലേജിൽ ഹൗസിങ്​ ബോര്‍ഡിന്‍റെ കൈവശമ​ുള്ള​ ഭൂമിയാണ്​ അനുവദിച്ചത്​.

ഒരു മാസം മുമ്പ്​ നൽകിയ അപേക്ഷയിലാണ്​ ഭൂമി ലഭിച്ചതെന്ന്​ ശ്രീ എം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വ്യക്​തമാക്കിയിരുന്നു. തിരുവനന്തപുരത്തെ സത്സംഗ്​ ഭാരവാഹികള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലാണ് അപേക്ഷ നല്‍കിയത്. ഒരു സ്ഥലം കിട്ടിയാല്‍ കൊള്ളാം എന്നു മാത്രമേ അപേക്ഷയിലുണ്ടായിരുന്നുള്ളൂ. ഭൂമി അനുവദിച്ചതിന് പിന്നാലെ നന്ദി പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഒരു സന്ദേശമയച്ചതായും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിനും ആര്‍.എസ്.എസിനുമിടയിലെ കണ്ണി എന്ന നിലക്കാണ് യോഗ ഫൗണ്ടേഷന് ഭൂമി നൽകിയതെന്ന ആരോപണം വേദനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ''വിവാദത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ഈ ഭൂമി വേണ്ടെന്നു വെച്ചാലോ എന്നു വരെ തോന്നിപ്പോയി. പിന്നെയാലോചിച്ചപ്പോള്‍ അതിലർഥമില്ലെന്ന് മനസ്സിലായി. ഞങ്ങള്‍ അപേക്ഷിച്ചിട്ട് കിട്ടിയതാണ്. നല്ലൊരു കാര്യത്തിനാണ് ഭൂമി ഉപയോഗിക്കുക. ജനിച്ചു വളര്‍ന്നത് തിരുവനന്തപുരത്താണ്. ഞങ്ങള്‍ക്ക് ആന്ധ്രയിലെ മദനപ്പള്ളിയിലും ഡല്‍ഹിയിലും യോഗ കേന്ദ്രങ്ങളുണ്ട്. എന്നാല്‍ കേരളത്തില്‍ ഇല്ല. ജനിച്ചു വളര്‍ന്ന നാട്ടില്‍ ഒരു യോഗ കേന്ദ്രം വേണമെന്ന ചിന്തയാണ് ഈ അപേക്ഷയിലേക്ക് നയിച്ചത്.'' ശ്രീ എം വ്യക്​തമാക്കി.

Tags:    
News Summary - VT balram against sri m and cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.