തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യനില വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരുന്നുണ്ട്. യോഗത്തിൽ വി.എസിന്റെ കുടുംബാംഗങ്ങളും പങ്കെടുക്കും. നിലവിലെ ആരോഗ്യ സ്ഥിതി വിലയിരുത്തിയാണ് തുടർ ചികിത്സ സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കുക.
മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വി.എസിന്റെ രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിൽ ആയിട്ടില്ല.
ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 23നാണ് വി.എസിനെ എസ്.യു.ടി യിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളമുള്ള മുതിർന്ന സി.പി.എം നേതാക്കളും മന്ത്രിമാരും വി.എസിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആശുപത്രിയിലെത്തിയിരുന്നു.
സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളിലൊരാണ് വി.എസ്. 2006-2011കാലത്താണ് മുഖ്യമന്ത്രിയായിരുന്നത്. 1992-1996, 2001-2006, 2011-2016 വർഷങ്ങളിൽ പ്രതിപക്ഷ നേതാവായിരുന്നു.
101 വയസുള്ള വി.എസ് മകൻ അരുൺ കുമാറിന്റെ വീട്ടിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.