തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്കു പിന്നാലെ സി.പി.എം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്‍റെ മകൻ അരുൺ കുമാർ.
പ്രസ്ഥാനങ്ങൾ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും. നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി തന്നെ എവിടെയൊക്കെയോ സ്പർശിക്കുകയാണ്. അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് തനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണെന്നും അരുൺ കുമാർ കുറിപ്പിൽ പറയുന്നു.
യു.ഡി.എഫ് തരംഗത്തിൽ ഭരണവിരുദ്ധതയും ജനരോഷവും ഒരുപോലെ ആഞ്ഞുകത്തിയപ്പോൾ വി.ഡി. സതീശൻ നയിച്ച ടീം യു.ഡി.എഫ് 102 സീറ്റുകളുമായി ചരിത്രവിജയമാണ് നേടിയത്. സി.പി.എമ്മിന്‍റെ കോട്ടകൊത്തളങ്ങൾ ഒന്നടങ്കം തകർന്നുവീണപ്പോൾ ഇടതുമുന്നണിയുടെ പ്രകടനം 35 സീറ്റിലേക്ക് നിലംപതിച്ചു. 2021ൽ 99 സീറ്റോടെ അധികാരത്തിൽ വന്ന എൽ.ഡി.എഫിനെ ഇത്തവണ കൈവിട്ടത് 64 മണ്ഡലങ്ങളാണ്. കേരളത്തിലെ നിലവിലുള്ള മുന്നണി രാഷ്ട്രീയ ചരിത്രത്തിൽ നൂറിലേറെ സീറ്റ് നേടി ഒരു മുന്നണി അധികാരത്തിലേക്ക് വരുന്നത് ആദ്യമാണ്. 1967ൽ സപ്തകക്ഷി മുന്നണി നേടിയ 113 സീറ്റും 1977ൽ കോൺഗ്രസും സി.പി.ഐയും ഉൾപ്പെട്ട ഐക്യമുന്നണി നേടിയ 111 സീറ്റുമാണ് ഇതിന് മുമ്പുള്ള കേരള രാഷ്ട്രീയത്തിലെ വൻ വിജയങ്ങൾ.
കേരളത്തിൽ അധികാരം നഷ്ടപ്പെട്ടതോടെ ഒരു സംസ്ഥാനത്തും ഭരണമില്ലാതാകുന്ന നിലയിലേക്ക് സി.പി.എം മാറി. ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, കൊല്ലം, കോട്ടയം, പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ സി.പി.എമ്മിന്‍റെ അടിവേരിളക്കുന്ന തോൽവിയാണ് പാർട്ടി ഏറ്റുവാങ്ങിയത്. പാർട്ടി വിമതരായി പുറത്തുവന്ന് യു.ഡി.എഫ് പിന്തുണയിൽ മത്സരിച്ച മുൻ മന്ത്രി ജി. സുധാകരൻ (അമ്പലപ്പുഴ), ടി.കെ. ഗോവിന്ദൻ (തളിപ്പറമ്പ്), വി. കുഞ്ഞികൃഷ്ൻ (പയ്യന്നൂർ) എന്നിവർ സി.പി.എം കോട്ടകളിൽ അട്ടിമറി വിജയവും നേടി.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി എന്നെ എവിടെയൊക്കെയോ സ്പർശിക്കുകയാണ്. അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് എനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണ്. അച്ഛൻ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്നാണ്. അദ്ദേഹം ആൾക്കൂട്ടങ്ങളിൽ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോദ്ധ്യമുണ്ടായിരുന്നു.
പ്രസ്ഥാനങ്ങൾ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.