വോട്ടിന് തീറെഴുതും ഭൂമി

ഭൂമി വന്‍ വോട്ടുബാങ്കാണെന്നും അത് കിട്ടിയവര്‍ തെരഞ്ഞെടുപ്പില്‍ നന്ദി കാണിക്കാതിരിക്കില്ളെന്നുമുള്ള  രാഷ്ട്രീയപാര്‍ട്ടികളുടെ കണക്കുകൂട്ടലാണ് അധികാരത്തിലേറുമ്പോള്‍  തന്നിഷ്ടത്തിന് ഭൂമി തീറെഴുതാന്‍ അവരെ പ്രേരിപ്പിച്ചുപോരുന്നത്. തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരത്തില്‍നിന്ന് ഉയര്‍ന്നുവന്ന നിര്‍ണായക ചോദ്യങ്ങളിലൊന്ന് ആ സ്ഥാപനം സ്ഥിതിചെയ്യുന്ന 15 ഏക്കര്‍ ഭൂമി  ആരുടേതെന്നതായിരുന്നു. വിദ്യാഭ്യാസ സ്ഥാപനത്തിനെന്ന പേരില്‍  ഭൂമി സ്വന്തമാക്കുകയും അത് പിന്നീട് കച്ചവടമടക്കം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി സര്‍ക്കാറിനെ വഞ്ചിക്കുകയും ചെയ്യുന്ന ഇത്തരം നിരവധി ഉദാഹരണങ്ങളില്‍ ഒടുവിലത്തേതാണ് ഇതെങ്കില്‍ കുത്തകവോട്ട് കൈകാര്യം ചെയ്യുന്ന സമുദായങ്ങളും സഭകളും സംഘടനകളും രാഷ്ട്രീയ സമ്മര്‍ദവും സ്വാധീനവും ചെലുത്തി ഭൂമി കൈവശപ്പെടുത്തിയതിന്‍െറ നിരവധി ഉദാഹരണങ്ങള്‍ കേരളത്തില്‍ വേറെയുമുണ്ട്.

1960ലെ ഭൂപതിവ് നിയമത്തിന് 1964ല്‍ കൊണ്ടുവന്ന  ചട്ടങ്ങളിലെ 24ാം ഉപവകുപ്പാണ് ഭൂമിദാനത്തിന് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സര്‍ക്കാറിന് ഭൂമി പതിച്ചുനല്‍കാന്‍ വിവേചനാധികാരം നല്‍കുന്നതാണ് ഈ ഉപവകുപ്പ്. ഇതിന്‍െറ നഗ്നമായ ലംഘനമാണ് ഭൂരിപക്ഷം ഭൂമിദാനങ്ങളിലും കണ്ടുവരുന്നത്.  നിയമപ്രകാരം ഭൂമിനല്‍കേണ്ടത് ഭൂരഹിതര്‍ക്കും അധ$സ്ഥിത-പിന്നാക്ക വിഭാഗക്കാര്‍ക്കുമെല്ലാമാണെന്നിരിക്കെ  അവര്‍ എന്നും അവകാശങ്ങളുടെ പുറമ്പോക്കില്‍തന്നെ കഴിയുകയും  ഒരുവിഭാഗം മാത്രം സമ്മര്‍ദത്തിലൂടെയും വിലപേശലിലൂടെയും പൊതുമുതല്‍ അനര്‍ഹമായി കവരുകയും ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ട്രസ്റ്റുകള്‍, ക്ളബുകള്‍ തുടങ്ങിയവയുടെയെല്ലാം പേരിലാണ് ഈ ഭൂമികൊള്ള അരങ്ങേറുന്നത്. ഇതേപ്പറ്റി ‘മാധ്യമം’ ലേഖകന്‍ നടത്തിയ അന്വേഷണം...


കേരളത്തിലെ ആദ്യത്തെ ഭൂമിദാനം ഒമ്പതാം നൂറ്റാണ്ടിലെ തരിസാപ്പള്ളി ചെപ്പേടാണ്. ചേരപെരുമാളായ സ്ഥാണുരവിയുടെ കാലത്ത് വേണാട് നാടുവാഴിയായ അയ്യനടികള്‍ തിരുവടികള്‍ കൊല്ലം പട്ടണത്തിലെ പോളയത്തോട് മുതല്‍ തങ്കശ്ശേരിവരെയുള്ള ഭൂമി കരം ഒഴിവായി മാര്‍ സപീര്‍ ഈശോ എന്ന കച്ചവട പ്രമാണിക്ക് നല്‍കിയതാണ്  തരിസാപ്പള്ളി ചെപ്പേട് എന്നറിയപ്പെടുന്നത്.  ഇതില്‍നിന്ന് വ്യത്യസ്തമായാണ് രാജാക്കന്മാര്‍ ബ്രിട്ടീഷുകാരുടെ ഉപദേശത്തിന് വഴങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മിഷനറി പ്രവര്‍ത്തകര്‍ക്കും മറ്റും ഭൂമി ദാനം തുടങ്ങിയത്. ഇതേകാലത്തുതന്നെയാണ് അയ്യന്‍കാളി തിരുവിതാംകൂറില്‍ ‘പുതുവല്‍ ഭൂമി’ പതിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നത്. 1912 മുതല്‍ പ്രജാസഭയിലും അതിനുമുമ്പ് സാധുജനപരിപാലന സംഘത്തിന്‍െറ പേരിലും ഭൂമിയില്ലാത്ത സാധുജനങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ അയ്യന്‍കാളി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സവര്‍ണ ഉദ്യോഗസ്ഥ ലോബി ആദ്യം മുതലേ ഇതിന് ഇടങ്കോലിട്ടു. ഇതറിഞ്ഞ അയ്യന്‍കാളി പ്രജാസഭാതലത്തില്‍ പരസ്യമായി പരാതി ഉന്നയിക്കാന്‍ തുടങ്ങി. അതിന്‍െറ പരിണതഫലമായാണ് നെയ്യാറ്റിന്‍കര താലൂക്കില്‍ വിളപ്പില്‍ പകുതിയില്‍ 500 ഏക്കര്‍ പുതുവല്‍ ഭൂമി സാധുജനങ്ങള്‍ക്ക് പതിച്ചുകൊടുക്കാന്‍ ശ്രീമൂലം തിരുനാളിന്‍െറ കാലത്ത് ദിവാന്‍ പി. രാജഗോപാലാചാരി ഉത്തരവിട്ടത്.

ബ്രിട്ടീഷ് കാലഘട്ടത്തില്‍ ജന്മിത്വവ്യവസ്ഥയുടെ പരിഷ്കരണത്തിന് നിയമനിര്‍മാണം ആരംഭിച്ചെങ്കിലും ഐക്യകേരളം രൂപംകൊണ്ടതിനു ശേഷമാണ് ആധുനിക ഭൂമി നിയമങ്ങള്‍ നിലവില്‍വന്നത്. നിയമവും ചട്ടവും പാലിച്ച്് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നതിന്  1960ല്‍ ഭൂപതിവ് നിയമവും തുടര്‍ന്ന്, 1964ല്‍ അതിന് ചട്ടവുമുണ്ടാക്കി. രാജഭരണ കാലത്തെപ്പോലെ ഏതെങ്കിലും ഭരണാധികാരിക്ക് തന്നിഷ്ടത്തിന് ഭൂമി ദാനം നല്‍കുന്നത് തടയുകയായിരുന്നു നിയമത്തിന്‍െറ ലക്ഷ്യമെങ്കിലും അതിന്‍െറ നഗ്നമായ ലംഘനമാണ് പിന്നീടിങ്ങോട്ട് നടന്നത്.  1970 മാര്‍ച്ച് നാലിന് അന്ന് റവന്യൂ മന്ത്രിയായിരുന്ന കെ.ടി. ജേക്കബ് സഭയില്‍ പറഞ്ഞ വാക്കുകള്‍ ഭൂനിയമത്തിന് അധികാരികള്‍ ഒരുവിലയും കല്‍പിച്ചിട്ടില്ളെന്നതിന്‍െറ ദൃഷ്ടാന്തം  കൂടിയാണ്. ഓരോ വില്ളേജിലും പതിച്ചുകൊടുക്കുന്ന ഭൂമിയുടെ 25 ശതമാനം പട്ടികജാതി-വര്‍ഗ വിഭാഗത്തിന് നീക്കിവെക്കാന്‍ ഭൂപതിവ് ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ടെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

‘ഓരോ ജില്ലയിലും പതിച്ചുകൊടുക്കുന്ന ഭൂമിയുടെ മൂന്നിലൊന്ന് ഭാഗമെങ്കിലും പട്ടികജാതി-വര്‍ഗ വിഭാഗത്തിന് നീക്കിവെക്കണം... 33 ശതമാനത്തിന് പുറമെ സര്‍ക്കാര്‍ തയാറാക്കിയിട്ടുള്ള ചില സ്കീമുകളുടെ അടിസ്ഥാനത്തിലും പട്ടികജാതി-വര്‍ഗ വിഭാഗങ്ങല്‍ക്ക് ഭൂമി മാറ്റിവെച്ചിട്ടുണ്ട്. ഇതു രണ്ടുംകൂടി ചേര്‍ത്താല്‍ 50 ശതമാനത്തില്‍ കൂടുതല്‍ വരും. ആകെ ഭൂമിയുടെ 50 ശതമാനം പട്ടികജാതി-വര്‍ഗത്തിന് ലഭിക്കും...’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതു പറഞ്ഞിട്ട് നാലരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും സ്ഥിതി പറഞ്ഞിടത്തുതന്നെയാണ്. ഭൂരഹിതന്‍ ഇന്നും ഭൂമിയില്ലാതെ അലയുമ്പോള്‍ അനര്‍ഹര്‍ അത് വെട്ടിപ്പിടിക്കുന്നു.
1964ലെ ചട്ടം 24ാം ഉപവകുപ്പില്‍ ‘പൊതു താല്‍പര്യം അനിവാര്യമാകുന്ന സാഹചര്യത്തില്‍ ചട്ടത്തിലെ വ്യവസ്ഥകള്‍ ഒഴിവാക്കി യുക്തമായ വ്യവസ്ഥകളോടെ ഭൂമി പാട്ടമായോ ലൈസന്‍സായോ നല്‍കുന്നതിന് സര്‍ക്കാറിന് അവകാശമുണ്ട്’ എന്നാണ് പറയുന്നത്.  ഈ വ്യവസ്ഥ ചൂഷണം ചെയ്താണ് കക്ഷിഭേദമന്യേ അധികാരത്തിലേറുന്നവര്‍ ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും ഭൂമി അനുവദിച്ചുപോരുന്നത്.

ആര്‍ക്ക് ഭൂമി നല്‍കുമ്പോഴും പൊതുതാല്‍പര്യം എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. അതോടെ, ചേദ്യംചെയ്യാന്‍ പഴുതില്ലാതാകും. എന്നാല്‍, പൊതുതാല്‍പര്യം എന്താണെന്ന് ചട്ടത്തില്‍ നിര്‍വചിച്ചിട്ടുമില്ല. അതില്ലാത്തിടത്തോളം  സര്‍ക്കാറിന്‍െറ വിശദീകരണത്തിന് അനുസരിച്ച് എല്ലാം പൊതു താല്‍പര്യമായി മാറുന്ന കാഴ്ചയാണ് ഭൂപതിവ് തീരുമാനങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.

1999ലെ ‘ഭൂമി പതിവ് ചട്ടങ്ങള്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രദേശങ്ങളില്‍’ എന്ന നിയമമനുസരിച്ച് ഭവനനിര്‍മണത്തിനോ വ്യാപാരസ്ഥാപനങ്ങള്‍ക്കോ വ്യവസായത്തിനോ ധര്‍മസ്ഥാപനങ്ങള്‍ക്കോ അയല്‍ വസ്തുവിന്‍െറ ഗുണകരമായ അനുഭവത്തിനോ ഭൂമി പതിച്ചുനല്‍കാമെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ നിയമം പിന്തുടര്‍ന്നാണ് 2005ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കി ഉത്തരവിറക്കിയത് (201/2005). ദീര്‍കാലമായി അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ കൈവശംവെച്ചുപോന്ന  ഭൂമിക്ക് പാട്ടകുടിശ്ശിക ഒഴിവാക്കി നല്‍കുകയും  പകരം ചെറിയ തുക അടച്ചാല്‍ ഭൂമി പതിച്ചു നല്‍കാമെന്നുമായിരുന്നു ഉത്തരവിലെ പ്രതിപാദ്യം. ഉമ്മന്‍ ചാണ്ടിയെ തുടര്‍ന്ന് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോഴും ഈ ഉത്തരവ് പിന്‍വലിക്കപ്പെട്ടില്ല.

പിറവത്തിനു മുമ്പേ പറന്ന ഉമ്മന്‍ചാണ്ടി

സാധാരണയായി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വ്യാപകമായി ഭൂമി പതിച്ചുകൊടുത്ത് ഉത്തരവുകള്‍ ഇറങ്ങുന്നത്. മത-സാമുദായിക വിഭാഗങ്ങളുടെ കുത്തക വോട്ടുകള്‍ പോക്കറ്റിലാക്കുകയാണ് ഇതിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത്.  ഭൂമി ലഭിച്ചവര്‍ ഉണ്ട ചോറിന് നന്ദികാണിക്കുമെന്ന കണക്കുകൂട്ടല്‍ രാഷ്ട്രീയക്കാര്‍ വെച്ചുപുലര്‍ത്തുന്നു. ഭൂമികിട്ടിയ മത മേലധ്യക്ഷന്മാര്‍ തെരഞ്ഞെടുപ്പുകളില്‍ കൈയയച്ച് സഹായിക്കാറുമുണ്ട്. ടി.എം. ജേക്കബിന്‍െറ  മരണശേഷം നടന്ന പിറവം ഉപതെരഞ്ഞെടുപ്പിനു മുമ്പ് ഉമ്മന്‍ ചാണ്ടി അത്തരമൊരു തന്ത്രം  പ്രയോഗിച്ചു. അതില്‍ ആദ്യ നറുക്ക് വീണത് തൃശൂര്‍ സെന്‍റ് തോമസ് കോളജിനായിരുന്നു.

1950 ജൂണ്‍ അഞ്ച് മുതല്‍ 25 വര്‍ഷത്തേക്ക് 12 രൂപ വാര്‍ഷിക പാട്ടത്തിന് നല്‍കിയിരുന്ന 1.19 ഏക്കര്‍ ഭൂമിയാണ് സെന്‍റ് തോമസ് കോളജിന് പതിച്ചുനല്‍കിയത്. പാട്ടക്കുടിശ്ശികയായി മാനേജ്മെന്‍റ് വരുത്തിയ 76.15 ലക്ഷവും എഴുതിത്തള്ളി. പാട്ടക്കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് റവന്യൂ റിക്കവറി ഉള്‍പ്പെടെ നടപടികളെടുത്ത ഭൂമിയാണ് സെന്‍റിന് 100 രൂപക്ക് പിന്നീട് മാനേജ്മെന്‍റിന് സര്‍ക്കാര്‍ കൈമാറിയത്. ഭൂമി പതിവ് സംബന്ധിച്ച ചില വ്യവസ്ഥകള്‍ ഉത്തരവിലുണ്ടായിരുന്നെങ്കിലും ഭൂമിയുടെ പൂര്‍ണാധികാരം മാനേജ്മെന്‍റിന് ലഭിക്കുകയും ചെയ്തു. നറുക്ക് വീണ രണ്ടാമത്തെ സ്ഥാപനം തൃശൂര്‍ സെന്‍റ് മേരീസ് കോളജാണ്. ചെമ്പൂക്കാവ് വില്ളേജില്‍ ഉള്‍പ്പെട്ട 55.701 സെന്‍റ് ഭൂമിയാണ് കോളജിന് നല്‍കിയത്. പാട്ടത്തിന് നല്‍കിയ ഈ ഭൂമിയുടെ ലക്ഷക്കണക്കിന് രൂപയുടെ പാട്ടക്കുടിശ്ശികയും എഴുതിത്തള്ളി. മാനേജ്മെന്‍റിന്‍െറ വര്‍ഷങ്ങളായുള്ള ആവശ്യം സര്‍ക്കാര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാധിച്ചുകൊടുത്തു. മൂന്നാമതായി ഭൂമി കിട്ടിയത് രണ്ടുകോടിയിലധികം രൂപയുടെ പാട്ടക്കുടിശ്ശിക വരുത്തിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനായിരുന്നു. കുടിശ്ശിക മുഴുവന്‍ ഒഴിവാക്കി 15.47 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് സെന്‍റിന് 100 രൂപവെച്ച് ഈടാക്കി കൈമാറിയത്.

ഇതോടൊപ്പം വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അസംപ്ഷന്‍ ഫെറോന ചര്‍ച്ചിനും ഭൂമി പതിച്ച് നല്‍കി. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലുള്ള സ്കൂള്‍, പള്ളി, സെമിത്തേരി എന്നിവ സ്ഥിതി ചെയ്യുന്ന 4.83 ഏക്കര്‍ സ്ഥലമാണ് ഇങ്ങനെ നല്‍കിയത്.  ഇതില്‍നിന്ന് ഷോപ്പിങ് കോംപ്ളക്സ്് സ്ഥിതി ചെയ്യുന്ന സ്ഥലം വ്യവസായിക ആവശ്യത്തിനു വേണ്ടിയുള്ള നിരക്ക് ഈടാക്കി 30 വര്‍ഷത്തിന് പാട്ടത്തിനും ഫെറോന പള്ളിക്ക് അനുവദിച്ചു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നതിനാണ് ഭൂമി നല്‍കുന്നത് എന്ന പ്രഖ്യാപനത്തോടെയാണ് അവരുടെ കച്ചവട താല്‍പര്യത്തിനും സര്‍ക്കാര്‍ കൂട്ടുനിന്നത്. എയ്ഡഡ് മേഖലയില്‍ സൗജന്യ ഭൂമിയുടെ ഗുണഭോക്താക്കളേറെയും ക്രൈസ്തവ സഭകള്‍ക്കു കീഴിലെ കോളജുകളായിരുന്നു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്തുതന്നെ ഉമ്മന്‍ ചാണ്ടി തിരക്കിട്ട് നടത്തിയ നടപടികള്‍ക്കു പിന്നില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നെങ്കിലും അതൊന്നും ഭൂമിപതിവിന് തടസ്സമായില്ല. ലോകായുക്തയില്‍ പാട്ടകുടിശ്ശിക സംബന്ധിച്ച് കേസ് നിലനില്‍ക്കുന്ന കാര്യം സര്‍ക്കാര്‍ അറിഞ്ഞതായിപ്പോലും ഭാവിക്കാതെയായിരുന്നു ഭൂമിദാനം.

(തുടരും)

Tags:    
News Summary - vote malpractices in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.