പൊലീസിലെ ഈ ക്രിമിനലുകള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം, ജനങ്ങളോടും സുജിത്തിനോടും മുഖ്യമന്ത്രി മാപ്പുപറയണം -വി.എം. സുധീരൻ

തിരുവനന്തപുരം: ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വി.എസ്. സുജിത്തിനെ അതിക്രൂരമായി മൂന്നാംമുറയിലൂടെ തല്ലിച്ചതച്ച് കേള്‍വി നഷ്ടപ്പെടുത്തിയ കുന്നംകുളത്തെ പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമ​ന്ത്രി​യോട് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പൊലീസിന്റെ കാട്ടാളത്തം പുറത്തുവന്നത് നാടിനെയും ജനങ്ങളെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇതിനെല്ലാം ഉത്തരവാദികളായ പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ പേരിന് ചില നടപടികള്‍ സ്വീകരിച്ച് അവരെ വെള്ളപൂശാന്‍ ശ്രമിച്ച പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ കള്ളക്കളികളും വ്യക്തമായിരിക്കുകയാണ്. കേരള പൊലീസ് സേനയ്ക്കും ആഭ്യന്തരവകുപ്പിനും തീരാകളങ്കം വരുത്തിയ ഈ പൊലീസ് കുറ്റവാളികളുടെ പേരില്‍ മാതൃകാപരമായ നടപടി സ്വീകരിക്കണം.

സുജിത്തിനുനേരെ തികച്ചും മൃഗീയമായി അതിക്രമം നടത്തിയ പൊലീസിലെ ഈ ക്രിമിനലുകള്‍ ഒരുകാരണവശാലും സർവിസില്‍ തുടരാന്‍ പാടില്ല. ഇവരെ എല്ലാവരേയും സര്‍വിസില്‍നിന്നും പുറത്താക്കാനും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്താനും വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു. കേരളത്തിന് തീര്‍ത്താല്‍ തീരാത്ത അപമാനം വരുത്തിയ ഈ പൊലീസ് കാപാലികരെ രക്ഷിക്കാന്‍ ശ്രമിച്ച ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അനുയോജ്യമായ ശിക്ഷാനടപടികള്‍ ഉണ്ടാകണം.

കേള്‍വി നഷ്ടപ്പെടുകയും മാരകമായ ശാരീരിക ക്ഷതം ഏല്‍ക്കുകയും ചെയ്ത സുജിത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറായേ മതിയാകൂ. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പൊലീസില്‍ നിലനില്‍ക്കുന്ന ക്രിമിനല്‍ വാഴ്ചയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ജനങ്ങളോടും പൊലീസ് അതിക്രമങ്ങളിലെ ഇരയായ സുജിത്തിനോടും മാപ്പുപറയാന്‍ തയ്യാറാകുകയും വേണമെന്നാണ് എന്റെ അഭ്യർഥന’ -മുഖ്യമന്ത്രിക്കയച്ച തുറന്ന കത്തിൽ സുധീരൻ വ്യക്തമാക്കി.

Tags:    
News Summary - vm sudheeran against kunnamkulam police atrocity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.