പ്രഥമ വിവേകാനന്ദ് മാധ്യമ പുരസ്കാരം വി.കെ ഹംസ അബ്ബാസിന്

ദുബൈ: മിഡിൽ ഈസ്റ്റിലെ മുതിർന്ന മാധ്യമപ്രവർത്തകനും യു.എ.ഇയിലെ ഗൾഫ് ടുഡെ എഡിറ്ററുമായിരുന്ന പി.വി വിവേകാനന്ദിന്‍റെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്കാരം 'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസിന്. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ദുബൈയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ചിരന്തന സാംസ്കാരിക വേദിയും യു.എ.ഇ എക്സ്ചേഞ്ചും ചേർന്നാണ് പുരസ്കാരം നൽകുന്നത്. ചിരന്തന പ്രസിഡന്‍റ് പുന്നക്കൻ മുഹമ്മദലിയും യു.എ.ഇ എക്സ്ചേഞ്ച് ചീഫ് മാർക്കറ്റിങ് മാനേജർ ഗോപകുമാർ ഭാർഗവനും ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

മലയാള പത്രപ്രവർത്തന ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർത്ത പത്രാധിപരാണ് വി.കെ ഹംസ അബ്ബാസ്. ഇന്‍റർനെറ്റ് സാങ്കേതികവിദ്യ ഇന്ത്യയിൽ ശക്തമാകുന്നതിന് മുമ്പു തന്നെ ഇന്ത്യക്ക് പുറത്ത് മലയാളം പത്രം അച്ചടിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയും അത് വിജയകരമായി നടപ്പിൽ വരുത്തുകയും ചെയ്തു. കോഴിക്കോട് 'മാധ്യമം' ദിനപത്രം തുടങ്ങി ഒരു വ്യാഴവട്ടം പിന്നിടുംമുമ്പ് തന്നെ 1999ൽ ബഹറൈനിലാണ് 'ഗൾഫ് മാധ്യമം' പിറക്കുന്നത്.

ഇപ്പോൾ ആറു ജി.സി.സി രാജ്യങ്ങളിലായി ഒമ്പത് എഡിഷനുകളുമായി 'ഗൾഫ് മാധ്യമം' പ്രഥമ അന്താരാഷ്ട്ര ഇന്ത്യൻ പത്രമെന്ന സവിശേഷതക്കൊപ്പം വിദേശത്ത് ഏറ്റവും പ്രചാരമുള്ള ഇന്ത്യൻ പത്രമെന്ന ബഹുമതിയും കരസ്ഥമാക്കിയത് ഹംസ അബ്ബാസിന്‍റെ നിശ്ചയദാർഢ്യവും കർമ കുശലതയുമാണ്. നാട്ടിലെയും ഗൾഫ് രാജ്യങ്ങളിലെയും വാർത്തകൾ പ്രവാസികൾക്ക് ചൂടോടെ എത്തിക്കുന്നതിനപ്പുറം സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളും പരാതികളും അധികാരികളുടെ മുന്നിലെത്തിച്ച് പരിഹാരം കാണുന്നതും പത്രധർമമായി കണ്ട് 'ഗൾഫ് മാധ്യമ'ത്തെ മുന്നോട്ടു നയിക്കുകയാണ് ഹംസ അബ്ബാസ്.

കണ്ണൂരിലെ മുട്ടം ഗ്രാമത്തിൽ ജനിച്ച ഹംസ അബ്ബാസ് 1985ൽ 'മാധ്യമം' പ്രസാധകരായ ഐഡിയൽ പബ്ലിക്കേഷന്‍ ട്രസ്റ്റിന്‍റെ സ്ഥാപക ചെയർമാനായിരുന്നു. 1987ൽ 'മാധ്യമം' തുടങ്ങിയപ്പോൾ പ്രഥമ പത്രാധിപരും പബ്ലിഷറുമായി. 'ഗൾഫ് മാധ്യമം' തുടങ്ങിയപ്പോൾ മുഖ്യ പത്രാധിപരായി നിയമിതനായ അദ്ദേഹം 73ാം വയസിലും ആ സ്ഥാനത്ത് തുടരുന്നു. സാമൂഹിക, വിദ്യാഭ്യാസ രംഗത്തും സജീവമായ അദ്ദേഹമാണ് കണ്ണൂരിൽ കൗസർ ചാരിറ്റിബ്ൾ ട്രസ്റ്റ് തുടങ്ങിയത്. അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിത്വം വഹിക്കുന്നു. 'വെള്ളിമാടുകുന്നിലെ  വെള്ളിനക്ഷത്രം' എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

Tags:    
News Summary - vk hamza abbas, gulf madhyamam chief editor vivekananda media award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.