വിഴിഞ്ഞം സമരം: 1000 പേർക്കെതിരെ വധശ്രമത്തിന് കേസ്, ആർച്ച് ബിഷപ് ഒന്നാം പ്രതി

വിഴിഞ്ഞം: തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ചയുണ്ടായ സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോയെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന 1000 പേർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ, സംഘം ചേർന്ന് ആക്രമണം തുടങ്ങി ഗുരുതര വകുപ്പുകൾ ചേർത്ത എഫ്.ഐ.ആറിൽ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ് രണ്ടാം പ്രതിയും വികാരി ജനറൽ യൂജിൻ പെരേര മൂന്നാം പ്രതിയുമാണ്. 15 വൈദികരടക്കം 96 പേരാണ് വിഴിഞ്ഞം പൊലീസിന്‍റെ പ്രതിപ്പട്ടികയിലുള്ളത്. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു. സംഘർഷത്തിൽ വിഴിഞ്ഞം സ്വദേശി ഷേൾട്ടണെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചുപേർ കസ്റ്റഡിയിലാണ്.

മിൽമ സൊസൈറ്റി അടിച്ചുതകർക്കൽ, അദാനി ഗ്രൂപ് ഓഫിസിൽ അതിക്രമിച്ചുകയറി കാമറ നശിപ്പിക്കൽ, ജനകീയ സമിതിയുടെ സമരപ്പന്തൽ തകർക്കൽ, തുറമുഖ നിർമാണ പ്രവർത്തനം തടയൽ, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കൽ, വീടുകൾക്ക് കല്ലെറിയൽ, ജനകീയ സമിതി പ്രവർത്തകനെ മർദിച്ച് മൊബൈൽ കവർച്ച, ജനകീയ സമിതി പ്രവർത്തകന്‍റെ തലയടിച്ചുപൊട്ടിക്കൽ തുടങ്ങി 10 കേസാണെടുത്തത്. പ്രതിപ്പട്ടികയിൽ ഒന്നു മുതൽ 15 വരെയുള്ള വൈദികർ സംഘർഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല. ഇവർ ഗൂഢാലോചന നടത്തുകയും കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും സർക്കാറിന്‍റെയും ഹൈകോടതിയുടെയും നിര്‍ദേശം മറികടന്ന് സംഘർഷം സൃഷ്ടിക്കുകയുമായിരുന്നെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

പദ്ധതിയെ അനുകൂലിക്കുന്ന ജനകീയ സമിതി ഭാരവാഹികളായ സന്തോഷ്, വെങ്ങാനൂർ ഗോപൻ, സതികുമാർ, ശ്യാംലാൽ, നഗരസഭ മൂലൂർ വാർഡ് കൗൺസിലർ ഓമന ഉൾപ്പെടെ കണ്ടാലറിയാവുന്ന നൂറിലേറെ പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘം ചേരൽ, കലാപമഴിച്ചുവിടാൻ പ്രകോപനം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

സമരക്കാരോട് ഇനി ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. അദാനി പറഞ്ഞ നഷ്ടക്കണക്ക് ലത്തീൻ സഭയിൽനിന്ന് ഈടാക്കാൻ സർക്കാർ തീരുമാനിച്ചു. 104 ദിവസം പിന്നിട്ട സമരം വഴി 200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് തുറമുഖ നിർമാണക്കമ്പനി പറയുന്നത്. പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന ഹൈകോടതി വിധിയുടെ ചുവടുപിടിച്ചാണ് പുതിയ നീക്കം.

Tags:    
News Summary - Vizhinjam strike: Case against 1000 people for attempted murder, Archbishop first accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.