തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടിന് കമീഷൻ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം രാജ്യത്തിന് സമർപ്പിക്കും. 200ൽ പരം കപ്പലുകൾ ഇതിനോടകം വന്നുപോയ വിഴിഞ്ഞം, രാജ്യത്തെ ചരക്കുനീക്കത്തിന് ഏറ്റവും അനുയോജ്യമായ തുറമുഖമായാണ് കണക്കാക്കുന്നത്. കമീഷനിങ് കഴിയുന്നതോടെ ലോകത്തെ പ്രധാന തുറമുഖങ്ങളിൽ ഒന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതായി കഴിഞ്ഞ മാസം സർക്കാർ അറിയിച്ചിരുന്നു. ഇപ്പോൾ പ്രധാനമന്ത്രിയുടെ ലഭ്യത ഉറപ്പായതോടെ ആദ്യഘട്ടത്തിന്റെ കമീഷനിങ് തീയതി ഉറപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് തുറമുഖം അധികൃതര്‍ക്ക് ലഭിച്ചു.
കഴിഞ്ഞ വർഷം ജൂലൈ മുതൽ മദർഷിപ്പുകളടക്കം നിരവധി കൂറ്റൻ ചരക്കുകപ്പലുകൾ വിഴിഞ്ഞം തുറമുഖത്തിലേക്ക് എത്തിയെങ്കിലും ഔദ്യോഗിക സമർപ്പണം പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി നീളുകയായിരുന്നു. ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്- തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, സംസ്ഥാന തുറമുഖ മന്ത്രി വി എൻ വാസവൻ, വ്യവസായ മന്ത്രി പി രാജീവ്, ഡോ. ശശി തരൂർ എംപി, വ്യവസായി ഗൗതം അദാനി അടക്കമുള്ളവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതു വഴി തുറമുഖത്തിന്റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം വരെയായി ഉയര്‍ത്താന്‍ സാധിക്കും. 2028ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാറും. തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10,000 കോടി രൂപയുടെ ചെലവാണു പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.