File Photo

വിഴിഞ്ഞം സമരത്തെ നേരിടാൻ ചേരുവ തയ്യാർ; ഇനി എൻ.ഐ.എക്കു വരാം, യു.എ.പി.എയാവാം -ഡോ. ആസാദ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരത്തെ എങ്ങിനെ നേരിടണമെന്ന് സി.പി.എം കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി.ജെ.പിയിൽനിന്ന് പഠിച്ചതായി ഇടതുബുദ്ധിജീവി ഡോ. ആസാദ്. സമരത്തിനെതിരെ തീവ്രവാദം, വിദേശഫണ്ട് എന്നു തുടങ്ങി രാജ്യദ്രോഹം വരെയെത്തുന്ന ചേരുവകൾ തയ്യാറാ​ക്കിയതായും ഇത് എൻ.ഐ.എക്കു വരാനും യു.എ.പി.എ ചുമത്താനുമുള്ള നീക്കമാ​ണെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണകക്ഷികൾ രണ്ടും മാരക ശക്തികളായി തിമർത്താടുകയാണെന്ന് ഇന്നത്തെ ദേശാഭിമാനി മുഖപേജിൽ പ്രസിദ്ധീകരിച്ച വാർത്ത ചൂണ്ടിക്കാട്ടി ആസാദ് പറഞ്ഞു. 'ഇവരെ പിടികൂടൂ എന്ന് ഒമ്പതു പേരുടെ ഫോട്ടോകളും താഴെ കൂടുതൽ പേരുവിവരങ്ങളും! രണ്ടു ഭരണകക്ഷികൾ രണ്ടു മാരക ശക്തികളായി തിമർത്താടുകയാണ്. ദേശാഭിമാനിക്കു കിട്ടിയത് ഇന്റലിജൻസ് റിപ്പോർട്ടാണത്രെ. കേന്ദ്ര ഇന്റലിജന്റ്സായാലും അവർക്കതു കിട്ടും. പക്ഷേ, ഈ ഒമ്പതു പേർക്കെതിരെ വല്ല കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടോ? ഇത്ര വലിയ കുറ്റത്തിന് ഒരു പരാതിയോ എഫ് ഐ ആറോ ചൂണ്ടിക്കാണിക്കാനുണ്ടോ? ഇല്ലെങ്കിലും അതൊക്കെ വന്നുകൊള്ളും. ജാമ്യത്തിലിറങ്ങിയ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാൻ യത്നിക്കുന്നപോലെ, ഹൈക്കോടതി റദ്ദാക്കിയ യുഎപിഎ പോലും സ്ഥാപിക്കാൻ സുപ്രീം കോടതിയിൽ അപ്പീൽപോകുന്നതുപോലെ ഒരു അതിതാൽപ്പര്യം വിളഞ്ഞാടുകയാണ്' -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

കേരളത്തിലെ ഭരണകക്ഷിയായ സി പി എമ്മിന്റെ മുഖപത്രം ഇന്നു കൊടുത്ത പ്രധാന വാർത്ത നോക്കൂ. ഒരു സമരത്തെ നേരിടേണ്ടത് എങ്ങനെയെന്ന് അവർ കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി ജെ പിയിൽനിന്ന് പഠിച്ചിരിക്കുന്നു. തീവ്രവാദം, വിദേശഫണ്ട് എന്നു തുടങ്ങി രാജ്യദ്രോഹം വരെയെത്തുന്ന ചേരുവകൾ തയ്യാർ. ഇനി എൻ ഐ എക്കു വരാം. യു എ പി എയാവാം. ഇവരെ പിടികൂടൂ എന്ന് ഒമ്പതു പേരുടെ ഫോട്ടോകളും താഴെ കൂടുതൽ പേരുവിവരങ്ങളും! രണ്ടു ഭരണകക്ഷികൾ രണ്ടു മാരക ശക്തികളായി തിമർത്താടുകയാണ്.

ദേശാഭിമാനിക്കു കിട്ടിയത് ഇന്റലിജൻസ് റിപ്പോർട്ടാണത്രെ. കേന്ദ്ര ഇന്റലിജന്റ്സായാലും അവർക്കതു കിട്ടും. പക്ഷേ, ഈ ഒമ്പതു പേർക്കെതിരെ വല്ല കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടോ? ഇത്ര വലിയ കുറ്റത്തിന് ഒരു പരാതിയോ എഫ് ഐ ആറോ ചൂണ്ടിക്കാണിക്കാനുണ്ടോ? ഇല്ലെങ്കിലും അതൊക്കെ വന്നുകൊള്ളും. ജാമ്യത്തിലിറങ്ങിയ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാൻ യത്നിക്കുന്നപോലെ, ഹൈക്കോടതി റദ്ദാക്കിയ യുഎപിഎ പോലും സ്ഥാപിക്കാൻ സുപ്രീം കോടതിയിൽ അപ്പീൽപോകുന്നതുപോലെ ഒരു അതിതാൽപ്പര്യം വിളഞ്ഞാടുകയാണ്.

സമരങ്ങളേറെ നയിച്ച കമ്യൂണിസ്റ്റ് പാർട്ടികൾ ശൈശവത്തിൽ നേരിട്ടത് ഗൂഡാലോചനാ കേസുകളെയാണ്. തീവ്രവാദ ആക്ഷേപങ്ങളെയാണ്. ആ കലയൊന്നും ഇപ്പോൾ ദേഹത്തുകാണില്ല. പോസ്റ്റ് മാർക്സിസ്റ്‌ പ്ലാസ്റ്റിക് സർജറി അതെല്ലാം മായ്ച്ചുകാണും. സമരങ്ങളെ നേരിടാൻ ലജ്ജയില്ലാതെ ഭരണവർഗവുമായി ഒത്തുകളിക്കുന്നു! കോർപറേറ്റുകളുടെ എച്ചിൽമോഹികളാകുന്നു. സ്വന്തം ജനതയെ പൗരത്വത്തിൽനിന്നോ പൗരാവകാശങ്ങളിൽനിന്നോ പുറന്തള്ളാൻ ഒരുമ്പെടുന്നവർക്ക് കൂട്ടു നിൽക്കുന്നു!

പിന്നിൽ ഒമ്പതംഗസംഘമെന്ന് എത്ര കൃത്യമായാണ് തലയെണ്ണിക്കാണിച്ചത്! എന്തൊരു വൈഭവം. അവരെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് ഇന്നു പകൽതന്നെ അറസ്റ്റ് പ്രതീക്ഷിക്കാമല്ലോ അല്ലേ? അവർ ഒളിച്ചു പോകുന്നതിനു മുമ്പ് പിടികൂടണേ. കേസ് നിസ്സാരമല്ല. വിഴിഞ്ഞത്തു പ്രത്യക്ഷീഭവിച്ച കേന്ദ്ര കേരള കൂട്ടുകെട്ട് കേരളത്തെ സംരക്ഷിക്കാൻ വല വിരിച്ചു കഴിഞ്ഞു എന്ന് ആശ്വാസിക്കാമല്ലോ അല്ലേ?

ആസാദ്

30 നവംബർ 2022

Tags:    
News Summary - Vizhinjam: CPM learned from BJP -Azad Malayattil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.