വിഴിഞ്ഞം ശാന്തം; സമരപ്പന്തൽ പൊളിച്ചുനീക്കി

തിരുവനന്തപുരം: മുഴങ്ങുന്ന മുദ്രാവാക്യങ്ങളും കത്തിപ്പടർന്ന സമരത്തിരകളുമായി സംഭവബഹുലമായി സമരമുന്നേറ്റങ്ങൾക്ക് വേദിയായ വിഴിഞ്ഞം ശാന്തം. മത്സ്യത്തൊഴിലാളി സമരം ഒത്തുതീർന്നതിനെ തുടർന്ന് സമരപ്പന്തലും പൊളിച്ചുനീക്കി. ആകെയുള്ള 138 സമരദിനങ്ങളിൽ 113 ദിവസവും വിഴിഞ്ഞം തുറമുഖ കവാടത്തിലെ ഈ പന്തൽ കേന്ദ്രീകരിച്ചായിരുന്നു പ്രക്ഷോഭം.

സെക്രട്ടേറിയറ്റിന് മുന്നിൽ സമരപരമ്പരകൾക്ക് പിന്നാലെ ആഗസ്റ്റ് 16 നാണ് തുറമുഖ കവാടത്തിൽ പന്തലുയർന്നത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചക്കൊടുവിൽ സമരം പിൻവലിച്ചതായി പ്രഖ്യാപനം വന്നയുടൻ ചൊവ്വാഴ്ച രാത്രിതന്നെ പന്തൽ പൊളിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ, ബുധനാഴ്ച പകലിൽ പൊലീസ് സാന്നിധ്യത്തിൽ പൊളിക്കാമെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് രാവിലെ മുതൽതന്നെ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.

പന്തൽ പൊളിക്കുമ്പോൾ സമരക്കാർ ആരുമുണ്ടായിരുന്നില്ല. 113 ദിവസത്തിനിടെ ഇത്ര വിജനമായ ഒരു ദിവസവും ഉണ്ടായിട്ടില്ല. അവശേഷിച്ചത് സമരമുദ്രാവാക്യങ്ങളും ഐക്യദാർഢ്യ ആഹ്വാനങ്ങളും നിറഞ്ഞ ഏതാനും ഫ്ലക്സ് ബോർഡുകൾ മാത്രം. ദിവസേന സമരത്തിനെത്തിയ നൂറുകണക്കിന് ആളുകൾ ഭക്ഷണം തയാറാക്കിയിരുന്ന ഷെഡാണ് അവസാനം പൊളിച്ചത്. ഇതോടെ തുറമുഖ കവാടം ഉപരോധിച്ചും കടൽ വളഞ്ഞും വള്ളങ്ങൾ കത്തിച്ചുമടക്കം തീരചരിത്രത്തിൽ സമാനതകളില്ലാത്ത പ്രക്ഷോഭത്തിനാണ് തിരശ്ശീല വീണത്.

2022 ജൂലൈ 19 നാണ് തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ മത്സ്യത്തൊഴിലാളികളുടെ സമരം തുടങ്ങിയത്. പ്രദേശത്ത് സമരപ്പന്തൽ ഉയർന്നതിനു പിന്നാലെ ആഗസ്റ്റ് 18ന് സമരസമിതിയുമായി ആദ്യത്തെ മന്ത്രിസഭാ ഉപസമിതി യോഗം ധാരണയിൽ എത്താതായയോടെ സെപ്‌‌റ്റംബർ 18ന് സെക്രട്ടേറിയറ്റിന് മുന്നിൽ തുറമുഖത്തിനെതിരെ സാംസ്‌കാരിക കൂട്ടായ്‌മ നടന്നു. പിന്നാലെയാണ് തുറമുഖത്തിലേക്ക് തള്ളിക്കയറിയുള്ള സമരങ്ങളിലേക്കെത്തുന്നത്.

നവംബർ 27ന് പൊലീസ് സ്റ്റേഷൻ ആക്രമണവും. ഇതിനെല്ലാം ഒടുവിലാണ് അനുനയ നീക്കങ്ങളും ഒത്തുതീർപ്പും.

Tags:    
News Summary - Vizhinjam Calm and serene; The protest camp was demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.