ജയിലിലെ തൂങ്ങിമരണം : എ.സി.പി അന്വേഷിക്കും

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ ജീവപര്യന്തം തടവുകാരന്‍ ആത്മഹത്യ ചെയ്തത് ഗുരുവായൂര്‍ അസിസ്റ്റന്‍റ് കമീഷണര്‍ പി. ശിവദാസന്‍ അന്വേഷിക്കും. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞ തിരുവനന്തപുരം ചാരുവിള പുത്തന്‍ വീട്ടില്‍ അശോകനെയാണ് (42) തിങ്കളാഴ്ച ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ജയിലില്‍ അശോകന്‍ ആക്രമിക്കപ്പെട്ടിരുന്നു. 

ആക്രമിച്ചവരെ പാര്‍പ്പിച്ച സെല്ലില്‍ അശോകനെയും അയക്കാന്‍ ശ്രമമുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ വീണ്ടും ആക്രമിക്കപ്പെടുമെന്നും കാണിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രി, ഡി.ജി.പി, ജയില്‍ ഡി.ജി.പി, കലക്ടര്‍, മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതിന്‍െറ പിറ്റേന്നാണ് തൂങ്ങിമരിച്ചത്. ഈ സാഹചര്യത്തിലാണ് അന്വേഷണം. ചൊവ്വാഴ്ച രാവിലെ പേരാമംഗലം സി.ഐ മണികണ്ഠന്‍െറ നേതൃത്വത്തില്‍ വിയ്യൂര്‍ പൊലീസ് ജയിലില്‍ പരിശോധന നടത്തി. 
ഇതിനിടെ പോസ്റ്റ്മോര്‍ട്ടം നടപടി വൈകിയതായും ആരോപണമുണ്ട്. തിങ്കളാഴ്ച മൃതദേഹം ബന്ധുക്കളെ കാണിക്കാതെയും പോസ്റ്റ്മോര്‍ട്ടത്തിന് വിടാതെയും ബോധപൂര്‍വം വൈകിപ്പിച്ചുവെന്നാണ് ആക്ഷേപം. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് പോസ്റ്റ്മോര്‍ട്ടം തുടങ്ങിയത്. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറി. ജയില്‍ അധികൃതരാണ് അശോകനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചതെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. സെപ്റ്റംബറിലാണ് അശോകന്‍ ജയിലില്‍ ആക്രമിക്കപ്പെട്ടത്. സെല്ലില്‍ പരിശോധനക്കിടെ കഞ്ചാവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. അശോകന്‍ വിവരം നല്‍കിയതിന്‍െറ പേരിലാണ് പരിശോധന നടന്നതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അശോകന്‍െറ മുഖത്തും കഴുത്തിലും ബ്ളേഡുകൊണ്ട് വരയുകയും മര്‍ദിക്കുകയും ചെയ്തു. 

തുടര്‍ന്ന് ആക്രമിച്ചവരില്‍ ചിലരെ സെല്ലില്‍നിന്ന് മാറ്റി. ഇതിനിടെ ചികിത്സാര്‍ഥം അശോകന്‍ സെപ്റ്റംബര്‍ 23 മുതല്‍ പരോളില്‍ പോയി. കഴിഞ്ഞ 26നാണ് തിരിച്ചത്തെിയത്. ആക്രമികള്‍ താമസിക്കുന്ന സെല്ലിലേക്ക് മാറ്റുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞുവെന്ന് കാണിച്ചാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. 14 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുകയാണ് അശോകന്‍.
 

Tags:    
News Summary - viyyur jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.