യു.ഡി.എഫിലെടുക്കണമെന്ന് വിഷ്ണുപുരം പലതവണ ആവശ്യപ്പെട്ടു, ഇപ്പോൾ പിന്മാറിയതിന്‍റെ കാരണം അറിയില്ല- വി.ഡി സതീശൻ

കൊച്ചി: ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായ വിഷ്ണുപുരം ചന്ദ്രശേഖരൻ നിരവധി തവണ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫിലേക്കെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തന്നെയും രമേശ് ചെന്നിത്തലയെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും വിഷ്ണുപുരം ചന്ദ്രശേഖരൻ വന്ന് കണ്ടിരുന്നു. ഇന്നലെ അദ്ദേഹം വിളിച്ചിരുന്നുവെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫില്‍ അദ്ദേഹത്തിന്‍റെ കാര്യം ചര്‍ച്ചക്ക് വെച്ചിരുന്നു. എതിര്‍പ്പില്ലെന്ന് ഘടകകക്ഷികള്‍ അറിയിച്ചിരുന്നു. തുടർന്ന് ആദ്യഘട്ടമെന്ന നിലയിലാണ് അസോസിയേറ്റ് മെമ്പര്‍ ആക്കിയത്.യു.ഡി.എഫിലേക്ക് വരാന്‍ താത്പര്യമുള്ളവര്‍ രേഖാമൂലം കത്ത് നല്‍കിയിരുന്നു. ഇന്ന് രാവിലെയും ചന്ദ്രശേഖരന്‍ വിളിച്ചപ്പോൾ യു.ഡി.എഫില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് അറിയിച്ചിരുന്നു. അസോസിയേറ്റ് മെമ്പറാക്കുമെന്ന് പറഞ്ഞില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

ഇപ്പോൾ പിന്മാറിയതിന്റെ കാരണം അറിയില്ല. യു.ഡി.എഫ് ഘടക കക്ഷിയാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അസോസിയേറ്റ് അംഗം ആക്കിയതിൽ അതൃപ്തി ഉണ്ടാകും. അസോസിയേറ്റ് അംഗമാകാൻ താത്പര്യമില്ലെങ്കിൽ വേണ്ട. അവർക്ക് വരാനും വരാതിരിക്കാനും അവകാശമുണ്ട്. എന്തായാലും തീരുമാനത്തിൽ യു.ഡി.എഫ് നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.

പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ ഇന്ത്യന്‍ നാഷണല്‍ കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും യു.ഡി.എഫ് അസോസിയേറ്റ് അസോസിയേറ്റ് അംഗമാക്കാനുള്ള തീരുമാനം ഇന്നാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ചന്ദ്രശേഖരൻ വാർത്താസമ്മേളനം നടത്തി യു.ഡി.എഫിലേക്ക് ഇല്ലെന്ന് അറിയിച്ചത്.

യു.ഡി.എഫ് പ്രവേശന വാർത്തകള്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസുമായി ബന്ധപ്പെട്ട ആർക്കും കത്ത് നൽകിയിട്ടില്ല. നൽകിയെന്ന് പറയുന്ന തന്റെ അപേക്ഷ പുറത്തുവിടാൻ യു.ഡി.എഫ് നേതാക്കൾ തയാറാകണമെന്നും ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.

എൻ.ഡി.എയുമായി തനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. അത് പരിഹരിക്കാൻ പ്രാപ്തനുമാണ്. തനിക്കുള്ള വിഷയങ്ങൾ രാജീവ് ചന്ദ്രശേഖർ ഒരു പരിധി വരെ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ എൻ.ഡി.എ വൈസ് ചെയർമാനാണ്. എൻ.ഡി.എയുമായി അതൃപ്തിയുണ്ടെന്ന് വെളിപ്പെടുത്തിയ വിഷ്ണുപുരം എൻ.ഡി.എയുമായുള്ള അതൃപ്തി പരിഹരിക്കാൻ തനിക്ക് ശക്തിയുണ്ടെന്നും വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖർ വന്ന ശേഷം മെച്ചപ്പെട്ട പരി​ഗണന നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

താൻ ഇപ്പോഴും ഒരു സ്വയം സേവകനാണെന്നും എൻ.ഡി.എ മുന്നണിയുമായി പല അതൃപ്തികളുമുണ്ടെങ്കിലും അതിൽ നിന്ന് ചാടിപ്പോകാൻ മാത്രം അതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻ.ഡി.എ ഘടക കക്ഷികളോട് കാണിക്കുന്ന സമീപനം ഉൾക്കൊളളാൻ കഴിയാത്തതാണ്. 300ഓളം സീറ്റുകൾ ബി.ഡി.ജെ.എസിന് കൊടുത്തതിൽ അവർ വിജയിച്ചില്ല. ഞങ്ങൾക്ക് നാല് സീറ്റ് മാത്രമേ നല്കിയുള്ളു അതിലൊന്ന് ജയിച്ചു. ഘടക കക്ഷികൾക്ക് വോട്ടിടാനുള്ള വൈമനസ്യം ബി.ജെ.പിക്കുണ്ട്. ആ സമീപനം ബി.ജെ.പി തിരുത്തണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു. 

Tags:    
News Summary - Vishnupuram chandrasekharan requested it many times, don't know why it withdrew now - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.