വിജയ് ബാബുവിന് മുൻകൂർ ജാമ്യം

കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈകോടതിയുടെ മുൻകൂർ ജാമ്യം. പീഡിപ്പിച്ചു​വെന്ന്​ പറയുന്ന കാലയളവിൽ പ്രതിയും നടിയും തമ്മിൽ ഫോണിലൂടെ നടത്തിയ ആശയവിനിമയങ്ങൾ പരിശോധിച്ചും പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥർ 38 മണിക്കൂറോളം ചോദ്യംചെയ്തത്​ പരിഗണിച്ചുമാണ്​ ജസ്​റ്റിസ്​ ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്​. നടിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും തന്റെ പുതിയ ചിത്രത്തിൽ മറ്റൊരു നായികയാണെന്ന് അറിഞ്ഞശേഷമാണ് പീഡനം സംബന്ധിച്ച പരാതി നൽകിയതെന്നുമായിരുന്നു വിജയ്​ ബാബുവിന്‍റെ ഹരജിയിലെ ആരോപണം.

2022 മാർച്ച് 16 മുതൽ ഏപ്രിൽ 14വരെ കാലയളവിൽ വിജയ് ബാബു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ ഏപ്രിൽ 22നാണ് കേസെടുത്തത്. 24ന് ദുബൈയിലേക്കുപോയ വിജയ് ബാബു അവിടെനിന്നാണ് മുൻകൂർ ജാമ്യംതേടി ഹൈകോടതിയെ സമീപിച്ചത്. ഇതിനിടെ ഫേസ്ബുക്ക് ലൈവിലെത്തി ഇരയുടെ പേര്​ വെളിപ്പെടുത്തി ഭീഷണിപ്പെടുത്തിയത്​ സംബന്ധിച്ച മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തു. ഇതിലെ ജാമ്യഹരജി കോടതി നേരത്തേ തള്ളിയിരുന്നു.

നാട്ടിൽ തിരിച്ചെത്താതെ മുൻകൂർ ജാമ്യഹരജി പരിഗണിക്കാനാവില്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കുകയും ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തതോടെ ജൂൺ ഒന്നിനാണ് വിജയ് ബാബു മടങ്ങിയെത്തിയത്. ഹൈകോടതി നിർദേശപ്രകാരം ചോദ്യംചെയ്യലിനും ഹാജരായി. മുതിർന്ന സഹപ്രവർത്തകൻ എന്ന നിലയിൽ നടിയുടെ വിശ്വാസം ആർജിച്ചശേഷം അവരെ ചൂഷണംചെയ്ത പ്രതി ആട്ടിൻതോലണിഞ്ഞ ചെന്നായയുടെ സ്വഭാവം കാണിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആരോപണം. ഇയാൾ ഹാജരാക്കിയ മൊബൈലുകളിൽ മാർച്ച് 16 മുതൽ 31വരെയുള്ള സന്ദേശങ്ങൾ പൂർണമായും നശിപ്പിച്ചെന്നും ഇരയുടെ പേര്​ വെളിപ്പെടുത്തിയത്​ ഗുരുതര കുറ്റമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ലഭ്യമായ ​ഫോൺ സന്ദേശങ്ങളിൽനിന്ന് ഇവർ തമ്മിൽ തീവ്ര ബന്ധമുണ്ടായിരുന്നെന്ന് പ്രഥമദൃഷ്ട്യ വ്യക്തമാണെന്ന്​ വിലയിരുത്തിയ കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.

പ്രതി വിവാഹിതനാണെന്ന വിവരം ഇരക്ക്​ അറിയാമായിരുന്നെന്ന്​ കോടതി ചൂണ്ടിക്കാട്ടി. മാർച്ച് 16 മുതൽ ഏപ്രിൽ 14വരെ കാലയളവിൽ നടി ഒരുതരത്തിലും തടവിലായിരുന്നില്ല. വാട്​സ്​ആപ്പിലും ഇൻസ്റ്റഗ്രാമിലുമായി ഇവർ ധാരാളംതവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇരയും മൊബൈൽ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്​തിട്ടുണ്ട്​. മാർച്ച് 31 മുതൽ ഏപ്രിൽ 14 വരെയുള്ള ഇവരുടെ ഫോൺ സംഭാഷണങ്ങളിൽ പീഡനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. ഫോൺ ഉൾപ്പെടെ തെളിവുകൾ പ്രതി കൈമാറിയിട്ടുണ്ട്​. പാസ്‌പോർട്ട് റദ്ദാക്കിയ സാഹചര്യത്തിൽ രാജ്യം വിടാൻ കഴിയില്ല. സന്ദേശങ്ങൾ വീണ്ടെടുക്കാൻ ഫോണുകൾ ഫോറൻസിക് പരിശോധനക്ക്​ നൽകിയിട്ടുണ്ട്​. പ്രതിയുടെ പുതിയ ചിത്രത്തിൽ പുതിയ നായികയാണ്​ അഭിനയിക്കുന്നതെന്ന്​ ഇരയറിഞ്ഞത് ഏപ്രിൽ 15ന്​ ശേഷമാണ്. ഏപ്രിൽ 17ന് പ്രതിക്കെതിരെ ബഹളമുണ്ടാക്കി. പ്രതിയുടെ ഭാര്യ 2018ൽ ഗാർഹിക പീഡനത്തിന്​ പരാതി നൽകിയെന്നത്​ ശരിയാണെങ്കിലും ആഴ്ചകൾക്കകം പിൻവലിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന്​ ജൂൺ 27ന്​ രാവിലെ ഒമ്പതിന്​ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ചോദ്യംചെയ്യലിന് വിധേയമാകണമെന്ന ഉപാധിയോടെ ഹരജി അനുവദിക്കുകയായിരുന്നു. ആവശ്യമെങ്കിൽ ജൂലൈ മൂന്നുവരെ രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെയും ചോദ്യംചെയ്യാം. അറസ്റ്റ് ചെയ്താൽ അഞ്ചുലക്ഷം രൂപയുടെ ബോണ്ടിലും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യത്തിലും വിട്ടയക്കണം. ഇരയുമായി ഒരുതരത്തിലും ആശയവിനിമയത്തിന് ശ്രമിക്കരുത് എന്ന്​ തുടങ്ങിയ ഉപാധികളും മുന്നോട്ടുവെച്ചിട്ടുണ്ട്​.

Tags:    
News Summary - Vijay Babu granted anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.