ധനകൈമാറ്റം പൂർണമായും ഓൺലൈൻ വഴിയാക്കണമെന്ന് വിജിലൻസ്

തിരുവനന്തപുരം: അഴിമതിയില്ലാതാക്കാൻ സേവനാവകാശ നിയമം നിർബന്ധമാക്കണമെന്നും സർക്കാർ തലത്തിലുള്ള ധനകൈമാറ്റം പൂർണമായും ഓൺലൈൻ വഴിയാക്കണമെന്നുമുള്ള നിർദേശവുമായി വിജിലൻസ്. 'അഴിമതി രഹിത കേരളം' പദ്ധതിയുടെ ഭാഗമായാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ശിപാർശ വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ സർക്കാറിന് കൈമാറിയത്.

അഴിമതിക്ക് പ്രധാന കാരണം പണമിടപാടുകൾ നേരിട്ട് നടക്കുന്നതാണെന്നാണ് വിജിലൻസിന്‍റെ വിലയിരുത്തൽ. ഇതാണ് കൈക്കൂലിക്ക് കാരണമാകുന്നത്. പണം നേരിട്ട് കൈമാറുമ്പോൾ അതിനൊപ്പം ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുകയും അത് കൈമാറുകയും ചെയ്യുന്നു.

കാര്യങ്ങൾ നടന്നുകിട്ടാൻ കൈക്കൂലി നൽകുന്ന നിലയിലേക്ക് ജനങ്ങളുടെ മനസ്സും മാറിയിരിക്കുന്നു. സർക്കാർ തലത്തിലുള്ള പണമിടപാടുകൾ പൂർണമായും ഓൺലൈൻ വഴി മാറ്റിയാൽ ഇത്തരത്തിലുള്ള അഴിമതിയും കൈക്കൂലിയും ഒരു പരിധി വരെ തടയാമെന്നാണ് വിജിലൻസിന്‍റെ വിലയിരുത്തൽ.

സർക്കാർ സേവനങ്ങൾ പൂർണമായും ഓൺലൈൻ വഴിയാക്കുകയെന്നതാണ് മറ്റൊരു ശിപാർശ. ഫയലുകളിൽ മനഃപൂർവം കാലതാമസം വരുത്തി അഴിമതിക്ക് കളമൊരുക്കുന്ന വലിയൊരു വിഭാഗം ഉദ്യോഗസ്ഥരുണ്ട്.  ഫയലുകൾ പെട്ടെന്ന് തീർപ്പാക്കാൻ കൈക്കൂലി നൽകാൻ അപേക്ഷകൻ നിർബന്ധിതനാകുന്നു. ഫയലുകളിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി സ്വീകരിക്കണം. സേവനാവകാശം നിർബന്ധമാക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്.

കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിലെത്തിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും വിജിലൻസ് ആവശ്യപ്പെടുന്നു.

Tags:    
News Summary - Vigilance & Anti Corruption Bureau demands Transfer Funds Online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.