മനുഷ്യൻ സൃഷ്ടിക്കുന്ന പ്രകൃതി നശീകരണത്തിന് ഉത്തരം നൽകി ‘വേട്ട’ VIDEO

കോവിഡ് 19 ലോകത്തെ വരിഞ്ഞ് മുറുക്കിയ വർത്തമാന കാലത്ത് പ്രകൃതിയിൽ മനുഷ്യൻ സൃഷ്ടിക്കുന്ന നാശത്തെ ഓർമ്മിപ്പിക്കുന്ന ഹ്രസ്വചിത്രം ശ്രദ്ധയാകർഷിക്കുന്നു. കേവലം 27 മിനിറ്റ് ദൈർഘ്യമുള്ള ‘വേട്ട’ പ്രേക്ഷകരെ തീർത്തും അസാധാരണമായ വേറിട്ടൊരു ലോകത്തേക്കാണ് കൂട്ടികൊണ്ടു പോകുന്നത്.

ഭൂമി അതിന്‍റെ വശ്യതയും മനോഹാരിതയോടും കൂടി നിലനിൽക്കുമ്പോൾ പല സംസ്കാരങ്ങളിലൂടെ പരിഷ്കൃത സമൂഹം എന്ന പേരിൽ അതിനെ തകർത്ത് മുന്നേറുന്ന മനുഷ്യനോട് അങ്ങനെയാകരുതെന്ന് ഓർമ്മപ്പെടുത്തുകയാണ് സംവിധായകൻ പ്രിയചന്ദ്രൻ പേരയിൽ. ഒരു ആർക്കിടെക്റ്റിൽ നിന്നും ചലച്ചിത്രകാരനായുള്ള പരിവർത്തനത്തിന്‍റെ പാതയിൽ സഞ്ചരിക്കുന്ന അദ്ദേഹം ജിജി തോമസിനോടൊപ്പം തയ്യാറാക്കിയ തിരക്കഥ അടിമുടി സസ്പെൻസ് ത്രില്ലർ സ്വഭാവമാണ് അവലംബിക്കുന്നത്. ഭൂമിയുടെ അവകാശികളെ കുറിച്ച് പറഞ്ഞ വൈക്കം മുഹമ്മദ് ബഷീറിനെ ഉദ്ധരിക്കുന്നതടക്കമുള്ള സംഭാഷണങ്ങളിൽ നിറയുന്നത് പ്രകൃതി നിയമങ്ങളെ തെറ്റിക്കുന്ന മനുഷ്യന്‍റെ ആർത്തി മൂത്ത  വികസന സങ്കൽപങ്ങളാണ്.

പ്രശസ്ത അമേരിക്കൻ ഭിഷഗ്വരനായ ജോനാസ് സാൽക്കിന്‍റെ ‘ഭൂമിയിലെ സകല പ്രാണികളും നശിച്ചാൽ അമ്പത് വർഷത്തിനകം ജീവൻ അവസാനിക്കും. എന്നാൽ മനുഷ്യനാണ് നാശമെങ്കിലോ അമ്പത് വർഷത്തിനകം ഭൂമിയിലെ ജീവൻ പൂത്തുലയും’ എന്ന വിഖ്യാത ഉദ്ധരണിയിലൂടെ തീർത്തും സാവധാനമാണ് ചിത്രത്തിന്‍റെ തുടക്കം.നഗര മനുഷ്യനിൽ നിന്ന് മാറി കാടിനോട് ചേർന്നുള്ള വീട്ടിൽ കഴിയുന്ന നിഗൂഢതകളുള്ള ഭദ്രൻ എന്നയാളെ ഇന്‍റർവ്യൂ ചെയ്യാൻ ശരത്ത് എന്ന എഴുത്തുകാരൻ കാറിൽ ഒറ്റക്ക് പുറപ്പെടുന്നിടത്താണ് കഥ ആരംഭിക്കുന്നത്. പ്രസാധകനായ ജയന്ത് നൽകിയ സൂചനയേക്കാൾ വിചിത്രമായ സ്വഭാവ വിശേഷമുള്ളയാളാണ് ഭദ്രനെന്ന് ശരത്തിനോടൊപ്പം പ്രേക്ഷകരും തിരിച്ചറിയുന്ന നിമിഷങ്ങൾ ശ്വാസംപിടിച്ച് മാത്രമേ അനുഭവിക്കാനാവൂ. കാമറ കൈകാര്യം ചെയ്ത ഫ്രാങ്ക്ളിൻ ഒപ്പിയെടുത്ത രാത്രി രംഗങ്ങൾ ആസ്വാദകരെ ഭീതിയിലാഴ്ത്താൻ പോന്നതാണ്.

Full View

പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുകയും അഹങ്കരിക്കുകയും ചെയ്യുന്ന മനുഷ്യർ കാട്ടിക്കൂട്ടുന്ന തെറ്റായ പ്രവണതകൾക്കുള്ള പരിഹാരം വേട്ടയാണെന്ന ഭദ്രന്‍റെ നിഗമനം ശരത്തിനോടൊപ്പം പ്രേക്ഷകനെയും ഞെട്ടിപ്പിക്കും. അതുമായി ബന്ധപ്പെട്ട ഉദ്വേഗ ജനകമായ രംഗങ്ങൾക്ക് ഷിയാദ് കബീറിന്‍റെ പശ്ചാത്തല സംഗീതവും ഷെഫിൻ മായന്‍റെ സൗണ്ട് ഡിസൈനും സമ്മാനിക്കുന്ന  ഇഫക്റ്റ് ചെറുതൊന്നുമല്ല. ഒപ്പം എഡിറ്റിങ് നിർവഹിക്കുന്ന ഇജാസ് നൗഷാദും അഭിനന്ദനം അർഹിക്കുന്നു. എടുത്ത് പറയേണ്ട മറ്റൊന്ന് അഖിൽ അനിൽകുമാറിന്‍റെ ക്രിയേറ്റീവ് ഡയറക്ടർ എന്ന നിലയിലെ സംഭാവനയാണ്.

കാട്ടിലെ വീട്ടിൽ സദാ മഴുവുമായി നടക്കുന്ന ഊമയായ പണിക്കാരൻ ഇന്ദുചൂഡനും കണ്ണുകൾ കൊണ്ട് മാത്രം സംസാരിക്കുന്ന ദേവിയും പ്രേക്ഷകരുടെ മനസ്സിൽ കുടിയേറും. ശരത്തിനെ അവതരിപ്പിക്കുന്നത് സംവിധായകൻ പ്രിയചന്ദ്രൻ തന്നെയാണ്. താൻ  തന്നെ സംവിധാനം ചെയ്ത ഡിറ്റക്റ്റീവ് ശരത് സീരിസുകളിൽ മുഖ്യ കഥാപാത്രമായി അദ്ദേഹം അഭിനയിച്ചിരുന്നു. ഭദ്രനായി മുനവർ ഉമറും ദേവിയായി അരുണ രാജീവും ഇന്ദുചൂഡനായി കെ.പി. പ്രശാന്തും വേഷമിടുമ്പോൾ അപ്രതീക്ഷിതമായി കടന്ന് വരുന്ന മറ്റൊരു കഥാപാത്രമായി പി.ആർ.എസ് രാജയും വേഷമിടുന്നു.

ഒഴുകുന്ന പുഴകളെ തടയുന്ന കൈകളെ
തഴുകുന്ന കാറ്റിൽ നീ പരത്തുമീ വിഷക്കറ
ഇനിയെത്ര കാടുകൾ നിനക്കിനി വേണമോ
ഇനിയെത്ര ജീവികൾ നിനക്കായി മരിക്കണം
മിണ്ടാത്ത പ്രാണികളുടെ പറയാത്ത വാക്കുകളുടെ
താങ്ങാത്ത രോഷത്താൽ തിളങ്ങുമെൻ വാൾമുന
കാലത്തിൻ വെറുമൊരു കാലാൾ ഭടൻ ഞാൻ
നിൻ അന്ത്യം കുറിയ്ക്കാൻ തുടങ്ങുന്നു വേട്ട ഞാൻ...

സംവിധായകൻ രചിച്ച കവിതയിലെ വരികൾ ചിത്രത്തിന്‍റെ സന്ദേശം പൂർണമായി ഉൾക്കൊള്ളാൻ പോന്നതാണ്.  പരിസ്ഥിതി ദിനാചാരണങ്ങൾ ആഘോഷങ്ങളും പ്രഹസനങ്ങളുമായി പരിണമിക്കുമ്പോൾ ചിത്രം നൽകുന്ന സന്ദേശം വന്യമായ ചിന്തകൾക്ക് അപ്പുറം മനുഷ്യ മസ്തിഷ്ക്കങ്ങളെ ഇളക്കിമറിക്കാൻ പോന്ന ശക്തമായൊരു കണ്ണ് തുറപ്പിക്കലായി ‘വേട്ട’ മാറുകയാണ്.


 

Tags:    
News Summary - VETTA The Hunt Malayalam Thriller Short Film Priyachandran Perayil -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.