കൊല്ലപ്പെട്ട അഹ്സാൻ, ഫർസാന, സൽമാബീവി എന്നിവർ
തിരുവനന്തപുരം: എല്ലാവരെയും കൊന്ന് ജീവനൊടുക്കാനായിരുന്നു തന്റെ തീരുമാനമെന്നാണ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫ്സാൻ പൊലീസിനോട് പറഞ്ഞത്. രാവിലെ ഒമ്പതിനും വൈകീട്ട് ആറിനും ഇടയിലാണ് കൊലപാതകങ്ങൾ നടന്നത്. സഹോദരൻ ഒമ്പതാം ക്ലാസ് വിദ്യാർഥി അഹ്സാൻ (13), പെൺസുഹൃത്ത് ഫർസാന (23), പിതൃസഹോദരൻ എസ്.എൻ പുരം ആലമുക്ക് ലത്തീഫ് (69), ഭാര്യ ഷാഹിദ (59), പിതൃമാതാവ് പാങ്ങോട് എലിച്ചുഴി പുത്തൻ വീട്ടിൽ സൽമാബീവി (95) എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് ഷമീന റഹിം (60) അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇവർ അർബുദ രോഗിയുമാണ്.
പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലായി മൂന്നിടങ്ങളിലായാണ് കൊലപാതകങ്ങൾ നടന്നത്. അഫ്നാൻ താമസിക്കുന്ന പേരുമലയിലെ വീട്ടിലാണ് സഹോദരൻ അഹ്സാന്റെയും ഫർസാനയുടെയും മൃതദേഹം കണ്ടെത്തിയത്. 10 കിലോമീറ്ററിലേറെ അകലെ എസ്.എൽ പുരത്തെ വീട്ടിലാണ് പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവർ കൊല്ലപ്പെട്ടത്. പേരുമലയിൽനിന്ന് 20 കി.മീറ്ററിലേറെ അകലമുള്ള പാങ്ങോട്ടെ വീട്ടിലാണ് പിതൃമാതാവ് സൽമാബീവി കൊല്ലപ്പെട്ടത്.
അഫ്നാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് കൊലപാതകം നടത്തിയെന്നാണ് വ്യക്തമാകുന്നത്. ആരാണ് ആദ്യ കൊല്ലപ്പെട്ടതെന്നോ പ്രകോപനം എന്തെന്നോ വ്യക്തമായിട്ടില്ല. കൊലപാതകത്തിന് ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ ഹാജരായി അഞ്ചു പേരെ കൊന്നതായി ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. ഇയാൾ പറഞ്ഞതനുസരിച്ച് പൊലീസ് വീടുകളിൽ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്നിടത്തും പൊലീസ് എത്തിയപ്പോൾ പരിസരവാസികൾ വിവരം അറിഞ്ഞത്.
ക്രൂരകൃത്യത്തിന് ശേഷം എലിവിഷം കഴിച്ച് ജീവനൊടുക്കാനും ഇയാൾ ശ്രമിച്ചു. പ്രതിയെ പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല. ചുറ്റിക കൊണ്ട് തലക്കടിച്ചും മറ്റുമാണ് കൊലപാതകം നടത്തിയത്. കൊലക്ക് ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടാണ് വീടുവിട്ടത്. വൈകുന്നേരം ആറോടെയാണ് അഫ്നാൻ പൊലീസ് സ്റ്റേഷനിലെത്തി കൂട്ടക്കൊല വിവരം അറിയിച്ചത്.
കൊടുംക്രൂരതക്ക് 23കാരനെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് പ്രാഥമിക വിവരം. പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഒരു കുടുംബത്തിലെ എല്ലാവരെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് പറയുന്നു. അഫ്നാന്റെ പിതാവ് റഹിം സൗദി അറേബ്യയിൽ ഫർണിച്ചർ വ്യാപാരിയാണ്. അഫ്നാനും മാതാവും രണ്ടു മാസം മുമ്പാണ് പിതാവിന്റെ അടുത്തുപോയി തിരിച്ചുവന്നതെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.