എട്ട് ദിവസത്തെ ആശുപത്രിവാസം; അഫാനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. കൊല നടത്തി എട്ടാംദിവസമാണ് അഫാനെ ജയിലിലേക്ക് മാറ്റുന്നത്. അഫാനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. അഫാൻ ആശുപത്രിയിലായതിനാൽ സംഭവസ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. കൊലപാതകങ്ങൾക്ക് പിന്നാലെ എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് അഫാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നത്.

ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ (23) മൂന്നു സ്ഥലങ്ങളിലായാണ്‌ കൊലപാതകം നടത്തിയത്‌. സഹോദരൻ അഫ്‌സാൻ (13), ബാപ്പയുടെ സഹോദരൻ പുല്ലമ്പാറ എസ്‌എൻ പുരം ആലമുക്കിൽ ലത്തീഫ്‌ (69), ഭാര്യ സജിതാ ബീവി(59), ബാപ്പയുടെ ഉമ്മ സൽമാബീവി (92), അഫാന്റെ സുഹൃത്ത്‌ വെഞ്ഞാറമൂട്‌ മുക്കുന്നൂർ സ്വദേശി ഫർസാന (19) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. അഫാന്റെ അമ്മ ഷെമിക്ക് (40) ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ ചികിത്സയിലാണ്.

ഓരോ കൊലപാതകവും പ്രത്യേക കേസായാണ് പരിഗണിക്കുന്നത്. നിലവിൽ മൂന്ന് കൊലക്കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പിതൃമാതാവ് സൽമാബിവി, സുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറ​സ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ സാജിതയെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തും.

അഫാന്റെ മെഡിക്കൽ റിപ്പോർട്ട് കഴിഞ്ഞ ദിവസം പൊലീസിന് കൈമാറിയിരുന്നു. പ്രതിയുടെ മാനസികനിലയിൽ പ്രശ്നമില്ലെന്നാണ് മെഡിക്കൽ കോളേജിലെ മനോരോഗ വിദഗ്ധൻ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകവും തുടർന്നുണ്ടായ പ്രശ്‌നങ്ങളും അഫാന്റെ മാനസികനിലയെ ബാധിച്ചിട്ടില്ലെന്നാണ് മെഡിക്കൽ സംഘത്തിന്‍റെ കണ്ടെത്തൽ. രക്തസാംപിളുകളുടെ പരിശോധനാഫലം പുറത്തുവന്നിട്ടില്ലെങ്കിലും മദ്യം അല്ലാതെ, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയിട്ടില്ലെന്നാണ് ഡോക്ടർമാർ അന്വേഷണസംഘത്തെ അറിയിച്ചത്.

സാമ്പത്തികമായി സഹായിക്കാത്ത മറ്റൊരു അമ്മാവനോടും പകതോന്നി കൊലപ്പെടുത്താൻ അഫാൻ ഉദ്ദേശിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കിയെന്നാണ് മൊഴി. മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷഹീദ, പെൺസുഹൃത്ത് ഫർസാന, ഇളയസഹോദരൻ അഫ്‌സാൻ, മാതാവ് ഷെമി എന്നിവരെ കൊലപ്പെടുത്തിയതിനു ശേഷം തട്ടത്തുമലയിലെത്തി രണ്ടുപേരെക്കൂടി കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ, അനുജൻ അഫ്‌സാൻ കൺമുന്നിൽ മരിച്ചതോടെ എല്ലാ ധൈര്യവും ചോർന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Tags:    
News Summary - Venjaramoodu Mass Murder Afan discharged from hhospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.