ഒരാഴ്ചക്കിടെ കുടുംബത്തിലെ മൂന്നുപേർ മയക്കുമരുന്നുമായി അറസ്റ്റിൽ
മഞ്ചേരി: ചില്ലറവിപണിയിൽ ഒരു ലക്ഷം രൂപ വില വരുന്ന 20.68 ഗ്രാം എം.ഡി.എം.എയുമായി വേങ്ങര സ്വദേശി പിടിയിൽ. ഇരിങ്ങല്ലൂർ കല്ലങ്കയം സ്വദേശി ചിറയിൽ വീട്ടിൽ വിനീഷിനെയാണ് (40) മലപ്പുറം ഡാൻസാഫ് ടീമും മഞ്ചേരി പൊലീസും ചേർന്ന് ശനിയാഴ്ച വൈകീട്ട് എം.ഐ.സി സ്കൂളിന് സമീപം ഹാഫ് വള്ളുവമ്പ്രം റോഡിൽനിന്ന് പിടികൂടിയത്.
പ്രതിയുടെ സഹോദരൻ ദിൽരാജിനെ വെള്ളിയാഴ്ച പുലർച്ചെ 102 ഗ്രാം എം.ഡി.എം.എയുമായും അമ്മാവൻ മനോജിനെയും കൂട്ടാളികളെയും ഈ മാസം ആറിന് 357 ഗ്രാം എം.ഡി.എം.എയുമായും വള്ളുവമ്പ്രം ചീനിക്കലിൽനിന്ന് പിടികൂടിയിരുന്നു. ഇവരിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഒരാഴ്ചക്കിടെ കുടുംബത്തിലെ മൂന്നുപേരെയാണ് ലഹരിക്കേസിൽ പിടികൂടിയത്.
വേങ്ങര, മലപ്പുറം, കോട്ടക്കൽ, മഞ്ചേരി, പൂക്കോട്ടൂർ, വള്ളുവമ്പ്രം എന്നീ ടൗണുകൾ കേന്ദ്രീകരിച്ച് ടാക്സി ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് യുവാക്കളെയും കോളജ് വിദ്യാർഥികളെയും ലക്ഷ്യംവെച്ച് സിന്തറ്റിക് ലഹരിവിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് വിനീഷ്.
മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം മലപ്പുറം ഡിവൈ.എസ്.പി ബി. അനിൽ, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എൻ. സുനിൽകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ മഞ്ചേരി സബ് ഇൻസ്പെക്ടർ ശിശിര ശശികുമാർ, എസ്.സി.പി.ഒമാരായ എൻ.എം. അബ്ദുല്ല ബാബു, തൗഫീഖ് മുബാറക്, നിഷാദ്, സജീഷ് എന്നിവരും ഡാൻസാഫ് ടീം അംഗങ്ങളായ ഐ.കെ. ദിനേഷ്, പി. മുഹമ്മദ് സലീം, കെ.കെ. ജസീർ എന്നിവരും അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.