വേണാടിന്റെ വൈകിയോട്ടം: വലക്കുന്നുവെന്ന് യാത്രക്കാർ

തിരുവനന്തപുരം: വേണാട് എക്സ്പ്രസിന്റെ വൈകിയോട്ടം വലക്കുന്നുവെന്ന് യാത്രക്കാർ. എറണാകുളം ജില്ലയിലേക്ക് ജോലിസംബദ്ധമായ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനാണ് വേണാട്. എന്നാൽ വേണാട് പതിവായി അരമണിക്കൂറിലേറെ വൈകിയാണ് ഇപ്പോൾ കോട്ടയം, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ എത്തിച്ചേരുന്നത്. 

റെയിൽ മാർഗം തിരുവനന്തപുരത്ത് നിന്ന് കോട്ടയം ജില്ലയിൽ രാവിലെ ഒമ്പതിന് മുമ്പ് ഓഫീസ് സമയം പാലിക്കുകയെന്നത് അസാധ്യമായി തീർന്നിരിക്കുകയാണ്. അതുപോലെ കേരളത്തിന്റെ ഐ.ടി ഹബ്ബ് എന്നറിയപ്പെടുന്ന തൃപ്പൂണിത്തുറയിലെ ജീവനക്കാർ ഏറ്റവും കൂടുതൽ ആശ്രയിച്ചു കൊണ്ടിരുന്ന ട്രെയിനായിരുന്നു വേണാട്. എന്നാൽ സ്ഥിരമായി 09.45 ന് ശേഷമാണ് വേണാട് ഇപ്പോൾ തൃപ്പൂണിത്തുറയിൽ എത്തിച്ചേരുന്നത്.

എല്ലാ ഓഫീസുകളും പഞ്ചിങ് കർശനമാക്കി. 10 ന് ഓഫീസിൽ എത്തിച്ചേരാൻ കഴിയാതെ വരികയും പകുതി സാലറിയും ജോലിയും ജോലിയും വരെ നഷ്ടമാകുന്ന സാഹചര്യമാണ് ഇപ്പോളുള്ളത്. വേണാടിൽ ഇപ്പോൾ ഒരു ദിവസം പോലും വിശ്വസിച്ച് യാത്ര ചെയ്യാൻ സാധിക്കുന്നില്ല. ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം ഭാഗത്തുള്ള സ്ത്രീകൾ പുലർച്ചെ 05.30 നോ അതിന് മുമ്പോ വീടുകളിൽ നിന്ന് ഇപ്പോൾ യാത്രതിരിക്കുകയാണ്. വേണാട് വൈകുന്നത് മൂലം രണ്ടുമണിക്കൂറുകൾക്ക് മുമ്പേയെത്തുന്ന പാലരുവി, മെമു സർവീസുകളെയാണ് ഗത്യന്തരമില്ലാതെ സ്ത്രീകളും വിദ്യാർഥികളും ആശ്രയിക്കുന്നത്.

തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളം ജംഗ്ഷനിലേയ്ക്ക് 40 മിനിറ്റാണ് വേണാടിന് റെയിൽവേ നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അരമണിക്കൂറിലേറെ വൈകിയോടുന്ന വേണാട് എറണാകുളം ജംഗ്ഷനിൽ എത്തുമ്പോൾ കൃത്യസമയം രേഖപ്പെടുത്തുന്നു. വന്ദേഭാരതിന് വേണ്ടി പുതുക്കിയ സമയക്രമം നടപ്പിലാക്കിയതാണ് വേണാടിലെ യാത്രക്കാരെ കൂടുതൽ ബാധിച്ചത്. വന്ദേഭാരത്‌ വരുന്നതിന് മുമ്പ് 05.15 ന് ആയിരുന്നു തിരുവനന്തപുരത്ത് നിന്ന് വേണാട് പുറപ്പെട്ടുകൊണ്ടിരുന്നത്. ഇപ്പോൾ 05.20 ന് വന്ദേഭാരതും 05.25 ന് വേണാടും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.

അഞ്ചുമിനിറ്റ് വ്യത്യാസത്തിൽ പലപ്പോഴും വേണാടിന് പുറപ്പെടാനുള്ള സിഗ്നൽ ലഭിക്കാറില്ല. വന്ദേഭാരത്‌ കോട്ടയമെത്തുമ്പോൾ വേണാട് പകുതി ദൂരം പോലും ഓടിയെത്തുന്നില്ല. ഇന്റർസിറ്റി നൽകുന്ന അമിത പ്രാധാന്യം കാരണം കായംകുളം ജംഗ്ഷനിൽ വേണാട് ആദ്യമെത്തിയാലും ഇന്റർസിറ്റി സ്റ്റേഷനിൽ കയറിയ ശേഷമാണ് സിഗ്നൽ നൽകുന്നത്. വേണാട് കൃത്യസമയം പാലിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ അടിയന്തിരമായി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ സമീപിക്കുമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ജെ. അറിയിച്ചു. 

News Summary - Venad's late flight: Travelers complain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.