ചേർത്തല: ശ്രീനാരായണ ട്രസ്റ്റ് ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന പാനലിന് ഉജ്ജ്വല വിജയം. എ1 സ്കീമിലെ 3(ഡി) വകുപ്പ് പ്രകാരം 5000 മുതൽ 1,00,000 രൂപക്ക് താഴെ സംഭാവന നൽകിയവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ചേർത്തല ശ്രീനാരായണ കോളജ് ഓഡിറ്റോറിയത്തിൽ പൂർത്തിയായത്.
265 ബോർഡ് അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. ഔദ്യോഗിക പാനലിന് എതിരായി മൂന്നുപേർ മാത്രമാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ആകെ പോൾ ചെയ്ത 871 വോട്ടിൽ 89 എണ്ണം അസാധുവായി. ഔദ്യോഗിക പാനലിലെ സ്ഥാനാർഥികൾക്ക് 755 മുതൽ 777 വരെ വോട്ട് ലഭിച്ചു. എതിർ സ്ഥാനാർഥികൾക്ക് 52, 46, 19 എന്നീ ക്രമത്തിലുള്ള വോട്ട് മാത്രമാണ് നേടാനായത്. അഡ്വ. രാജേഷ് കണ്ണൻ, അഡ്വ. ഷമ്മി രാജു എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ഔദ്യോഗിക പാനലിലെ മുഴുവൻ സ്ഥാനാർഥികൾക്കും മികച്ച വിജയം സമ്മാനിച്ച മുഴുവൻ വോട്ടർമാർക്കും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എൽ. അശോകനും കൺവീനർ പി.വി. ബിനേഷും നന്ദി അറിയിച്ചു.
23ന് 3(ഐ) വിഭാഗം പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് നടക്കും. 24ന് ചെയർമാൻ, സെക്രട്ടറി, അസി. സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ സ്ഥാനങ്ങളിലേക്കുള്ള പത്രികാസമർപ്പണം ആരംഭിക്കും. 11ന് അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കും. 25ന് രാവിലെ 10 മുതൽ വൈകീട്ട് നാലു വരെയാണ് വോട്ടെടുപ്പ്. വൈകീട്ടോടെ ഫലപ്രഖ്യാപനവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.