കെ.എസ്.ആർ.ടി.സി റോയൽവ്യൂ ബസുകൾ: സുരക്ഷയിൽ ഇളവനുവദിക്കാൻ സർക്കാറിന് എന്തധികാരമെന്ന് ഹൈകോടതി

കൊച്ചി: വാഹന ഗതാഗത സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ്​ അനുവദിക്കാൻ സംസ്ഥാന സർക്കാറിന് എന്ത് അധികാരമെന്ന് ഹൈകോടതി. കേന്ദ്രനിയമം ബാധകമായ വിഷയത്തിൽ സംസ്ഥാനത്തിന് എങ്ങനെ ഇളവ്​ അനുവദിക്കാനാവും. ഇതുസംബന്ധിച്ച് വിശദീകരണം നൽകാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിന് നിർദേശം നൽകി. മൂന്നാറിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ബസുകൾക്ക് മാനദണ്ഡങ്ങളിൽ ഇളവ് നൽകി ഡിസംബർ 28ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ചാണ് വിശദീകരണം തേടിയിരിക്കുന്നത്. തുടർന്ന്, ഹരജി വീണ്ടും 31ന് പരിഗണിക്കാൻ മാറ്റി.

വാഹനരൂപമാറ്റം സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച കേസാണ് കോടതിയുടെ പരിഗണനയിലുള്ളത്. ടൂറിസത്തിന്‍റെ ഭാഗമായി സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി റോയൽവ്യൂ ബസുകളിൽ അനുവദനീയമായതിലുമധികം ലൈറ്റുകളുണ്ടെന്ന് ദൃശ്യങ്ങൾ പരിശോധിച്ച് കോടതി വിലയിരുത്തി. നാല് ഹെഡ് ലൈറ്റുകൾക്ക് പകരം ആറെണ്ണമുണ്ട്. മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമായി പാസഞ്ചർ കാബിനിലടക്കം ബഹുവർണ ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നു. സൈ‌ഡ് വിൻഡോ ഗ്ലാസ്, വീൽ ആർച്ച് എന്നിവിടങ്ങളിലും ലൈറ്റുണ്ട്. മറ്റ്​ വാഹനങ്ങൾക്ക് മാത്രമല്ല സ്വന്തം വാഹനത്തിനും അപകടമുണ്ടാക്കാവുന്നതാണ് ഈ പരിഷ്കാരങ്ങളെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

മാനദണ്ഡങ്ങളിൽ ഇളവ് നൽകി സർക്കാർ ഉത്തരവിറക്കിയ കാര്യം കെ.എസ്.ആർ.ടി.സിയാണ് കോടതിയെ അറിയിച്ചത്. സ്വകാര്യ കോൺട്രാക്ട്​ കാര്യേജുകൾ രൂപമാറ്റം നടത്തി ഓടിച്ചാൽ ഡ്രൈവറെയും ഉടമയെയും ബോഡി ബിൽഡറെയും പ്രോസിക്യൂട്ട് ചെയ്യാൻ നടപടി വേണ്ടതാണെന്ന് കോടതി വാക്കാൽ പറഞ്ഞു. ഇതിന് മുന്നോടിയായി അന്വേഷണവും വേണം.

ചുറ്റിനും ലൈറ്റുകളും മുൻവശത്തെ ചില്ലിൽ ഉൾപ്പെടെ സ്റ്റിക്കറുകളും പതിച്ച് രൂപമാറ്റം വരുത്തിയ ‘സിങ്കം’, ‘വയനാടൻ’ എന്നീ ടൂറിസ്റ്റ് ബസുകളുടെ ​േവ്ലാഗുകൾ തുറന്ന കോടതിയിൽ കാണിച്ചു. രജിസ്റ്റേർഡ് ഉടമകളെ കേസിൽ കക്ഷി ചേർക്കാനും നിർദേശിച്ചു. വയറിങ്ങിലും സ്റ്റിയറിങ്ങിലുമടക്കം രൂപമാറ്റം വരുത്തുകയാണ്. ഒട്ടേറെ വാഹനങ്ങൾ കത്തിനശിക്കുന്നു. മനുഷ്യജീവൻ നഷ്ടപ്പെടുന്നതിന് ആരാണ് ഉത്തരം പറയുകയെന്ന് കോടതി ചോദിച്ചു. അനുവദനീയമല്ലാത്ത ഫിറ്റിങ്ങുകൾക്ക് 5000 രൂപ വീതമാണ് പിഴയിടേണ്ടത്. കോടതി നിർദേശപ്രകാരം ഒരു ടൂറിസ്റ്റ് ബസിൽനിന്ന് അധികൃതർ കഴിഞ്ഞദിവസം 1,90,000 രൂപ പിഴ ഈടാക്കിയ കാര്യവും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

Tags:    
News Summary - Vehicle safety: What right does the government have to relax standards - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.