ആയുഷ് മേഖലയെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ആയുഷ് മേഖലയെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുമെന്ന് മന്ത്രി വീണ ജോര്‍ജ്. 150 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള എന്‍.എ.ബി.എച്ച്. സര്‍ട്ടിഫിക്കറ്റ് വിതരണവും ആയുഷ് സോഫ്റ്റ് വെയറുകളുടെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന് പുറത്ത് നിന്നും, വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക ചികിത്സാ സൗകര്യങ്ങളൊരുക്കും. ആയുഷ് മേഖലയുടെ വികസനത്തിനായി 532 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആയുര്‍വേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിലേക്കായി പുതുതായി 116 തസ്തികകള്‍ സൃഷ്ടിച്ചു.

ഹോമിയോപ്പതി വകുപ്പില്‍ പുതുതായി 40 മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചു. എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെന്‍സറികള്‍ സാധ്യമാക്കി. ഇത് കൂടാതെയാണ് മികച്ച സൗകര്യങ്ങളൊരുക്കി രാജ്യത്തിന് മാതൃകയായി 150 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കാനായതെന്നും മന്ത്രി പറഞ്ഞു.

സ്പോര്‍ട്സ് ആയുര്‍വേദത്തിന് വലിയ പ്രാധാന്യം നല്‍കുന്നു. സ്പോര്‍ട്സ് ആയുര്‍വേദത്തിന് വലിയ സാധ്യതകളും പ്രാധാന്യവുമാണുള്ളത്. ചികിത്സക്കും വെല്‍നസിനും പുറമേ ഗവേഷണത്തിനും ഉത്തരവാദിത്തമുണ്ട്. ആയുഷ് രംഗത്ത് സ്റ്റാന്റേഡൈസഷന്‍ കൊണ്ടുവരും. തെളിവധിഷ്ഠിത ഗവേഷണത്തിനായി കണ്ണൂരില്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രം യാഥാർഥ്യമാക്കി വരികയാണ്.

സംസ്ഥാന ആയുഷ് മേഖലയെ സവിശേഷമായി കണ്ടുകൊണ്ടാണ് എൻ.എ.ബി.എച്ചിനായി കർമ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കേരളത്തിന്റെ ആയുര്‍വേദ രംഗം ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ആദ്യമായാണ് രാജ്യത്ത് ഇത്രയും ആയുഷ് സ്ഥാപനങ്ങള്‍ക്ക് ഒന്നിച്ച് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിച്ചത്.

സംസ്ഥാനത്ത് 600 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന മികവും പദ്ധതി നിര്‍വഹണ മേന്മയും കണക്കിലെടുത്ത് പുതുതായി 100 കേന്ദ്രങ്ങള്‍ കൂടി ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ എണ്ണം 700 ആകും. പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതി തയ്യാറാക്കി വരുന്നു. വര്‍ക്കലയില്‍ ആധുനിക ആയുഷ് ചികിത്സാ കേന്ദ്രം സാധ്യമാക്കും. 14 ജില്ലകളിലും ഇതുപോലെയുള്ള ആശുപത്രികള്‍ സാധ്യമാക്കും. ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നല്‍കുന്നതിനാലാണ് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിച്ചത്. ആയുഷ് മേഖലയില്‍ ടെലിമെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. .

ചടങ്ങിൽ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, ഡോ. കെ.എസ്. പ്രിയ, ഡോ. എം.എന്‍. വിജയാംബിക, ഡോ. ടി.ഡി. ശ്രീകുമാര്‍, ഡോ. ഷീല എ.എസ്, ഡോ. സജി പി.ആര്‍, ഡോ.ആര്‍. ജയനാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Veena George said that the AYUSH sector will be turned into a health hub

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.