ശ്രുതിതരംഗം പദ്ധതിക്ക് അപേക്ഷിച്ച എല്ലാര്‍ക്കും അനുമതിയെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിയില്‍ ലഭിച്ച എല്ലാ അപേക്ഷകള്‍ക്കും അനുമതി നല്‍കിയതായി മന്ത്രി വീണ ജോര്‍ജ്. കൂടുതല്‍ ആശുപത്രികളെ ശ്രുതിതരംഗം പദ്ധതിയില്‍ എംപാനല്‍ ചെയ്യാനുള്ള നടപടി സ്വീകരിച്ചു വരുന്നു. രോഗീസൗഹൃദമായ ചികിത്സ ഉറപ്പാക്കാനായി പ്രത്യേക മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നതാണ്. ജില്ലാതല ആശുപത്രികളില്‍ കൂടി പരിശീലനം നല്‍കി ഉപകരണങ്ങളുടെ മെയിന്റന്‍സ് സാധ്യമാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

പദ്ധതിയിലുള്‍പ്പെട്ട മുഴുവന്‍ കുട്ടികളുടേയും ഉപകരണങ്ങളുടെ മെയിന്റനന്‍സ് നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ടീമിനെ മന്ത്രി യോഗത്തില്‍ പ്രത്യേകം അഭിനന്ദിച്ചു. മറ്റ് ആശുപത്രികളും സമയബന്ധിതമായി സര്‍ജറിയും മെയിന്റനന്‍സും പ്രോസസ് അപ്ഗ്രഡേഷനും പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ശ്രുതിതരംഗം പദ്ധതിയിലുള്‍പ്പെട്ട 219 പേരുടെ ഉപകരണങ്ങളുടെ മെയിന്റനന്‍സ് നടത്തി. 117 പേരുടെ ഉപകരണങ്ങളുടെ മെയിന്റനന്‍സ് ഉടന്‍ പൂര്‍ത്തിയാക്കും. ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടെ മെയിന്റനന്‍സിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കോക്ലിയര്‍ ഇംപ്ലാന്റേഷന് വേണ്ടി ടെക്നിക്കല്‍ കമ്മിറ്റി അംഗീകാരം നല്‍കിയ 79 കുട്ടികളില്‍ 33 പേരുടെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി.

33 പേരുടെ ശസ്ത്രക്രിയക്കുള്ള പ്രവര്‍ത്തനങ്ങള്‍ അതത് ആശുപത്രികളില്‍ ആരംഭിച്ചിട്ടുണ്ട്. ഉപകരണങ്ങളുടെ പ്രോസസര്‍ അപ്ഗ്രഡേഷന് വേണ്ടിയുള്ള 117 കുട്ടികളില്‍ 3 പേരുടെ പ്രോസസര്‍ അപ്ഗ്രഡേഷന്‍ നടത്തി. 76 പേരുടെ പ്രോസസര്‍ അപ്ഗ്രഡേഷന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. എത്രയും വേഗം ബാക്കിയുള്ളവരുടെ ഉപകരണങ്ങളുടേയും പ്രോസസര്‍ അപ്ഗ്രഡേഷന്‍ ആരംഭിക്കുന്നതാണ്.

ശ്രവണ വൈകല്യം നേരിടുന്ന അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ഉറപ്പാക്കുവാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രുതിതരംഗം. നിലവില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല വഹിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ വഴിയും എംപാനല്‍ ചെയ്ത ആറ് ആശുപത്രികളിലൂടെയും ഗുണഭോക്താക്കള്‍ക്ക് സൗജന്യ സേവനം ലഭ്യമാകും.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എസ്.എച്ച്.എ. ഡയറക്ടര്‍, ജോ. ഡയറക്ടര്‍, ശ്രുതിതരംഗം പദ്ധതിയിലുള്‍പ്പെട്ട ആശുപത്രികളിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Veena George said that all those who applied for the Shruthi Tarang project were allowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.