റാപ്പർ വേടൻ

കേരളം വിടരുതെന്ന ഉപാധി ഒഴിവാക്കി; വേടന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ്

കൊച്ചി: റാപ്പർ വേടന്റെ മുൻകൂർ ജാമ്യവ്യവസ്ഥകളിൽ ഇളവ് നൽകി ഹൈകോടതി. വേടൻ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് ഗവേഷക വിദ്യാർഥി നൽകിയ പരാതിയിലെ ജാമ്യവ്യവസ്ഥകളിലാണ് ഇളവ് നൽകിയത്. കേരളം വിട്ടുപോകരുതെന്ന വ്യവസ്ഥയാണ് റദ്ദാക്കിയത്. വിദേശ യാത്രക്കും അനുമതിയുണ്ട്.

രാജ്യം വിടുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം. ഗവേഷക വിദ്യാർഥി മുഖ്യമ​ന്ത്രിക്ക് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് വേടനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് യുവതി പരാതി നൽകിയത്. കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി വേടൻ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസിൽ വേടനെ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു.

2020ലായിരുന്നു കേസിനാസ്പദ സംഭവം നടന്നത്. കേസിൽ മുൻകൂർജാമ്യം അനുവദിച്ചപ്പോഴുള്ള രണ്ട്​ ഉപാധികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ വേടൻ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ വിദേശങ്ങളിലടക്കം സ്​റ്റേജ്​ പരിപാടികളുള്ളതിനാൽ കോടതി അനുമതിയില്ലാതെ കേരളം വിടരുതെന്നും എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണമെന്നുമുള്ള ഉപാധികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ്​ ഹൈകോടതിയെ സമീപിച്ചത്. 

എറണാകുളം സെൻ​ട്രൽ പൊലീസ്​ രജിസ്റ്റർ ചെയ്ത കേസിൽ സെപ്​റ്റംബർ ഒമ്പതിനാണ്​ എറണാകുളം സെഷൻസ്​ കോടതി ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്​. സ്​റ്റേജ്​ പരിപാടികൾക്ക്​ നിരന്തരം കേരളത്തിന്​ പുറത്ത്​ പോകേണ്ടിവരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി കേരളം വിടരുതെന്ന ഉപാധി ഒഴിവാക്കാൻ സെഷൻസ്​ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സെപ്​റ്റംബർ 23 മുതൽ ഒക്​ടോബർ 23 വരെ മാത്രം ഉപാധി ഒഴിവാക്കുകയാണ്​ ചെയ്തത്​.

ഒക്​​ടോബർ 25 മുതൽ ഡിസംബർ 20 വരെ വിവിധ രാജ്യങ്ങളിൽ സ്​റ്റേജ്​ പരിപാടികളുണ്ട്​. യാത്രാരേഖകൾക്ക്​ പാസ്പോർട്ട്​ നൽകേണ്ടതുണ്ട്​. തന്‍റെ ജീവിതോപാധിയാണ്​ സംഗീത പരിപാടികൾ എന്നത്​ കണക്കിലെടുത്ത്​ രണ്ട്​ ഉപാധികളും സ്ഥിരമായി ഒഴിവാക്കണമെന്നാണ്​ ഹരജിയിലെ ആവശ്യം.

Tags:    
News Summary - Vedan's bail conditions relaxed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.