വി.ഡി. സതീശന്‍റെ അഭിമുഖം നീക്കം ചെയ്തത് അബദ്ധത്തില്‍; കമന്റുകള്‍ നീക്കാനാണ് ആവശ്യപ്പെട്ടതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചാനൽ അഭിമുഖത്തിന്റെ ഒരുഭാഗം ഫേസ്ബുക്കിൽനിന്ന് നീക്കിയത് വിവാദമായതിനു പിന്നാലെ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. മനോരമ ന്യൂസ് നടത്തിയ അഭിമുഖത്തിന്‍റെ ഒരു ഭാഗം കേരള പൊലീസിന്റെ നിര്‍ദേശപ്രകാരം ഫെയ്‌സ്ബുക് നീക്കം ചെയ്തത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

അഭിമുഖത്തിനു താഴെ വന്ന കമന്റുകള്‍ നീക്കാനാണ് പൊലീസ് മെറ്റയോട് ആവശ്യപ്പെട്ടത്. കമന്റുകളില്‍ പലതും മോശം ഭാഷയിലായിരുന്നു. എന്നാല്‍ അബദ്ധത്തില്‍ അഭിമുഖം മുഴുവനായി നീക്കം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഇതു ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ പൊലീസ് മെറ്റയുമായി ബന്ധപ്പെടുകയും അഭിമുഖം പുനസ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ബി.ജെ.പിയുടെ സീല്‍ ഉള്ള കത്ത് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശം കൂടി തേടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി.

ബുധനാഴ്ച ഉച്ചയോടെയാണ് അഭിമുഖം ഒഴിവാക്കിയത്. അഭിമുഖം ഇന്ത്യയില്‍ കാണുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസിന്‍റെ സൈബര്‍ ഓപറേഷന്‍സ് വിഭാഗം ഐടി ആക്ട് 2000, സെക്‌ഷൻ 79 (3) (ബി) പ്രകാരം ഫേസ്ബുക്കിനു നോട്ടിസ് നല്‍കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങളും യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന ഗാരന്റിയടക്കമുള്ള വാഗ്ദാനങ്ങളും പരാമര്‍ശിക്കുന്ന അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെട്ട റീലിന്‍റെ ലിങ്ക് ഇപ്പോഴും ഫേസ്ബുക്കിൽ ഉണ്ടെങ്കിലും ഇന്ത്യയില്‍ വിഡിയോ കാണാന്‍ സാധിക്കില്ല.

കമന്‍റ് ബോക്സിലെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്വമേധയാ ഫേസ്ബുക്കിനു നിര്‍ദേശം നല്‍കിയെന്നാണ് ഇതുസംബന്ധിച്ച് പൊലീസിന്‍റെ വിശദീകരണം. കമന്റുകള്‍ നീക്കാനാണ് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടതെങ്കിലും കമന്‍റ് ബോക്സില്‍ ചേരിതിരിഞ്ഞുള്ള വാഗ്വാദം നടക്കുന്നത് സംഘര്‍ഷത്തിന് കാരണമായേക്കുമെന്ന വിലയിരുത്തലിലാണ് നടപടിയെന്ന് പൊലീസ് സൈബര്‍ വിഭാഗം വിശദീകരിച്ചു.

അതേസമയം, ഫേസ്ബുക് നയങ്ങള്‍ക്കും മാര്‍ഗരേഖയ്ക്കും വിരുദ്ധമായതോ ഐടി നിയമം ഉള്‍പ്പെടെ ഏതെങ്കിലും നിയമവ്യവസ്ഥകള്‍ക്ക് എതിരായതോ ആയ ഒരു ഉള്ളടക്കവും നീക്കം ചെയ്യപ്പെട്ട റീലില്‍ ഉണ്ടായിരുന്നില്ലെന്ന് ചാനൽ അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോ നീക്കം ചെയ്തതിനെതിരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും ചാനൽ പരാതി നല്‍കിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽ അറിയിച്ചു. പൊതുജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ സാധ്യതയുള്ളതുമായ നിരവധി യുആർഎല്ലുകൾ (URL) ഇതിനകം നീക്കം ചെയ്തതായും പൊലീസ് പറഞ്ഞു. ‘മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (CEO) ഔദ്യോഗികമായി വിശദീകരണം നൽകിയ കാര്യങ്ങളിൽ പോലും തെറ്റായ വ്യാഖ്യാനങ്ങൾ നൽകി പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ് ഇടപെടൽ. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയാൻ സോഷ്യൽ മീഡിയ കമ്പനികളുമായി സഹകരിച്ചാണ് സൈബർ വിഭാഗം നടപടി സ്വീകരിക്കുന്നത്.

Tags:    
News Summary - V.D. Satheesan's interview was removed by mistake -Chief Electoral Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.