വനിതാ നേതാവിന് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിക്കൊടുത്ത എസ്.എഫ്.ഐ സെക്രട്ടറി ഉള്‍പ്പെടെയുള്ള ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: വനിതാ നേതാവിന് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിക്കൊടുത്ത എസ്.എഫ്.ഐ സെക്രട്ടറി ഉള്‍പ്പെടെയുള്ള ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉന്നത വിദ്യാഭ്യാസരംഗത്തിനാകെ അപമാനകരമായ സംഭവങ്ങളാണ് ഒരോ ദിവസവും സംസ്ഥാനത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എസ്.എഫ്.ഐ നേതാക്കളുടെയും മുതിര്‍ന്ന സി.പി.എം നേതാക്കളുടെയും സഹായത്തോടെയാണ് വിദ്യാർഥി നേതാവ് മഹാരാജാസില്‍ ഗസ്റ്റ് ലക്ചററാണെന്ന വ്യാജരേഖയുണ്ടാക്കിയത്.

ഇതേ നേതാവ് സംവരണം അട്ടിമറിച്ചാണ് പി.എച്ച്.ഡി പ്രവേശനം നേടിയയതും. കാലടി സര്‍വകലാശാലയിലെ എസ്.സി എസ്.ടി സെല്‍ 2000-ല്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വി.സിയുടെ ഓഫീസും ഗുരുതരമായ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. മൂന്ന് കൊല്ലം മുന്‍പ് ഗുരുതരമായ ക്രമക്കേട് ചൂണ്ടിക്കാട്ടിയിട്ടും അത് മറച്ച് വച്ചാണ് വനിതാ നേതാവിന് സൗകര്യം ഒരുക്കിക്കൊടുത്തത്.

കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ മുഖ്യമന്ത്രി തെറ്റായ പരാമര്‍ശം നിയമസഭയില്‍ പറഞ്ഞപ്പോള്‍ തന്നെ നാല്‍പ്പത്തി രണ്ടോളം ക്രിമിനല്‍ കേസുള്ള ഒരാളെയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാക്കി വച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയതാണ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആളാണ് ഇപ്പോഴും സമരങ്ങള്‍ ഉദ്ഘാടനം ചെയ്ത് നടക്കുന്നത്. അതേ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ തന്നെയാണ് വനിതാ നേതാവിന് വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. അടിയന്തിരമായി ഇവരെയൊക്കെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

മഹാരാജാസില്‍ പി.ജിക്ക് പഠിച്ചിരുന്ന കാലത്ത് തന്നെ അവിടെ പഠിപ്പിച്ചിരുന്നെന്ന് വ്യാജരേഖയുണ്ടാക്കിയാണ് കോളജില്‍ ഗസ്റ്റ് ലക്ചററായി നിയമനം നേടിയത്. ഇതിനെല്ലാം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ നേതാവാണ് കൂട്ടു നിന്നത്. അതേ എസ്.എഫ്.ഐ നേതാവാണ് പരീക്ഷ എഴുതാതെ പാസായത്. എസ്.എഫ്.ഐ നേതാവിനെതിരെ രാവിലെ പറഞ്ഞ കാര്യങ്ങള്‍ ഉച്ചകഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പല്‍ മാറ്റിപ്പറഞ്ഞു. എസ്.എഫ്.ഐ നേതാക്കള്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയാണ് ഇത് ചെയ്യിച്ചത്. ഇന്റേണല്‍ എന്‍ക്വയറി കമ്മിറ്റി രൂപീകരിച്ച ശേഷമാണ് മാറ്റിപ്പറഞ്ഞത്. പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐക്കാര്‍ ഗണ്‍ പോയിന്റില്‍ നിര്‍ത്തിയാണ് മാറ്റിപ്പറയിപ്പിച്ചത്.

വനിതാ നേതാവിന് സംവരണം അട്ടിമറിച്ച് പി.എച്ച്.ഡി പ്രവേശനം തരപ്പെടുത്തിക്കൊടുത്തതും വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തതും എസ്.എഫ്.ഐ സെക്രട്ടറിയാണ്. പ്രധാനപ്പെട്ട നേതാക്കളുടെ സമ്മര്‍ദ്ദത്തിലാണ് വി.സിയുടെ ഓഫീസിനെ പോലും ഇടപെടുത്തിയത്. ആ നേതാക്കളുടെ പേരൊന്നും പറയിപ്പിക്കേണ്ട. പി.ജിക്ക് പഠിക്കുന്ന കാലത്ത് മഹാരാജാസില്‍ പഠിപ്പിക്കുകയായിരുന്നെന്ന തരത്തില്‍ ഉണ്ടാക്കിയ വ്യാജരേഖയെ ന്യായീകരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയെ ഓര്‍ത്ത് കേരളം ലജ്ജിക്കും.

ആള്‍മാറാട്ടം നടത്തി പി.എസ്.സി പരീക്ഷ എഴുതിയതും എസ്.എഫ്.ഐ നേതാക്കളാണ്. പി.എസ്.സിയുടെ ഉത്തരകടലാസ് പോലും എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. നിരന്തരമായി ആള്‍ മാറാട്ടം നടത്തി പല എസ്.എഫ്.ഐ നേതാക്കളും സര്‍വീസില്‍ കയറിയിട്ടുണ്ട്. എന്നിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച പെണ്‍കുട്ടിയുടെ പേര് മാറ്റി ഏരിയാ കമ്മിറ്റി സെക്രട്ടറിയെ തിരുകിക്കയറ്റിയതും ഇതേ പാര്‍ട്ടിയാണ്. വാഴക്കുല പോലുള്ള വ്യാജ തീസിസുകള്‍ നല്‍കുക, തെറ്റായ തീസിസ് നല്‍കി പി.എച്ച്.ഡി വാങ്ങുക ഇതിലെല്ലാം കേരളത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇങ്ങനെയാണെങ്കില്‍ പാവങ്ങളായ വിദ്യാർഥികള്‍ എന്തിനാണ് ഉറക്കമുളച്ച് പഠിച്ച് പരീക്ഷ എഴുതുന്നത്? എസ്.എഫ്.ഐയില്‍ ചേര്‍ന്നാല്‍ പരീക്ഷ എഴുതാതെ പാസാകാം, എന്തെങ്കിലും എഴുതി വച്ചാല്‍ പി.എച്ച്.ഡി നേടാം, വ്യാജരേഖയുണ്ടാക്കി അധ്യാപികയാകാം തുടങ്ങി എന്തും ചെയ്യാവുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. സി.പി.എമ്മും ഭരണനേതൃത്വവും ക്രിമിനലുകളെ സംരക്ഷിക്കുന്നത് ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ്. അത് വച്ചുപൊറുപ്പിക്കാനാകില്ല. ഇതാണോ മുഖ്യമന്ത്രി എപ്പോഴും പറയുന്ന ഇടതുപക്ഷ ബദല്‍. ഈ കുട്ടികളാണ് വലുതായി രാഷ്ട്രീയ നേതാക്കളാകാന്‍ പോകുന്നതെന്ന് ഓര്‍ക്കുമ്പോള്‍ പേടിയാകുന്നു.

കാട്ടക്കട കോളജില്‍ വ്യാജരേഖയുണ്ടാക്കിയ ക്രിമിനലുകള്‍ ഇപ്പോഴും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്ത് സ്വതന്ത്രമായി നടക്കുകയാണ്. കേരളത്തില്‍ ഇരട്ടനീതിയാണ്. ഹൈക്കോടതി ജാമ്യം റദ്ദാക്കിയ ആളാണ് പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് നടക്കുന്നത്. പൊലീസിന് കൈവിലങ്ങിട്ടിരിക്കുകയാണ്. അഞ്ചും പത്തും മിനിട്ട് പരീക്ഷാ ഹാളില്‍ വന്നിരുന്ന പലരും നേരത്തെ ജയിച്ചിട്ടുണ്ട്. അതേക്കുറിച്ച് കൂടി അന്വേഷിക്കണം. 

News Summary - VD Satheesan wants to arrest the criminals including the SFI secretary who created a fake certificate for the woman leader.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.