കോഴിക്കോട്: ആരോപണ വിധേയനായ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി ആവശ്യപ്പെട്ട് കാളയുമായി പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകരെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. കാളയെ കളയാതെ പാർട്ടി ഓഫിസിന്‍റെ മുറ്റത്ത് കെട്ടിയിടണമെന്നും വൈകാതെ രാജീവ് ചന്ദ്രശേഖറിന്‍റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടിവരുമെന്നും വി.ഡി. സതീശൻ പറഞ്ഞു. ബി.ജെ.പിക്കാരോട് ഒരു പ്രത്യേക കാര്യം പറയാനുണ്ട്. ഇന്നലെ അവർ കാളയുമായി കന്‍റോൺമെന്‍റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയാതെ പാർട്ടി ഓഫിസിന്‍റെ മുറ്റത്ത് കെട്ടിയിടണം. ഈ അടുത്ത ദിവസം തന്നെ ആ കാളയെ ബി.ജെ.പിക്ക് ആവശ്യം വരും. വൈകാതെ കാളയുമായി രാജീവ് ചന്ദ്രശേഖറിന്‍റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതിയുണ്ടാകും. എന്താണ് കാര്യമെന്ന് വൈകാതെ പറയാമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് കാളയുമായി യുവമോർച്ച പ്രതിഷേധം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധവുമായെത്തിയത്. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലൈംഗികാരോപണം നേരിട്ട എം.എൽ.എക്കെതിരെ തങ്ങൾ ശക്തമായ നടപടി സ്വീകരിച്ചപ്പോൾ, സി.പി.എം സമാന ആരോപണം നേരിടുന്നവരെ മന്ത്രിമാരാക്കിയെന്ന് സതീശൻ തുറന്നടിച്ചു. തിരുവനന്തപുരം ആര്യനാട്ട് പഞ്ചായത്തംഗം ജീവനൊടുക്കിയത് സി.പി.എമ്മുകാരുടെ വേട്ടയാടലിന്‍റെ ഫലമാണെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ പറഞ്ഞു.
“ലൈംഗികാരോപണം വന്നയാൾക്കെതിരെ സംഘടനാപരമായ നടപടി ഞങ്ങൾ സ്വീകരിച്ചു. റേപ്പ് കേസിൽ പ്രതിയായ പലരും നിയമസഭയിൽ ഇരിക്കുന്നു. ലൈംഗികാരോപണം നേരിടുന്ന എത്ര മന്ത്രിമാരുണ്ട്? അവരെയൊക്കെ ആദ്യം പുറത്താക്ക്. ആ എം.എൽ.എയോട് രാജിവെക്കാൻ പറ. മുഖ്യമന്ത്രിയുടെ ഓഫിസിലുൾപ്പെടെ ലൈംഗികാരോപണം നേരിടുന്ന ആളുകളെ വെച്ചുകൊണ്ട് സി.പി.എം നടത്തുന്ന പ്രതിഷേധം എം.വി. ഗോവിന്ദനെ രക്ഷിക്കാനും മന്ത്രിയുൾപ്പെട്ട ഹവാലക്കേസ് മുക്കാനുമാണ്. ജി.എസ്.ടി വകുപ്പിൽ വ്യാപക അഴിമതിയാണ് നടക്കുന്നത്. അതിന്‍റെ അറ്റം മാത്രമാണ് കാസർകോട്ടുനിന്ന് വരുന്ന വാർത്ത. ഉദ‍്യോഗസ്ഥർ കോടികളാണ് കൈക്കൂലി വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി കിട്ടിയിട്ടുണ്ട്. ജനപ്രതിനിധികളുടെ കൂടി അറിവോടെയാണ് അഴിമതി നടക്കുന്നത്.
സി.പി.എം തികഞ്ഞ സ്ത്രീവിരുദ്ധത പുലർത്തുന്ന പാർട്ടിയാണ്. പൊലീസ് സ്റ്റേഷനിൽ പോലും സ്ത്രീകൾക്ക് നീതി കിട്ടുന്നില്ല. സി.പി.എം ഈ വേട്ടയാടൽ അവസാനിപ്പിക്കണം. സാമ്പത്തിക ബാധ്യതയുള്ളയാൾക്കെതിരെ നിങ്ങൾ പൊതുയോഗം നടത്തി അധിക്ഷേപിക്കുകയാണോ? എന്തൊരു പാർട്ടിയാണിത്? എത്രമാത്രം അധഃപതിച്ചിരിക്കുന്നു. സ്ത്രീകളെ വേട്ടയാടുന്ന പാർട്ടിയായി സി.പി.എം മാറിയതിൽ ഞങ്ങൾക്ക് ശക്തമായ എതിർപ്പുണ്ട്. ഉത്തരവാദിക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുക്കണം. സി.പി.എമ്മുകാർക്ക് ശ്രീജ ഒന്നും കൊടുക്കാനില്ല. ജനങ്ങൾക്കു മുമ്പിൽ അധിക്ഷേപിക്കപ്പെട്ടതിനാലാണ് അവർ ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യത തീർക്കാൻ അവർ ലോണെടുത്തിരുന്നു” -വി.ഡി. സതീശൻ പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ ആര്യനാട്ടെ വീട്ടിൽ ആസിഡ് കുടിച്ച നിലയിൽ കണ്ടെത്തിയ ശ്രീജയെ ഉടൻ തന്നെ വീട്ടുകാർ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളാണ് ശ്രീജയെ മരിച്ച നിലയിൽ കണ്ടത്. മൂന്നുമാസത്തിന് മുമ്പ് ശ്രീജ ഗുളികൾ കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് നാട്ടുകാർക്ക് പണം കൊടുക്കാനുണ്ടെന്ന് ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കഴിഞ്ഞ ദിവസം എൽ.ഡി.എഫ് പ്രതിഷേധം നടത്തിയിരുന്നു. 80 ലക്ഷത്തോളം രൂപ നാട്ടുകാരിൽ നിന്ന് വാങ്ങിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കോൺഗ്രസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.