‘തന്‍റെ യുവത്വം രാജ്യത്തിന് പകർന്ന് നൽകി ഇന്ത്യയെ സ്വപ്‌നം കാണാൻ പഠിപ്പിച്ചയാൾ’; രാജീവ് ഗാന്ധിയുടെ ഓർമകളിൽ വി.ഡി. സതീശൻ

കോഴിക്കോട്: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വദിനത്തിൽ ഓർമകുറിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു നൊമ്പരത്തോട് കൂടെയല്ലാതെ രാജീവ് ഗാന്ധിയെ സ്മരിക്കാൻ നമുക്ക് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ യുവത്വം രാജ്യത്തിന് പകർന്നു നൽകി ഇന്ത്യയെ സ്വപ്‌നം കാണാൻ പഠിപ്പിച്ചയാളാണ് രാജീവ്. ജീവിതം കൊണ്ട് പ്രതിരോധം തീർത്തവരാണ് ഇന്ദിരയും രാജീവുമെന്നും വി.ഡി. സതീശൻ എഫ്.ബി. പോസ്റ്റിൽ വ്യക്തമാക്കി.

വി.ഡി. സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഒരു നൊമ്പരത്തോട് കൂടെയല്ലാതെ രാജീവ് ഗാന്ധിയെ സ്മരിക്കാൻ നമുക്ക് കഴിയില്ല. തന്റെ യുവത്വം രാജ്യത്തിനു പകർന്നു നൽകി, ഇന്ത്യയെ സ്വപ്‌നം കാണാൻ പഠിപ്പിച്ചയാൾ. ഏറ്റവും ചെറിയ ഒരു ഭരണകാലയളവിൽ ഇന്ത്യയെ ആധുനികതയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുകയും ശാസ്ത്ര വളർച്ചക്ക് ഗതിവേഗം നൽകുകയും ചെയ്ത നേതൃത്വമായിരുന്നു അദ്ദേഹത്തിന്‍റേത്.

രാജീവിന്റെ മരണം ഉണ്ടാക്കിയ ശൂന്യതയിൽ പോലും കുറ്റവാളികളുടെ ഉറ്റവരുടെ ദുഃഖം കൂടി തങ്ങളുടേതാക്കാൻ പോന്ന മാനവികതയുടെ പ്രതീകം കൂടിയാണ് ആ കുടുംബം. ഏറെ ദുരന്തങ്ങൾ കണ്ട അവർക്ക് വെറുപ്പിന്റെ ഒരു അംശം പോലുമില്ലാതെ അത്തരമൊരു നിലപാട് എടുക്കാൻ കഴിഞ്ഞത് അഹിംസ എന്നത് വാക്കുകൾക്കപ്പുറം അവരുടെ ജീവിതചര്യ ആയത് കൊണ്ടാണ്. ഇന്ന് ഈ രാജ്യത്ത് പടർന്നു പിടിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തോട് തങ്ങളുടെ ജീവിതം കൊണ്ട് പ്രതിരോധം തീർത്തവരാണ് ഇന്ദിരയും രാജീവും അവരുടെ പിൻതലമുറയും.

വീർഭൂമി കോൺഗ്രസിന് മാത്രമല്ല രാജ്യത്തിന് തന്നെ ഊർജ പ്രവാഹമാണ്. ആധുനിക ഇന്ത്യയുടെ ശിൽപിയാണ് രാജീവ് ഗാന്ധി. സ്നേഹത്തിന്‍റെയും മാനവികതയുടെയും മതനിരപേക്ഷതയുടേയും കൈയ്യൊപ്പ് പതിഞ്ഞ എത്രയെത്ര തീരുമാനങ്ങൾ. ദീപ്ത സ്മരണകൾക്ക് മുന്നിൽ പ്രണാമം.

Full View


1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ തമിഴ്പുലികൾ ആസൂത്രണം ചെയ്ത ചാവേർ ബോംബ് സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. 1984ൽ മാതാവും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നാണ് രാജീവ് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. 1984 ഒക്ടോബറിൽ 40ാം വയസിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി.

Tags:    
News Summary - VD Satheesan remember Rajiv Gandhi in 34th Martyrdom Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.