ക്രിസ്മസ് ആഘോഷം സംഘ്പരിവാർ തടയുന്നത് പതിവാകുന്നു, കേക്കുമായി എത്തുന്ന ചിലർ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ -വി.ഡി. സതീശൻ

കൊച്ചി: പല സംസ്ഥാനങ്ങളിലും ക്രിസ്മസ് ആഘോഷങ്ങളും കൂട്ടായ്മകളും സംഘ്പരിവാർ തടയുന്നത് പതിവായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്രിസ്മസിന് കേക്കുമായി നമ്മുടെ വീടുകളിൽ എത്തുന്നവരിൽ ചിലർ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണെന്നും അവരാണ് രാജ്യവ്യാപകമായി ക്രൈസ്തവരെ ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്ത് ഉടനീളെ ക്രൈസ്തവർ വേട്ടയാടപ്പെടുന്നു. നമ്മുടെ കേരളത്തിൽ, പാലക്കാട് കരോൾ സംഘത്തെ തടഞ്ഞു. ബൈബിൾ വിതരണം ചെയ്യുന്നത് കുറ്റകരമാണെന്ന് സംഘ്പരിവാർ പറയുന്നത് എന്തടിസ്ഥാനത്തിലാണ്? സംഘ്പരിവാറിൻ്റെ ജനാധിപത്യവിരുദ്ധ ചെയ്തികളെ രാജ്യവ്യാപകമായി പ്രതിരോധിക്കുക തന്നെ ചെയ്യും’ -സതീശൻ വ്യക്തമാക്കി.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവരെയും ക്രിസ്​മസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഭീഷണികളും വർധിച്ചുവരുന്നത്​ ആശങ്കാജനകമാണെന്ന് മേജർ ആർച്ച്​ ബിഷപ്പ് മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടിരുന്നു. ‘ചില തീവ്ര മത-സാമുദായിക സംഘടനകൾ നടത്തുന്ന ഈ അക്രമങ്ങളും അസഹിഷ്ണുതയും ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തിനും മതനിരപേക്ഷ ആത്മാവിനും എതിരായ വെല്ലുവിളിയാണ്. മതപരമായ ആഘോഷങ്ങൾ സമാധാനപരമായി നടത്താൻ എല്ലാവർക്കും തുല്യ അവകാശമുണ്ട്.

മതത്തിന്റെ പേരിൽ വിഭജനം സൃഷ്ടിക്കുന്ന എല്ലാ ശ്രമങ്ങളെയും രാജ്യം ഒരുമിച്ച് ചെറുക്കേണ്ടതുണ്ട്​. ഇത്തരക്കാർക്കെതിരെ സർക്കാർ കർശന നടപടികൾ സ്വീകരിക്കണം. നിയമം കൈയിലെടുക്കുന്ന എല്ലാ മത-തീവ്രവാദ പ്രവണതകളെയും കർശനമായി നിയന്ത്രിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്’ -അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - vd satheesan reacts sangh parivar attack christians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.