തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ എസ്.എഫ്.ഐ.ഒ പ്രതി ചേർത്തത് അതീവ ഗൗരവതരമായ വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സേവനം നൽകാതെ പ്രതിഫലം കൈപ്പറ്റിയെന്ന ആരോപണം ശരിവെക്കുന്നതാണ് എസ്.എഫ്.ഐ.ഒ കുറ്റപത്രം. പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയുടെ മകൾ ചെയ്തതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ മാത്രമാണ് വീണ വിജയന്‍റെ കമ്പനിക്ക് ഒരു സേവനവും നൽകാതെ 2.7 കോടി രൂപലഭിച്ചത്. ഈ സാഹചര്യത്തിൽ അഴിമതി നടത്തിയതിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം. ഒരു നിമിഷം പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് മകൾ പ്രോസിക്യൂഷൻ നടപടികൾ നേരിടുന്നതിനെ എങ്ങനെ ന്യായീകരിക്കും?
മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഇത്രനാൾ ന്യായീകരിച്ചവർക്ക് ഇനി എന്ത് പറയാനുണ്ട്? ഇത്രയും ഗുരുതര വിഷയത്തിൽ സി.പി.എം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ അടക്കമുള്ളവരെ പ്രതി ചേർത്ത സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന് (എസ്.എഫ്.ഐ.ഒ) പ്രോസിക്യൂഷൻ നടപടിക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അനുമതി നൽകിയത്. വീണ അടക്കമുള്ളവരെ പ്രതി ചേർത്ത എസ്.എഫ്.ഐ.ഒ കുറ്റപത്രമാണ് വാർത്താ ചാനൽ പുറത്തുവിട്ടത്.
വീണയെ കൂടാതെ എക്സാലോജിക്കും ശശിധരൻ കർത്തയും സി.എം.ആർ.എല്ലും സഹോദര സ്ഥാപനവും കേസിൽ പ്രതികളാണ്. സേവനം നൽകാതെ വീണ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്.എഫ്.ഐ.ഒയുടെ കണ്ടെത്തൽ. പ്രതികൾക്കെതിരെ ആറ് മാസം മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ, വെട്ടിപ്പ് നടത്തിയ തുകയോ അതിന്‍റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം.
മുഖ്യമന്ത്രിയുടെ മകൾ വീണ ടി, സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത, സി.എം.ആർ.എൽ സി.ജി.എം (ഫിനാൻസ്) പി. സുരേഷ് കുമാർ അടക്കമുള്ളവർക്കെതിരെയാണ് പ്രോസിക്യൂഷന് കമ്പനികാര്യ മന്ത്രാലയം അനുമതി നൽകിയത്. വീണക്കും ശശിധരൻ കർത്തക്കും എക്സലോജിക്കിനും സി.എം.ആർ.എല്ലിനും എതിരെ കമ്പനികാര്യ ചട്ടം 447 പ്രകാരമാണ് കുറ്റം ചുമത്തിയത്.
മുഖ്യമന്ത്രിയുടെ മകൾ വീണക്കും വീണയുെട സ്ഥാപനമായ എക്സലോജിക്കിനും സേവനം നൽകാതെ 2.70 കോടി രൂപയാണ് സി.എം.ആർ.എൽ, എംപവർ ഇന്ത്യ എന്നീ കമ്പനികളിൽ നിന്നും അനധികൃതമായി ലഭിച്ചത്. ശശിധരൻ കർത്തയും ഭാര്യയുമാണ് എംപവർ ഇന്ത്യ കമ്പനിയുടെ ഡയറക്ടർമാർ.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടൻ എം.എൽ.എയും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും നൽകിയ ഹരജികൾ ഹൈകോടതി നേരത്തെ തള്ളിയിരുന്നു.
നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഈ ആവശ്യം തളളിയിരുന്നു. തുടർന്ന് റിവിഷൻ ഹരജി നൽകുകയായിരുന്നു. എന്നാൽ, ഹരജി രാഷ്ട്രീയ പ്രേരിതമാണെന്ന വിജിലൻസ് കോടതി പരാമർശം അനാവശ്യമാണെന്ന് ഹൈകോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.