'പി.വി. അൻവർ എവിടെ?, ബിസിനസിനാണെങ്കില്‍ രാജിവെച്ച് പോകൂ' എന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ തുടര്‍ച്ചയായി പങ്കെടുക്കാത്ത നിലമ്പൂർ എം.എൽ.എ പി.വി. അന്‍വറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം. ജനപ്രതിനിധി ആയിരിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പോകുന്നതാണ് അന്‍വറിന് നല്ലതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് മാസങ്ങളായി അന്‍വര്‍ സ്ഥലത്തില്ലായിരുന്നു. തെരഞ്ഞെടുപ്പിന് നാട്ടിലെത്തിയ അൻവർ ഒന്നും രണ്ടും സമ്മേളനങ്ങളിലെ ഏതാനും ദിവസങ്ങൾ മാത്രമാണ് പങ്കെടുത്തത്. പിന്നീട് സ്ഥലത്തില്ല. ഇങ്ങനെയാണെങ്കില്‍ രാജിവെച്ച് പോകുന്നതാണ് നല്ലത്. ബിസിനസ് ചെയ്യാനാണ് പോകുന്നതെങ്കില്‍ എം.എൽ.എ ആയിരിക്കേണ്ട കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു.

വിഷയത്തിൽ എൽ.ഡി.എഫും സംസ്ഥാന സര്‍ക്കാരും നിലപാട് വ്യക്തമാക്കണം. ആരോഗ്യ കാരണങ്ങളിലാണ് മാറിനില്‍ക്കുന്നതെങ്കില്‍ മനസിലാക്കാമെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

15ാം നിയമസഭയുടെ മൂന്നാം സമ്മേളനമാണ് ഒക്ടോബർ നാലിന് ആരംഭിച്ചത്. കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലായി 29 ദിവസം സഭ ചേർന്നപ്പോൾ അഞ്ചു ദിവസം മാത്രമാണ് എൽ.ഡി.എഫ് സ്വതന്ത്ര അംഗമായ പി.വി. അന്‍വര്‍ സഭയിൽ എത്തിയിട്ടുള്ളത്.

നിയമസഭ സമിതി യോഗങ്ങളിലും സബ്ജക്ട് കമ്മിറ്റി യോഗങ്ങളിലും അൻവർ പങ്കെടുക്കുന്നില്ലെന്നും സഭാ സെക്രട്ടറിയേറ്റ് വിവരാവകാശ രേഖയിൽ ചൂണ്ടിക്കാട്ടുന്നു. അൻവർ അവധി അപേക്ഷ നൽകിയിട്ടില്ലെന്നാണ് കെ.പി.സി.സി സെക്രട്ടറി സി.ആർ പ്രാണകുമാറിന്‍റെ അപേക്ഷയിൽ മറുപടി കിട്ടിയത്. 

Tags:    
News Summary - VD Satheesan attack to PV Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.