കുഞ്ഞിനെ ദത്ത് നൽകാൻ കൂട്ടുനിന്നവർക്കെതിരെ എന്ത് നടപടിയെടുക്കുമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ ശിശുക്ഷേമ സമിതിയിലും സി.ഡബ്ല്യു.സിയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ എന്തു നടപടിയെടുത്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ ക്രൂരതക്കും നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിയവരും കൂട്ടുനിന്നവരും മാത്രമല്ല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളെ സമീപിച്ചവരും ശിക്ഷിക്കപ്പെടണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ഏതു കുഞ്ഞിനെയും വില്‍പനക്ക് വെക്കാമെന്നാണ് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികള്‍ക്കും വിഷമം ഉണ്ടാക്കിക്കൊണ്ടാണ് ഈ വിഷയം ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. സി.ഡബ്ല്യു.സിയിലും ശിശുക്ഷേമസമിതിയിലും നടക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കണം. എല്ലാം പാര്‍ട്ടി മാത്രം അന്വേഷിച്ചാല്‍ പോര. ദൂരൂഹത നിറഞ്ഞ സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് അന്വേഷിക്കണം.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഇതേക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. മാധ്യമങ്ങള്‍ വിവാദമാക്കിയപ്പോള്‍ മാത്രമാണ് പ്രതികരിക്കാന്‍ തയാറായത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി ചേര്‍ന്ന് കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചെന്നാണ് ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ പാര്‍ട്ടി എങ്ങനെയാണ് തീരുമാനിക്കുന്നത്? നടപടിക്രമങ്ങള്‍ എല്ലാം കാറ്റില്‍പ്പറത്തി അമ്മ കുഞ്ഞിനെ അന്വേഷിച്ച് നടക്കുമ്പോഴാണ് ദത്ത് നല്‍കിയത്.

കുഞ്ഞിനെ കേരളത്തില്‍ നിന്നും കടത്താന്‍ പാര്‍ട്ടിയാണ് തീരുമാനിച്ചത്. എന്ത് ഇടതുപക്ഷ സ്വഭാവമാണ് ഇവര്‍ക്കുള്ളത്? വലതുപക്ഷ വ്യതിയാനമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കുഞ്ഞിന്‍റെ കാര്യത്തില്‍ എടുത്ത നടപടി മാത്രം പരിശോധിച്ചാല്‍ മതി അവരുടെ പുരോഗമന നിലപാട് വ്യക്തമാകാന്‍. കേരളത്തിലെ സി.പി.എമ്മിന് ജീര്‍ണത സംഭവിച്ചിരിക്കുകയാണ്. വിഷയത്തില്‍ പുരോഗമനപരമായ നിലപാടാണ് പ്രതിപക്ഷം നിയമസഭക്കുള്ളിലും പുറത്തും സ്വീകരിച്ചതെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - VD Satheesan asked what action was taken against anupama child kidnap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.