കൊച്ചി: സംഘപരിവാർ സംഘടനയുടെ ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള വൈസ് ചാൻസലർമാർ പങ്കെടുത്തത് വിവാദമാകുന്നു. വിദ്യാഭ്യാസനയം കാവിവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സമ്മേളനം എന്ന വിമർശനം നേരത്തെ സി.പി.എം ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചിരുന്നു. രണ്ടുദിവസമായി കൊച്ചിയിൽ നടന്നുവരുന്ന ‘ജ്ഞാനസഭ’ വിദ്യാഭ്യാസ സമ്മേളനത്തിലാണ് വി.സിമാർ പങ്കെടുത്തത്. പരിപാടി ഇന്ന് അവസാനിക്കും.
സംഘപരിവാർ സംഘടനയായ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ആണ് ‘ജ്ഞാനസഭ’ എന്ന പേരിൽ കൊച്ചിയിൽ ദേശീയ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ ആര്‍.എസ്.എസ് സർസംഘ ചാലക് മോഹൻ ഭാഗവത് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്. ഈ പരിപാടിയിലാണ് ഞായറാഴ്ച വിവിധ സെഷനുകളിലായി സംസ്ഥാനത്തെ സർവകലാശാലകളിലെ നാലു വൈസ് ചാൻസലർമാർ പങ്കെടുത്തത്.
അമൃത ആശുപത്രിയിലെ ഓഡിറ്റോറിയത്തിൽ നടന്ന മുഖാമുഖത്തിലും പൊതുസഭയിലുമായി കേരള സർവകലാശാല വി.സി മോഹൻ കുന്നുമ്മൽ, കാലിക്കറ്റ് സർവകലാശാല വി.സി പി. രവീന്ദ്രൻ, കണ്ണൂർ വിസി കെ.കെ. സാജു, കുഫോസ് വി.സി എ. ബിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു. സംഭവം വിവാദമായതോടെ മോഹൻ ഭാഗവതിന്‍റെ പരിപാടിയിയിൽ താൻ പങ്കെടുത്തിരുന്നില്ല എന്ന വിശദീകരണ കുറിപ്പുമായി കുഫോസ് വി.സി എ.ബിജുകുമാർ രംഗത്തെത്തെത്തി. വിവാദത്തിൽനിന്നും തലയൂരാനായിരുന്നു കുഫോസ് വിസിയുടെ ശ്രമം.
ജ്ഞാന സഭയുടെ ഭാഗമായി നടന്ന പൊതുസഭയിൽ അധ്യക്ഷത വഹിച്ചത് കേരള ഗവർണർ ആർ.വി. അർലേക്കർ ആയിരുന്നു. താൻ അധ്യക്ഷനായ ആർ.എസ്.എസ് പരിപാടി ആയിട്ടു പോലും ഇത്തവണ ആർ.എസ്.എസിന്‍റെ ഭാരതാംബ ചിത്രം വെയ്ക്കാൻ ഗവർണറുടെ സമ്മർദമുണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ പരിപാടി സമാപിക്കും.
ആർ.എസ്.എസ് സർസംഘചാലക് പങ്കെടുക്കുന്ന ജ്ഞാനസഭയിൽ വൈസ് ചാൻസലർമാർ പങ്കെടുക്കുന്നത് കേരളത്തിന് അപമാനമാണെന്നായിരുന്നു നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. വി.സിയെ മുഖ്യമന്ത്രിയായ ഇ.എം.എസ് അങ്ങോട്ടുപോയി കണ്ട പാരമ്പര്യമുള്ള നാടാണിതെന്ന് ഓർക്കണം. വ്യക്തികൾ എന്ന നിലക്ക് വി.സിമാർക്ക് ജ്ഞാനസഭയിൽ പങ്കെടുക്കാമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ വാക്കുകൾ ശ്രദ്ധയിൽപെടുത്തിയപ്പോൾ മതവത്കരണ പരിപാടിയിൽ വി.സിമാർ പങ്കെടുക്കരുതെന്നാണ് പാർട്ടിയുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.