സ്വകാര്യ സർവകലാശാലകളിൽ വി.സി പരമാധികാരി; പൊതു സർവകലാശാലയിൽ മന്ത്രി

തിരുവനന്തപുരം : നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലുകളിൽ ഒന്നിൽ വി.സി മാർക്ക് പരമാധികാരവും, മറ്റൊന്നിൽ വി.സി മാരുടെ അധികാരങ്ങൾ വെട്ടിക്കുറക്കലും. ചാൻസലറായ ഗവർണർക്കുള്ള പരിമിതമായ അധികാരങ്ങളക്കാളേറെ അധികാരങ്ങൾ പുതുതായി പ്രോ ചാൻസലറായ മന്ത്രിക്ക് ബില്ലിൽ നൽകിയിരിക്കുന്നുവെന്നാണ് ആക്ഷേപം.

സ്വകാര്യ സർവകലാശാലകളിൽ വി.സി സർവകലാശാലയുടെ പരമാധികാരിയാകുമ്പോൾ സംസ്ഥാനത്തെ പൊതു സർവകലാശാലകളിലെ വിസി യുടെ അധികാരം പൂർണമായും വെട്ടിക്കുറച്ച് സിന്റിക്കേറ്റിനും, പി.വി.സി ക്കും രജിസ്ട്രാർക്കുമായി വീതിച്ചു നൽകിയിരിക്കുകയാണ്. ചാൻസലർ കൂടിയായ ഗവർണർക്ക് സർവകലാശാലകളുടെ ദൈനംദിന ഭരണകൃത്യങ്ങളിൽ ഇടപെടാൻ വ്യവസ്ഥ ഇല്ലാതിരിക്കെ, നിലവിലെതിന് വ്യത്യസ്തമായി പ്രോ ചാൻസറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദീകരണം തേടാനും, തുടർന്ന് മന്ത്രി നൽകുന്ന നിർദേശങ്ങൾ സർവകലാശാല പാലിക്കുവാനും പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

വിദ്യാഭ്യാസ മന്ത്രിക്ക് സെനറ്റ് യോഗങ്ങളിലും ബിരുദാന ചടങ്ങുകളിലും അധ്യക്ഷത വഹിക്കുവാനും, സർവകലാശാലകളുടെയും കോളജുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക് പ്രോഗ്രാമുകൾ, പരീക്ഷ നടത്തിപ്പുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച് മന്ത്രിക്കോ മന്ത്രി ചുമതലപ്പെടുത്തുന്ന ആൾക്കോ സർവകലാശാലയിൽ അന്വേഷണം നടത്താനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

ചാൻസലർക്ക് ലഭിച്ചിട്ടില്ലാത്ത അധികാരങ്ങളാണ് മന്ത്രിക്ക് പുതുതായി വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ സ്വകാര്യ സർവകലാശാലകളിൽ ഇത്തരം ഇടപെടലുകൾ ഒഴിവാക്കി വി.സിക്ക് ഭരണ-അക്കാദമിക് വിഷയങ്ങളിൽ പരമാധികാരം നൽകുന്നതിൽ സർക്കാരിന് വിയോജിപ്പില്ല.

വി.സിയുടെ തീരുമാനങ്ങളിൽ സിൻഡിക്കേറ്റിന് വിയോജിപ്പുണ്ടായാൽ അന്തിമ തീരുമാനമെടു ക്കാനുള്ള ചാൻസിലറായ ഗവർണറുടെ നിലവിലെ അധികാരവും എടുത്തു മാറ്റി. സ്വകാര്യ സർവകലാശാലകളിലും പൊതു സർവകലാശാലകളിലുമുള്ള വി.സി മാരുടെ അധികാരങ്ങളിൽ ഒരേ സമയം വ്യത്യസ്ത നിലപാടുകൾ ബില്ലുകളിൽ വ്യവസ്ഥ ചെയ്യുന്നതിലെ അനൗചിത്യം അക്കാദമിക് രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags:    
News Summary - VC Sovereign in Private Universities; Minister at Public University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.