വാസുണ്ണിയും സുലൈഖയും 

ശരശയ്യയിലും അവര്‍ യാത്രയിലാണ് സുമനസുകളുടെ കണ്ണീര്‍ തുടക്കാന്‍

കൂറ്റനാട്: ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടെ ജീവിതത്തിലേറ്റ തിരിച്ചടി അതൊരു കാരുണ്യ പ്രവര്‍ത്തനത്തിന് വഴിവെക്കുമെങ്കില്‍ അതില്‍ ആനന്ദം കൊള്ളുകയാണ് സഹയാത്രിയിലെ തലമുതിര്‍ന്ന രണ്ട്പേര്‍. 38 വർഷം മുന്നെ ട്രക്കിടിച്ചു ചലനശേഷി നശിച്ച വാസുണ്ണി പട്ടാഴിയും 32 വര്‍ഷം മുന്നെ വീഴ്ചയിൽ അരക്ക് താഴെ തളർന്ന സുലൈഖ പറക്കാടുമാണ് ജീവകാരുണ്യ പ്രവര്‍ത്തിക്കായി തിങ്കളാഴ്ച വിദേശത്തേക്ക് പുറപ്പെട്ടത്.

എണീറ്റിരിക്കാനോ അനങ്ങാനോ പരാശ്രയം വേണ്ടവർ ഏത് സഹനവും ഏറ്റെടുക്കാമെന്ന നിശ്ചയദാർഢ്യത്തോടെയാണ് യാത്ര തിരിക്കുന്നത്. ശയ്യാവ്രണങ്ങളും മരുന്നും ദീനപീഢകളും പരാശ്രയവും കൊണ്ട് കട്ടിലിലും ചക്രക്കസേരയിലും തള്ളിനീക്കിയ മൂന്നു പതിറ്റാണ്ടുകാലത്തെ സഹനജീവിതത്തിന്റെ നേരനുഭവങ്ങളാണ് അവരെ ഇത്തരമൊരു യാത്രക്ക് പ്രചോദനമാക്കിയത്.

ഭിന്നശേഷിക്കാരുടെ ജീവൽ പ്രശ്നങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന കൂറ്റനാടു സഹയാത്രയുടെ ഭരണസമിതി അംഗങ്ങളാണ് ഇരുവരും. ഇവരേപ്പോലുള്ളവർക്ക് കൂടിയിരിക്കാനും, ഫിസിയോ തെറാപ്പിക്കും അതിജീവനത്തിനുമായി ഒരു കെട്ടിടം എന്ന ലക്ഷ്യത്തിന്റെ സാക്ഷാത്ക്കാരത്തിൽ ഭാഗമാവുകയാണ് ഇവരും.

9000 സ്ക്വയർ ഫീറ്റോളം വരുന്ന കെട്ടിടം ആധുനിക ഫിസിയോ തെറാപ്പിയിലൂടെ തലമുറകൾക്ക് ഉപകാരപ്പെടും വിധമാണ് രൂപകൽപന ചെയ്തിട്ടുള്ളത്. സഹയാത്രയുടെ പ്രവർത്തനവും ലക്ഷ്യവും യു.എ.ഇ എമിറേറ്റ്സുകളിലെ പ്രവാസി മലയാളികൾക്കിടയിൽ എത്തിക്കുക, അവരെയും സഹയാത്രികരാക്കുക എന്നതാണ് ഇവരുടെ യാത്രാലക്ഷ്യം.

ഭിന്നശേഷിക്കാരുടെ അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന വീൽ ചെയർ റൈറ്റ് ഫെഡറേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് വാസുണ്ണി. സുലൈഖ ജില്ലാ സെക്രട്ടറിയുമാണ്. സഹയാത്രയുടെ രക്ഷാധികാരിയായ ഷാജി പി കാസ്മിയാണ് വിസയും സൗകര്യവുമൊരുക്കുന്നത്. സഹയാത്ര നിർവാഹക സമിതിയംഗങ്ങളായ റിട്ട. കമാൻഡന്റ് ഒ. ഗോവിന്ദൻകുട്ടിയും ഗോപിനാഥ് പാലഞ്ചേരിയും ഇവര്‍ക്കൊപ്പമുണ്ട്.

Tags:    
News Summary - Vasunni and Sulaikha to Gulf visit for Help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.