ദിവ്യ
തൃശൂർ: വരന്തരപ്പിള്ളിയിൽ യുവതിയുടെ കൊലപാതകത്തിന് കാരണമായത് മറ്റൊരാളുമായി ബന്ധമുണ്ടോയെന്ന ഭർത്താവിന്‍റെ സംശയം. കുടുംബപ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രതി ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീടാണ് മറ്റൊരാളുമായി ബന്ധമുണ്ടോയെന്ന സംശയമാണ് കൊലക്ക് കാരണമായതെന്ന് വെളിപ്പെടുത്തിയത്. വേലൂപ്പാടം വെട്ടിങ്ങപ്പാടം സ്വദേശിനി ദിവ്യയാണ് (36) ശനിയാഴ്ച കൊല്ലപ്പെട്ടത്. കേസിൽ ഭർത്താവ് കണ്ണാറ കരടിയള തെങ്ങനാൽ കുഞ്ഞുമോൻ (45) ആണ് അറസ്റ്റിലായിരിക്കുന്നത്. ദിവ്യയെ പ്രതി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
നെഞ്ചുവേദന വന്ന് ദിവ്യ മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളോടും അയൽക്കാരോടും പറഞ്ഞിരുന്നത്. മൃതദേഹം ഫ്രീസറിലേക്കു മാറ്റുകയും ചെയ്തിരുന്നു. എന്നാൽ, 36കാരി നെഞ്ചുവേദന വന്ന് മരിച്ചെന്നതിൽ അസ്വാഭാവികത സംശയിച്ച പൊലീസ് വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. ബന്ധുക്കളിൽ ചിലരും സംശയം പ്രകടിപ്പിച്ചു. ഞായറാഴ്ച രാവിലെ വീട്ടിൽ പൊലീസെത്തി മൃതദേഹം പരിശോധിച്ചപ്പോൾ ദേഹത്ത് പാടുകള്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് കുഞ്ഞുമോനെ കസ്റ്റഡിയിലെടുത്തു.
ചോദ്യംചെയ്യലിൽ കുഞ്ഞുമോൻ ആദ്യം കുറ്റകൃത്യം സമ്മതിച്ചിരുന്നില്ല. കഥകൾ മാറ്റിപ്പറഞ്ഞെങ്കിലും ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലക്കിടയാക്കിയതെന്ന് ഒടുവിൽ വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ജോലിക്ക് പോകുന്ന ദിവ്യ മറ്റൊരാളുമായി ബൈക്കിൽ പോകുന്നത് കണ്ടെന്ന് കുഞ്ഞുമോൻ പൊലീസിനോട് പറഞ്ഞു. തുടർന്ന് വീട്ടിൽ വെച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നായിരുന്നു കൊലപാതകം. പ്രതിയെ വിശദമായി ചോദ്യംചെയ്യുകയാണ്.
പോസ്റ്റുമോർട്ടത്തിൽ ദിവ്യയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. കുഞ്ഞുമോനും ദിവ്യക്കും 11 വയസ്സുള്ള മകനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.