രു-ഗാന്ധി സമാഗമ സ്മാരക മ്യൂസിയം ഗാന്ധിജിയുടെ പൗത്രൻ തുഷാർ ഗാന്ധി മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നു
വർക്കല: നൂറ്റാണ്ട് മുമ്പ് മഹാത്മാഗാന്ധി ശ്രീനാരായണഗുരുവിനെ സന്ദർശിച്ച് സംവാദം നടത്തിയ ശിവഗിരിയിലെ വനജാക്ഷി മന്ദിരം ഇനി ഗുരു-ഗാന്ധി സമാഗമ സ്മാരക മ്യൂസിയം. ഗാന്ധിജിയുടെ പൗത്രൻ തുഷാർ ഗാന്ധി മ്യൂസിയം ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയെയും സംഘത്തെയും ശ്രീനാരായണഗുരു സ്വീകരിച്ചിരുത്തിയത് ശിവഗിരി വലിയ തുരപ്പിന് സമീപത്തെ വനജാക്ഷി മന്ദിരത്തിലായിരുന്നു.
ഗുരുവും മഹാത്മജിയും തമ്മിൽ കണ്ടതും ഗുരു ഗാന്ധിയെ സ്വീകരിച്ചാനയിച്ചതും ഇരുവരും ഒരുമിച്ചിരിക്കുന്നതും സംസാരിക്കുന്നതും ഉൾപ്പെടെയുള്ള നാൽപതോളം പെയിന്റിങ്ങുകളാണ് മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.
മ്യൂസിയത്തിലെ പോർട്ടിക്കോവിലെ റിബൺ മുറിച്ച് അകത്തുകടന്ന തുഷാർ ഗാന്ധി പെയിന്റിങ്ങുകൾ നോക്കിക്കണ്ടു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ എന്നിവർ പെയിന്റിങ്ങുകളിലെ സന്ദർഭങ്ങൾ തുഷാർ ഗാന്ധിക്ക് വിശദീകരിച്ചുകൊടുത്തു.
വർക്കല: ശ്രീനാരായണ ഗുരുവിന്റെ ‘ദൈവദശകം’ ഗുജറാത്തിയിലേക്ക് സ്വയം പരിഭാഷപ്പെടുത്തിയത് ചൊല്ലിക്കൊണ്ടാണ് തുഷാർ ഗാന്ധി മഹാത്മാഗാന്ധി -ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷ സമ്മേളനത്തിലെ പ്രസംഗം ആരംഭിച്ചത്. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു.
ഭാരത ചരിത്രത്തിലെ ശ്രദ്ധേയമായ ഒന്നാണ് ശിവഗിരിയിലെ ഗുരു-ഗാന്ധി സമാഗമമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സത്യം ദൈവമാണെന്ന് പറഞ്ഞ് സത്യനിഷ്ഠനായി ജീവിച്ച മഹാത്മാവാണ് ഗാന്ധി. ഗുരു സത്യദർശിയും ഗാന്ധി സത്യാന്വേഷിയുമായിരുന്നു. ശിവഗിരി സന്ദർശനത്തിൽ ശ്രീനാരായണ ഗുരു ഗാന്ധിയിലെ ജാതി, മത വിഷയങ്ങളിൽ പല തിരുത്തലുകളും ഉണ്ടാക്കി. ദൈവം ഏകമാണെന്ന ദർശനമാണ് ഗുരുവിലും ഗാന്ധിയിലും ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ‘മദ്യലഹരി വിമുക്ത സമൂഹ സൃഷ്ടി’ വിഷയത്തിൽ നടന്ന ചർച്ചയിൽ എം.ജി യൂനിവേഴ്സിറ്റി ഗാന്ധി ചെയർ മുൻ ഡയറക്ടർ എ.പി. മത്തായി,കേരള ഗാന്ധി സ്മാരകനിധി പ്രതിനിധി ഗോപാലകൃഷ്ണൻ, പ്രവാസി വ്യവസായി കെ.ജി. ബാബുരാജൻ, പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂനിയൻ സെക്രട്ടറി അജി എസ്.ആർ.എം, ശ്യാംപ്രഭു യു.എ.ഇ, ഗുരുധർമ പ്രചാരണ സഭാ രജിസ്ട്രാർ കെ.ടി. സുകുമാരൻ, ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ പ്രചാരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി എന്നിവർ സംസാരിച്ചു.
വർക്കല: മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവുമായി സംവദിച്ചതിന്റെ ശതാബ്ദി ആേഘാഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ഏകലോക സങ്കൽപ സന്ദേശയാത്ര നടത്തി. രാഷ്ട്രപിതാവിനും ഗുരുവിനും ഉണ്ടായിരുന്ന ഏകലോക ദർശനത്തെ അനുസ്മരിച്ചായിരുന്നു സന്ദേശയാത്ര.
ശിവഗിരി സന്ദർശിക്കാനെത്തിയ മഹാത്മജിയെ ശ്രീനാരായണ ഗുരു സ്വീകരിച്ചാനയിച്ചത് ശിവഗിരിക്ക് സമീപത്തെ വനജാക്ഷി മന്ദിരത്തിലായിരുന്നു. അവിടെനിന്നുമാണ് ഗാന്ധിയും സംഘവും ഗുരുവും അനുയായികളും ശിവഗിരിയിലേക്ക് പോയത്. ഇതുകൂടി പരിഗണിച്ചാണ് വനജാക്ഷി മന്ദിരത്തിൽനിന്നു കാൽനടയായി പ്രമുഖരുൾപ്പെടെ നൂറോളം പേർ അണിനിരന്ന ഏകലോക സങ്കൽപ സന്ദേശയാത്ര നടന്നത്.
ഗാന്ധിജി-ഗുരു കൂടിക്കാഴ്ചയുടെ പുനരാവിഷ്കാരവും സംഘടിപ്പിച്ചിരുന്നു. ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ, മുൻ എം.എൽ.എ വർക്കല കഹാർ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ഭാരവാഹികളായ സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അസംഗാനന്ദ ഗിരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂനിയൻ സെക്രട്ടറി എസ്.ആർ.എം അജി തുടങ്ങിയവരുൾപ്പെടെ നൂറോളം ഗുരു, ഗാന്ധി അനുയായികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.