??????????? ???????????? ???????? ??.??.??.?? ??????

വാൽപ്പാറ പുലിഭീതിയിൽ; നഗരത്തിലൂടെ വിലസുന്ന പുലിയുടെ ദൃശ്യങ്ങൾ പുറത്ത്

അതിരപ്പിള്ളി: മലക്കപ്പാറയുടെ അയൽപ്രദേശവും വിനോദസഞ്ചാര കേന്ദ്രവുമായ വാൽപ്പാറ പുലിഭീതിയിൽ. രാത്രിയിൽ വാൽപ്പാറ നഗരമധ്യത്തിലൂടെ നിർഭയം വിലസുന്ന പുലിയുടെ ദൃശ്യങ്ങൾ  സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂടി. പുലിയുടെ ആക്രമണത്തിൽ ഏതാനും ദിവസങ്ങളായി 10ലേറെ കന്നുകാലികളാണ്​ കൊല്ലപ്പെട്ടത്​.


തോട്ടംമേഖലയായ ഇവിടെ സമീപകാലത്ത് ഒരു വീട്ടമ്മയെ പുലി കൊലപ്പെടുത്തിയിരുന്നു. നേരത്തേ തന്നെ പട്ടാപ്പകൽ കാട്ടാനകളുടെ സാന്നിധ്യം ഏറെയുള്ള മേഖലയാണിത്. ലോക്ഡൗണിനെ തുടർന്ന് ഗതാഗതവും ആൾസഞ്ചാരവും കുറഞ്ഞതാണ് മേഖലയില്‍ പുലികൾ വിഹരിക്കാൻ കാരണമായതെന്നാണ് കരുതപ്പെടുന്നത്. ഇഞ്ചിപ്പാറ, മോണിക്ക്, നല്ലമുടി, കരിമല തുടങ്ങിയ ഭാഗങ്ങളിലാണ് നിരവധി കന്നുകാലികളെ പുലി കൊന്നത്. പരാതിയെ തുടർന്ന് വനപാലകരും പൊലീസും വിവിധ ഭാഗങ്ങളിൽ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലാണ് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇതോടെ ജനവാസ മേഖലകളില്‍ സ്ഥിരമായി പുലികളിറങ്ങുന്നത് സംശയാതീതമായി തെളിഞ്ഞിരിക്കുകയാണ്. എന്നാൽ, പുലികള്‍ ഇതുവരെയും മനുഷ്യരെ ഉപദ്രവിച്ചിട്ടില്ല എന്നാണ് വനപാലകരുടെ ന്യായം.

മൊബൈല്‍ ഫോണില്‍ പകർത്തിയ ദൃശ്യം
 

കഴിഞ്ഞ ദിവസം വാല്‍പ്പാറ ഗാന്ധിതലൈ ഭാഗത്തുള്ള സഹകരണ ബാങ്കിന് സമീപം പുലി പൊന്തക്കാട്ടിൽ ഒളിക്കുന്ന ദൃശ്യം പ്രദേശവാസി മൊബൈല്‍ ഫോണില്‍ പകർത്തി വനപാലകർക്ക് നൽകുകയുണ്ടായി. പുലിയെ പിന്നീട് കണ്ടെത്താൻ സാധിച്ചില്ല. എങ്കിലും വനപാലകര്‍ പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഈ മേഖലയില്‍ കുട്ടികളെ പുറത്തിറക്കരുതെന്നും ആരും ഒറ്റക്ക് യാത്ര ചെയ്യരുതെന്നും വളര്‍ത്തുമൃഗങ്ങളെ സൂക്ഷിക്കണമെന്നും വനപാലകര്‍ നിർദേശം നൽകി.  പ്രദേശവാസികൾക്ക് ജീവഹാനി സംഭവിക്കുംമുമ്പ് പുലികളെ പിടിക്കാന്‍ നടപടിയെടുക്കണമെന്നും ഉടന്‍ കൂടുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - valparai in leopard fear-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.