തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർ നന്ദികേട് കാണിച്ചുവെന്ന എം.എം മണിയുടെ അധിക്ഷേപ പരാമർശത്തെ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. എം.എം. മണി അങ്ങനെ പറായൻ പാടില്ലായിരുന്നുവെന്ന് ശിവൻകുട്ടി പ്രതികരിച്ചു.
എം.എം. മണി തൊഴിലാളി വർഗത്തിന്‍റെയും സി.പി.എമ്മിന്‍റെയും നേതാവാണ്. സമര പോരാട്ടങ്ങളിലൂടെ വളർന്നുവന്ന ആളായ അദ്ദേഹം ചെറിയ പരാജയത്തിന്‍റെ പേരിൽ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗത്തെ അധിക്ഷേപിക്കാൻ പാടില്ല. അത് സി.പി.എമ്മിന്‍റെ നയമല്ലെന്നും വി. ശിവൻകുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് വോട്ടർമാർ നന്ദികേട് കാണിച്ചുവെന്ന അധിക്ഷേപ പരാമർശവുമായി എം.എം മണി എം.എൽ.എ രംഗത്തെത്തിയത്. ‘ഒന്നാന്തരം പെന്‍ഷന്‍ വാങ്ങി നല്ല ഒന്നാന്തരമായി തിന്നിട്ട് എതിർ വോട്ട് ചെയ്തു’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ട് ജനങ്ങൾ നന്ദികേട് കാട്ടി.
കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രക്ക് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ സർക്കാറില്ല. അതെല്ലാം വാങ്ങി ഭംഗിയായി ശാപ്പാട് അടിച്ചിട്ട് നല്ല ഭംഗിയായി നമുക്കിട്ട് വെച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പരിപാടികള്‍ക്കും വോട്ട് കിട്ടുമെങ്കില്‍ ഒരു കാരണവശാലും ഇടത് മുന്നണിയെ പരാജയപ്പെടുത്തില്ല.
അതിനുമാത്രം ക്ഷേമപ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇടുക്കി പോലുള്ള സ്ഥലത്ത് ഭൂപതിവ് ചട്ട ഭേദഗതി നടത്തിയിട്ടും ഇത്രയും വലിയ പരാജയം തങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്തതാണ്- എം.എം മണി കൂട്ടിച്ചേർത്തു.
വിദ്വേഷ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെ തിരുത്തുമായി എം.എം. മണി രംഗത്തെത്തി. അധിക്ഷേപ പരാമർശം തെറ്റെന്ന പാർട്ടി നിലപാട് അംഗീകരിക്കുന്നുവെന്ന് എം.എം. മണി പ്രതികരിച്ചു. ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞ നിലപാടാണ് പാർട്ടിയുടെയും തന്‍റേയും നിലപാട്. ഇന്നലത്തെ സാഹചര്യത്തിലാണ് അത്തരത്തിൽ പ്രതികരിച്ചു എന്നേയുള്ളൂ. ഒരു വികാരത്തിൽ പറഞ്ഞതാണ്. ഒരുപാട് വികസനം ചെയ്തിട്ടും അത്തരത്തിൽ ഒരു വിധി വന്നപ്പോഴാണ് താൻ പ്രതികരിച്ചത്. പരാമർശം തിരുത്താൻ ആരും ആവശ്യപ്പെട്ടിട്ടില്ല.
കെ. കരുണാകരും എ.കെ. ആന്‍റണിയും ഉമ്മൻചാണ്ടിയും ഭരിച്ചപ്പോഴും ജനങ്ങളും ജനങ്ങളുടെ അവകാശങ്ങളും ഉണ്ടായിരുന്നു. എന്നാൽ, ജനങ്ങളുടെ അവകാശം അന്ന് നടന്നില്ല. അതിന് വ്യത്യസ്തമായി അധികാരത്തിൽ വന്ന എല്ലാ എൽ.ഡി.എഫ് സർക്കാരുകൾ ചെയ്ത ക്ഷേമ പ്രവർത്തനങ്ങൾ മറ്റൊരു സർക്കാരും ചെയ്തിട്ടില്ല.
'രാഷ്ട്രീയ പ്രവർത്തകരോ ഞാനോ സ്വർഗരാജ്യം കിട്ടാനല്ല പ്രവർത്തിക്കുന്നത്. എനിക്കൊരു രാഷ്ട്രീയ വീക്ഷണമുണ്ട്. സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. അതിന്‍റെ അടിസ്ഥാനത്ത് എന്‍റെ പാർട്ടിക്ക് ഒരു കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. യു.ഡി.എഫ് സർക്കാർ നടപ്പാക്കാത്ത വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും നടപ്പാക്കിയതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പങ്ക് നിസാരമാണോ' - എം.എം. മണി ചോദിച്ചു.
'പരാമർശത്തെ കുറിച്ച് സി.പി.ഐ എന്ത് പറഞ്ഞുവെന്നത് തന്‍റെ വിഷയമല്ല. പാർട്ടി നേതൃത്വം പറഞ്ഞതിനെ 100 ശതമാനം അംഗീകരിക്കുന്നു. താൻ അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല എന്നാണ് തോന്നുന്നത്. തന്‍റെ പരാമർശശം നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കില്ല' -എം.എം. മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.