മന്ത്രി തോമസ് ഐസക് വീട്ടിലെത്തി ജോയ് സെബാസ്റ്റ്യനെ അഭിനന്ദിക്കുന്നു
കൊച്ചി: ഇന്ത്യയുടെ ഔദ്യോഗിക ആപ്പായി കേരളം സമ്മാനിച്ച വി-കൺസോൾ ഈ സാമ്പത്തികവർഷം 10 ലക്ഷം ഉപയോക്താക്കളെ ലക്ഷ്യമിട്ട് അടുത്ത മാസം വിപണിയിലെത്തും. കോവിഡ് കാലത്ത് വിഡിയോ കോൺഫറൻസ് (വി.സി) സംവിധാനം ഏറ്റവുമധികം ആവശ്യമുള്ള ഓൺലൈൻ അധ്യയനത്തിലും ടെലിമെഡിസിനിലുമായിരിക്കും വി-കൺസോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആപ് വികസിപ്പിച്ച ചേർത്തല ഇൻഫോപാർക്ക് ഐ.ടി കമ്പനിയായ ടെക്ജെൻഷ്യ സോഫ്റ്റ്വെയർ ടെക്നോളജീസ് (ടി.എസ്.ടി) സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ പറഞ്ഞു.
സ്വദേശി വി.സി ആപ് വേണമെന്ന ലക്ഷ്യത്തോടെ കേന്ദ്ര ഇലക്േട്രാണിക്സ്-ഐടി വകുപ്പ് നടത്തിയ ഗ്രാൻഡ് ഇന്നവേഷൻ ചലഞ്ചിൽ രണ്ടായിരത്തോളം കമ്പനികളെ പിന്തള്ളി നേട്ടം കൈവരിച്ചതാണ് വി-കൺസോൾ.
ലോകത്തിലെ ഏറ്റവും മികച്ച വിഡിയോ കോൺഫറൻസ് ആപ്പുകളായ സൂമിനും ഗൂഗിൾ മീറ്റിനും വെല്ലുവിളി ഉയർത്തിയ ആപ് പിറവിയെടുത്തത് ചേർത്തല പള്ളിപ്പുറം എന്ന ഗ്രാമത്തിലെ ഇൻഫോപാർക്കിലാണ്.
ഒരേസമയം 80 പേർക്ക് പങ്കെടുക്കാനും 300 പേർക്ക് വീക്ഷിക്കാനും കഴിയുന്ന വി-കൺസോൾ തൽക്കാലത്തേക്ക് ചെറിയ ഫീസോടെയായിരിക്കും വിപണിയിലെത്തുക. വികസിപ്പിക്കാനും വിപണനത്തിനുമുള്ള ചെലവിനുവേണ്ടിയാണ് ഫീസ് ഈടാക്കുന്നത്. ആദ്യ ആഴ്ച സൗജന്യമായി ഉപയോഗിക്കാൻ അവസരമുണ്ടാകും. തൃപ്തികരമെങ്കിൽ മാത്രം പിന്നീട് ഫീസ് നൽകി ഉപയോഗിച്ചാൽ മതി. മലയാളമടക്കം എട്ട് പ്രധാന ഇന്ത്യൻ ഭാഷകളിൽ ആപ് ലഭിക്കും.
ലോകത്തിെൻറ ഏത് കോണിലുമുള്ളവർക്കും വി-കൺസോൾ ലഭ്യമാക്കാനുള്ള നിക്ഷേപവും വിഭവശേഷിയും കണ്ടെത്താനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 12ന് ആരംഭിച്ച ചലഞ്ചിൽ ഇനി മുന്നോട്ടുപോകാനാവില്ലെന്ന് പലപ്പോഴും തങ്ങൾക്ക് തോന്നിയിരുെന്നന്നും എന്നാൽ കമ്പനിയിലെ 65 ജീവനക്കാർക്കും ജയിക്കണമെന്ന വാശിയായിരുെന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നവേഷൻ ചലഞ്ചിൽ ഒന്നാമതെത്തിയതിന് ഒരു കോടി രൂപ കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്.
കേന്ദ്രസർക്കാർ ഓഫിസുകളിൽ ഇനി വി-കൺസോൾ ആയിരിക്കും ഔദ്യോഗിക വി.സി ആപ്. ഇതിനാവശ്യമായ സാങ്കേതിക പിന്തുണ കമ്പനി നൽകും. മൂന്നു വർഷത്തേക്കായിരിക്കും കേന്ദ്രസർക്കാറുമായി കരാറിലേർപ്പെടുന്നത്. ഓരോ വർഷവും മെയിൻറനൻസ് ഗ്രാൻഡ് എന്ന നിലയിൽ 10 ലക്ഷം രൂപ കേന്ദ്രം നൽകും.
വിവരസാങ്കേതികവിദ്യയെ ഇടത്തരം, ചെറുകിട പട്ടണങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമം ഫലം കണ്ടുതുടങ്ങിയെന്നാണ് വി-കൺസോളിെൻറ വിജയം തെളിയിക്കുന്നതെന്ന് കേരള ഐ.ടി പാർക്ക്സ് സി.ഇ.ഒ പി.എം. ശശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.