ഉത്ര വധക്കേസിൽ സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിൽ

കൊല്ലം: ഉത്ര വധക്കേസിൽ ഒന്നാംപ്രതി സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിൽ. അടൂരിലുള്ള ഇവരുടെ വീട്ടിലെത്തിയാണ് ക്രൈബ്രാഞ്ച് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീധന നിരോധനനിയമം അനുസരിച്ചാണ് അറസ്റ്റ്. സൂരജിന്‍റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പുനലൂർ കോടതിയിൽ ഇന്നുതന്നെ ഹജരാക്കുമെന്ന് ക്രൈബ്രാഞ്ച് അറിയിച്ചു. രണ്ടുപേരെയും സ്ത്രീധന നിരോധനനിയമം അനുസരിച്ച് കേസിൽ പ്രതി ചേർത്തിരുന്നു.

ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ആദ്യ കുറ്റപത്രത്തിൽ ഇവരെ ഒഴിവാക്കിയിരുന്നു. എന്നാൽ ഗാർഹിക പീഡനം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചുള്ള രണ്ടാമത്തെ കുറ്റപത്രത്തിൽ രേണുകയെയും സൂര്യയെയും സൂരജിന്‍റെ അച്ഛൻ സുരേന്ദ്രനെയും പ്രതിചേർത്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് നാലുതവണ രേണുകയെയും സൂര്യയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. സൂരജിന് പാമ്പിനെ നൽകിയ പാമ്പുപിടുത്തക്കാരൻ സുരേഷ്, തെളിവു നശിപ്പിക്കാൻ കൂട്ടുനിന്ന സൂരജിന്‍റെ പിതാവ് സുരേന്ദ്രൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

ഫെബ്രുവരി 26നാണ് മാനസിക ആരോഗ്യ പ്രശ്‌നങ്ങളുള്ള ഉത്രയെ കൊല്ലാനായി ഭർത്താവ് സൂരജ് പാമ്പുപിടുത്തക്കാരനായ സുരേഷിൽ നിന്ന് അണലിയെ വാങ്ങിയത്. ഉത്രയുടെ വീട്ടിൽ വച്ച് കിടന്നുറങ്ങുമ്പോൾ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.