കൊച്ചി: സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ അവരുടെ താൽപര്യത്തിനെതിരെ വിനിയോഗിക്കുന്നത് ഗൗരവത്തോടെ കാണണമെന്ന് ഹൈകോടതി. ചവറയിലെ കെ.എം.എം.എൽ കമ്പനിയിൽ രാത്രിയും പകലും ഡ്യൂട്ടി ചെയ്യേണ്ടിവരുന്ന സേഫ്ടി ഒാഫിസർ തസ്തികയിലേക്ക് പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വിജ്ഞാപനം സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ കമ്പനി എം.ഡി നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളി.
രാത്രിയും പകലും പ്രവർത്തിക്കേണ്ട തസ്തികകളിൽ സ്ത്രീകളെ നിയോഗിക്കരുതെന്ന ഫാക്ടറി നിയമത്തിലെ സെക്ഷൻ-66 (ഒന്ന്) (ബി) പ്രകാരമാണ് വിജ്ഞാപനം ഇറക്കിയതെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാൽ, നിയമത്തിൽ ഇത്തരമൊരു വ്യവസ്ഥ ഉൾപ്പെടുത്തിയത് സ്ത്രീകളുടെ അവസരം നിഷേധിക്കാനല്ല, മറിച്ച് സുരക്ഷ ഉറപ്പാക്കാനാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഏതുനേരത്തും തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴിലുടമയാണെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് കോടതി ശരിവെച്ചു. ഇത് നടപ്പാക്കാത്തപക്ഷം തൊഴിൽ മേഖലയിൽ അദൃശ്യമായ തടസ്സങ്ങളിൽ അവർ എന്നും കുടുങ്ങിക്കിടക്കേണ്ടിവരും. സ്റ്റേ നിഷേധിച്ചെങ്കിലും കേസിലെ നിയമപ്രശ്നം പരിഗണിക്കാൻ അപ്പീൽ ഫയലിൽ സ്വീകരിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസ് നൽകാനും നിർദേശിച്ചു. കെ.എം.എം.എൽ കമ്പനിയിലെ സേഫ്ടി ഒാഫിസർ തസ്തികയിലേക്ക് പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വിജ്ഞാപനത്തിനെതിരെ കൊല്ലം ശക്തികുളങ്ങര സ്വദേശിനിയായ ട്രീസ ജോസഫൈൻ നൽകിയ ഹരജിയിലാണ് ഏപ്രിൽ 16ന് സിംഗിൾ ബെഞ്ച് ഇൗ വിജ്ഞാപനം റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.